Image

കേരളത്തിലെ കോളേജുകള്‍ കത്തികുത്തിനുള്ള കാലിതൊഴുത്തോ? (കാരൂര്‍ സോമന്‍)

Published on 13 July, 2019
കേരളത്തിലെ കോളേജുകള്‍ കത്തികുത്തിനുള്ള കാലിതൊഴുത്തോ? (കാരൂര്‍ സോമന്‍)
കേരള സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്രിയാത്മകമായി യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോട് പ്രതികരിച്ചത് ലക്ഷ്യബോധത്തോടെ മുമ്പോട്ട് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജം പകരുന്ന വാക്കുകളാണ്.  വിദ്യഭ്യാസസ്ഥാപനങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ഠിക്കുന്ന അക്രമകൊലയാളി കൂട്ടങ്ങള്‍ ശിരസ്സു കുനിച്ചു മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഈ രാഷ്ട്രീയ പിന്തിരിപ്പന്‍മാര്‍ക്ക് മനസ്സിലാകുമോ?  പാഠപുസ്തകങ്ങളെക്കാള്‍ കത്തിയും, കഞ്ചാവും, മദ്യവും  കൊണ്ടുനടക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്  ഒരു കുടുംബത്തിന്റ, രാഷ്ട്രത്തിന്റ ഭാവി, കെട്ടുറപ്പ്  നിലനിര്‍ത്താന്‍ ഒരിക്കലും സാധ്യമല്ല.  വിദ്യാഭാസത്തിന്റ കടക്കല്‍ കത്തി വെക്കുന്ന സംഭവങ്ങളാണ് തിരുവനന്തപുരത്തു നടന്നത്.  ഇതുപോലെ പല കോളേജുകളിലും നടന്നിട്ടുണ്ട്.  പോലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്നതുപോലെ കോളേജുകളിലും    രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിലോമചിന്തകളും ഇടപെടലുകളും കത്തികുത്തുകളും നടക്കുന്നത് കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുന്നത്.  ഇതുപോലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ എന്തുകൊണ്ട് കോളേജുകളില്‍ തുടരാന്‍ അനുവദിക്കുന്നു?

തിരുവനന്തപുരം യൂണിവേഴ്‌സസിറ്റി കോളേജിലെ ഇടതിങ്ങിയ പച്ചിലച്ചാര്‍ത്തുകളും, ആകര്‍ഷകങ്ങളായ പൂക്കളും, മരങ്ങളില്‍ ചേക്കേറുന്ന പക്ഷികളും  കെട്ടിടങ്ങളുമെല്ലാം സ്‌നേഹത്തിന്റ, ജ്ഞാനത്തിന്റ കേദാരങ്ങളായിട്ടാണ് കണ്ടത്.  അവിടെ വെച്ച് എന്റെ ഒരു ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തിട്ടുണ്ട്.  ഇത്ര ശാന്തമായി നിലകൊണ്ടിരുന്ന ഒരു സ്ഥാപനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഗുണ്ടാവ്യഹം വിദ്യാര്‍ത്ഥി സംഘടനയെന്ന പേരില്‍ തമ്പടിച്ചിരിക്കുന്ന കാര്യം അധികമാരുമറിഞ്ഞിരുന്നില്ല. കലാലയങ്ങളില്‍ എത്രയോ ദാരുണമായ കൊലപാതകമടക്കം നടന്നിട്ടും രാഷ്ട്രീയ മേലാളന്മാര്‍ അധികാരത്തിലിരുന്നുകൊണ്ട് വൃദ്ധസദനങ്ങളിലെ അംഗവൈകല്യമുള്ളവരെപോലെ പെരുമാറുന്നത് കുട്ടികളെ നേര്‍വഴിക്കല്ല നടത്തുന്നത്. അഭിമന്യൂ എന്ന വിദ്യാര്‍ത്ഥി രക്തസാക്ഷിയായി ഒരു വര്ഷം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തിയിട്ടില്ല.  എങ്ങും ഗുഡാലോചനകള്‍. രാഷ്ട്രീയ തന്ത്രങ്ങള്‍. രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി കുട്ടികളെ തെരുവിലിറക്കുന്ന പ്രവണത സര്‍വ്വനാശത്തിലേക്കെന്ന്  രാഷ്ട്രീയപാര്‍ട്ടികള്‍ എന്താണ് തിരിച്ചറിയാത്തത്? 

കോളേജ് ക്യാമ്പസുകളില്‍ കത്തിക്കുത്ത്, കൊലപാതകങ്ങള്‍  നടത്തുന്നത് വിശക്കുന്നുവെന്റ് വയര്‍ നിറക്കാനല്ല അതിലുപരി അധികാരികളുടെ വിശപ്പ് മാറ്റാനാണ്.  അത് വിഡ്ഢികളായ കുട്ടികള്‍ തിരിച്ചറിയുന്നില്ല. കേരളത്തിലെ ക്ലാസ്സ്മുറികളിലിരിന്നു പഠിക്കേണ്ട കുട്ടികള്‍ ക്ലാസ്സ്കുകള്‍ മാറ്റിവെച്ചിട്ട് സര്‍ക്കാരിന്റ സമരങ്ങളില്‍  പങ്കാളികളാകുക,  പോലീസിനെ കല്ലെറിയുക തല്ലുകൊള്ളുക, പഠനമുറികള്‍ ഇടിമുറികളാക്കുക, അവിടെ നിന്നും വെട്ടുകത്തികളും, മദ്യകുപ്പികളും കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ കേരളത്തില്‍ നിന്നും പഠിച്ചുപോയിട്ടുള്ള വിദേശ മലയാളികളടക്കമുള്ളവര്‍ക്കു നാണക്കേട് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികൃതവും ഭയാനകവും അപഹാസ്യവുമാക്കുന്നതായി തോന്നുന്നു. ഈ ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികളെ വാര്‍ത്തെടുക്കാനാണോ കോളേജുകള്‍?  കോളേജില്‍ രാഷ്ട്രീയ ഗുണ്ടകള്‍ക്കതിരെ നടപടി എടുക്കേണ്ട,  വിലപ്പെട്ട ഇടപെടലുകള്‍ നടത്തേണ്ട കോളേജ് അധികാരികള്‍ ഇതൊന്നും അറിയുന്നില്ലേ?  നമ്മുടെ മഹാത്മാഗാന്ധി, നെഹ്‌റു, വി.കെ.കൃഷ്ണമേനോന്‍, രവീന്ദ്രനാഥ് ടാഗോര്‍. ഡോ.എച്.ജെ.ഭാഭാ, രാമാനുജന്‍ തുടങ്ങിയ ധാരാളം മഹാരഥന്‍ന്മാര്‍ പഠിച്ച ഇംഗ്ലണ്ടിലെ ഓസ്‌ഫോര്‍ഡ്, കംബ്രിഡ്ജ് യൂണിവേഴ്‌സിറ്റികളെങ്കിലും നമ്മുടെ വിവേകബുദ്ധി നഷ്ടപ്പെടാത്ത വിദ്യാഭ്യാസ വിദ്വാന്മാരും, കോളേജ് പ്രിന്‍സിപ്പല്‍മാരൊക്കെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. വിദ്യാഭാസ ഗുണനിലവാരം എന്തെന്നും ഒരു കോളേജിലെ അന്തരീഷം എന്തെന്നും അവരുടെ സംസ്കാരം എന്തെന്നും പഠിക്കാന്‍ സാധിക്കും. ഇപ്പോഴു0 ധാരാളം രാജ്യങ്ങളിലെ കുട്ടികള്‍ സഹോദരതുല്യരായി ഇവിടെ പഠിക്കുന്നുണ്ട്.  സ്വന്തം നാട്ടിലെ കുട്ടികള്‍ക്കതിനാകുന്നില്ല. ഇവര്‍ എന്തിനായിട്ടാണ് പൊരുതുന്നത്?
 
കുട്ടികളെ ദേശീയബോധമുള്ളവരായി വളര്‍ത്താന്‍ ചുമതലയുള്ള ഭരണാധികാരികളും, കോളേജ് മേലാളന്മാരും കുട്ടികളെ തെറ്റായ പാതയിലേക്ക് വഴിനടത്തുന്നതിന്റ തെളിവാണ് ഇവിടുത്തെ പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍. മാധ്യമങ്ങളോട് പുറത്തു പോകു എന്നല്ലേ പറഞ്ഞുള്ളു.  ഒരു പ്രിന്‍സിപ്പാളിന് അതത്ര ഭൂഷണമായി കാണുന്നില്ല.  ഭാഷാപ്രേമികള്‍ക്ക് പ്രിന്‍സിപ്പല്‍ പറഞ്ഞത് പച്ച മലയാളം തന്നെയാണ്.  ചുരുക്കത്തില്‍ പ്രിന്‍സിപ്പളിന്റെ വാക്കുകള്‍ സംവാദം മാത്രമല്ല വിവാദവുമായി.  ചിലരൊക്കെ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ വന്ന വഴികളൊക്കെ മറക്കും. അധികമാരും പറയാത്ത  പുതിയ ശൈലിയും പദങ്ങളും ശീലങ്ങളുമൊക്കെ നമ്മളെ പഠിപ്പിക്കും.   ഒരു സംഭവം നടക്കുമ്പോള്‍  മാധ്യമങ്ങളെ അതിഥികളായി ക്ഷണിച്ചു വരുത്തേണ്ട ആവശ്യമില്ല. അവര്‍ ഒരു സത്യത്തെ കണ്ടെത്താന്‍ വരുമ്പോള്‍ അവരെ അപമാനിക്കുന്നത് അന്തസ്സിന് ചേര്‍ന്ന കാര്യമല്ല.  ഒരു തൊഴിലിനുള്ള  പരീക്ഷ പാസ്സായതുകൊണ്ട് വലിയൊരു മനസ്സിന്റ, അറിവിന്റ ഉടമയാകണമെന്നില്ല. ഇടവേളകളില്‍ ഈ കൂട്ടര്‍ അവിടുത്തെ ലൈബ്രറികളില്‍ പോയിരുന്ന് നാലക്ഷരം വായിച്ചു അറിവ് വളര്‍ത്തുന്നതും നല്ലതാണ്. വിദേശ രാജ്യങ്ങളില്‍ അദ്ധ്യാപകരും ലൈബ്രറിയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് വായിക്കാറുണ്ട്.  പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. വിഡ്ഡിയുടെ ഹൃദയം നാക്കിലും ബുദ്ധിമാന്റെ നാക്ക് ഹൃദയത്തില്‍ എന്നുമാണ്. ഒരു വിദ്യാര്‍ത്ഥി കുത്തേറ്റു കിടക്കുമ്പോള്‍ പ്രിന്‍സിപ്പാളിന് ഉത്കണ്ഠ മാധ്യമങ്ങള്‍ പുറത്തുപോകണമെന്നു മാത്രം.  കുത്തേറ്റു വീണ് മരണവേദനകൊണ്ട് പിടയുന്നവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബാധ്യതയുള്ള ഒരു പ്രിന്‍സിപ്പല്‍ അവന്‍ മരിക്കട്ടെയെന്ന് തീരുമാനിക്കുന്നു. ഇത്തരക്കാര്‍ ഒരു നിമിഷംപോലും ആ കസേരയിലിരിക്കാന്‍  യോഗ്യരല്ല.  ഈ സമീപനം ഒരു പ്രിന്‍സിപ്പലിന് ചേര്‍ന്നതാണോ?

നമ്മുടെ ഭാഷയില്‍ ക്ഷണിച്ചു വരുത്തിയ അതിഥിയാണ് സംസ്കൃത ഭാഷ.  മാധ്യമങ്ങളെ ക്ഷണിച്ചില്ലെങ്കിലും അതിഥികളായി കണ്ടുകൂടെ? എന്നാല്‍ ഇവിടെ ക്ഷണിച്ചുവരുത്തേണ്ട മറ്റൊരു കൂട്ടരുണ്ട്. വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കേരള പോലീസ്.  എന്തുകൊണ്ട് പോലീസിനെ അവിടെ കണ്ടില്ല.  അത് ഗുരുതരമായ ഒരു വീഴ്ചയല്ലേ? ഈ കോളേജ് ഗുണ്ടകളും, പോലീസും,  പ്രിന്‍സിപ്പാളുമായി എന്തെങ്കിലും ഗുഡാലോചനയുണ്ടോ എന്നത് ഉന്നതവിദ്യാഭാസ കേന്ദ്രങ്ങള്‍ പരിശോധിക്കേണ്ടതാണ്.  പ്രിന്‍സിപ്പാളിന്റെ വാക്കുകളില്‍  നിര്‍ബന്ധബുദ്ധി അല്ലെങ്കില്‍ അഹങ്കാരം വന്നത് ഇദ്ദേഹം ധാരാളം മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി വിളിച്ചതുകൊണ്ടാകണം.  ഇത് നമ്മള്‍ പോലീസ് സ്‌റ്റേഷനുകളിലും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കാണുന്ന കാര്യങ്ങളാണ്. ജനങ്ങളെ പഠിക്കാത്ത ഭരണാധികാരികള്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,  വിദ്യാര്‍ത്ഥികളെ പഠിക്കാത്ത അധ്യാപകര്‍. ഈ കുട്ടര്‍ക്ക് ആദ്യം കൊടുക്കേണ്ട ജോലി ജനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിലെ ജോലികളാണ്.   അപ്പോള്‍  മനുഷ്യരുടെ വേവലാതികള്‍ എന്തെന്ന് പഠിക്കും. ഇതുപോലുള്ള പ്രിന്‍സിപ്പല്‍മാരെ കോളേജിലെ ഒരു ക്ലര്‍ക്കായി ആദ്യം നിയമിക്കണം. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒന്നുകില്‍ പിരിച്ചുവിടണം അല്ലെങ്കില്‍ ജോലിയില്‍ തരം താഴ്ത്തണം. ഒന്നും സംഭവിക്കുന്നില്ല. സത്യവും നീതിയും വലിച്ചെറിയുന്ന കുറ്റവാളികള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍  ഉയരങ്ങള്‍ കിഴടക്കുന്ന കാഴ്ചകളാണ് കാണുന്നത്.  നീതിപൂര്‍വ്വം ജോലിചെയ്യുവരെ പീഡിപ്പിക്കുന്ന, ഇകഴ്ത്തുന്ന കാഴ്ചകള്‍. രാഷ്ട്രീയമേലാളന്മാര്‍ക്ക്, ഉന്നത പദവികളിരിക്കുന്നവര്‍ക്ക്  അടിമപ്പണി ചെയ്യുന്നവര്‍ക്കാണ് ഒരു നിര്‍വികാരത? അത് നിലനില്പിന്റ് മരവിപ്പാണ്. അവര്‍ക്കും ഭയമാണ്. ജനാധിപത്യമുള്ള രാജ്യങ്ങളില്‍ ഇത് കാണാറില്ല. അവിടെ ജനങ്ങളാണ് യജമാനന്മാര്‍.  എഴുത്തുകാരും ശബ്ദിക്കാറില്ല. അതിനും പല കാരണങ്ങളാണ്. അതിലൊന്ന് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകള്‍ അവരെ ആക്രമിക്കും എന്ന ഭയമാണ്. ഇവരൊക്കെ രാഷ്ട്രീയക്കാരുടെ അടിമകളോ അതോ ആരാധകരോ? 

ഇവിടെ ശക്തമായി വിമര്‍ശിക്കേണ്ടത് വോട്ടു കൊടുത്തു വിജയിപ്പിക്കുന്ന ജനത്തെയാണ്. ഇത്രയും നാളത്തെ ഭരണത്തില്‍ നിന്നും മലയാളി എന്താണ് പഠിച്ചത്? അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പുരോഗതി കൈവരിച്ചോ? ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്? ഭരണത്തിലുള്ളവര്‍ മാത്രം കൊഴുത്തു തടിച്ചാല്‍ മതിയോ?  സമുഹത്തിന് നന്മകള്‍ ചെയ്യാത്തവരെ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു? വിദ്യാഭാസ രംഗത്ത് കണ്ടുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതകള്‍ കാണുന്നില്ലേ? നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് അയല്‍നാടുകളില്‍ പഠിക്കാന്‍ പോകുന്നു? കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചിട്ട് എന്താണ് ഒരു തൊഴില്‍ ലഭിക്കാത്തത്? അതെല്ലാം രാഷ്ട്രീയമേലാളന്മാരുടെ സ്വന്തക്കാര്‍ക്കും സ്തുതിപാഠകര്‍ക്കുമായി വീതംവെക്കുന്നത് കാണുന്നില്ലേ? . സാമൂഹ്യ നീതി നടപ്പാകില്ലെങ്കില്‍ തെഴില്‍ തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം പഠിച്ചിറങ്ങുന്ന എത്ര കുട്ടികള്‍ക്കുണ്ട്? ഇവര്‍ പഠിച്ച കോളേജിലെ സംഘടനകള്‍ അതിനായി എന്തെങ്കിലും ചെയ്യുന്നുണ്ടോ?  ഇവിടെയാണ് കുട്ടികള്‍ ഇവരെ തിരിച്ചറിയേണ്ടത്. മുന്നേറേണ്ടത്. ആര്‍ക്കുവേണ്ടിയോ നിങ്ങള്‍ മുദ്രാവാക്യം വിളിക്കുന്ന തല്ലുകൊള്ളുന്നു.  വീട്ടില്‍ നിന്നും പഠിക്കാന്‍ പോകുന്ന കുട്ടികളെ  പാര്‍ട്ടികളുടെ സമരങ്ങളില്‍ പങ്കാളിയാക്കുന്ന പ്രിന്‍സിപ്പല്‍ രാഷ്ട്രീയ ഏജന്റ് പണി എന്തിന് ചെയ്യണം.  അത് കണ്ടുകൊണ്ടരിക്കുന്ന കുറെ മാതാപിതാക്കള്‍ അതിലും കഷ്ടം.  വിദ്യാഭാസത്തെ ഇതുപോലെ വ്യഭിചരിക്കുന്നത് കാണുമ്പൊള്‍ അമ്പരപ്പ് മാത്രമല്ല കുട്ടികള്‍ ചിലന്തിവലയില്‍ കുരുങ്ങികിടക്കുന്നതായി തോന്നുന്നു.   കുട്ടികള്‍ നേരിടുന്ന ഭയം, ഭീതി, ഭീഷണികളെല്ലാം നേരിടാന്‍ പ്രാപ്തിയുള്ളവരാകണം രക്ഷകര്‍ത്താക്കള്‍, കോളേജ് അധികാരികള്‍, ഭരണകൂടങ്ങള്‍. ആ ബാധ്യത ഏറ്റെടുക്കില്ലെങ്കില്‍ ജനം എന്തിനാണ് ഈ കൂട്ടരേ തീറ്റിപോറ്റുന്നത്?     

ഈ അടുത്ത സമയത്ത് നടന്ന പ്രവാസി സാജന്റെ ആത്മഹത്യ, ഇടുക്കിയിലെ പോലീസ് കൊലപാതകം, ഈ കോളേജില്‍ വെച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് അങ്ങനെ തുടരുന്ന കദന കഥകള്‍ ധാരാളമാണ്.  ഇവിടുത്തെ പ്രിന്‍സിപ്പാളിനുപോലും നീതി നടപ്പാക്കാന്‍ സാധിക്കുന്നില്ല. ക്യാമ്പസ് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്നു. മറ്റുള്ളവരുടെ ഉള്ളിലെരിയുന്ന  രോക്ഷം, വേദന ഒന്നും ഈ രാഷ്ട്രിയതിമിരം ബാധിച്ച മനുഷ്യന് മനസ്സിലാകുന്നില്ല.  ഇതുപോലുള്ളവരെയാണ് അധികാരികള്‍ എല്ലായിടങ്ങളിലും കാവല്‍കരാക്കി നിര്‍ത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ കുട്ടികളെ പഠിക്കാനാണ് കോളേജില്‍ വിടുന്നത് അല്ലാതെ പാര്‍ട്ടികള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാനല്ല. പഠിക്കാന്‍ പോകുന്ന കുട്ടികളെ ഭയപ്പെടുത്തി അസഹിഷ്ണതയുടെ കനലുകള്‍ വളത്തി അവരെ നിരാശരാക്കുന്ന, ചോരപ്പുഴയൊഴുക്കുന്ന, അക്രമങ്ങള്‍ നടത്തുന്ന കോളേജില്‍ എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വളരുവാന്‍ ഇതുപോലുള്ള പ്രിന്‍സിപ്പല്‍മ്മാര്‍ ശ്രമിക്കുന്നത്? അവിടുത്തെ യൂണിറ്റ് അടച്ചുപൂട്ടിയതുകൊണ്ട് പ്രശനങ്ങള്‍ പരിഹരിച്ചോ? ഇതുപോലുള്ള സംഘടനകളെ എന്തുകൊണ്ട് കോളേജില്‍ നിന്നും പുറത്താക്കുന്നില്ല? പോലീസിന്റ മുന്നിലൂടെ നടന്ന കുറ്റവാളികള്‍ എന്തുകൊണ്ട് രക്ഷപ്പെട്ടു? എന്തുകൊണ്ട് അവരുടെ പേരില്‍ കൊലക്കുറ്റം ചാര്‍ത്തുന്നില്ല? എന്തുകൊണ്ട് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്ത് പ്രതിയാക്കുന്നില്ല? ഇതാണോ ഗുണമേന്മ നല്‍കുന്ന വിദ്യാഭാസം? ഇതുപോലെയുള്ള പ്രിന്‍സിപ്പല്‍മ്മാരെ, സംഘടനകളെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരെ, മറ്റ് കുറ്റവാളികളെ എന്ത്‌കൊണ്ടാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? 

പഠനകാലത്തു് നല്ല സ്വഭാവഗുണത്തോട് അറിവുള്ളവരായി കുട്ടികളെ ദേശീയബോധത്തോട് വളര്‍ത്തേണ്ട ഭരണകൂടങ്ങളും, വിദ്യാഭാസസ്ഥാപനങ്ങളും വെറും കച്ചവട കമ്പോളങ്ങളായി മാറുക മാത്രമല്ല സമൂഹത്തിനോ കുടുംബത്തിനോ വികസിത രാജ്യങ്ങളില്‍ കാണുന്ന വിധം കുട്ടികളെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍, വിവിധമേഖലകളിലെ  ഗവേഷണങ്ങളില്‍, പഠനങ്ങളില്‍, കലാസാഹിത്യ രംഗങ്ങളില്‍  പങ്കാളിയാക്കുന്നതിന് പകരം രാഷ്ട്രീയ തിമിരം ബാധിച്ചവരായി വളര്‍ത്തികൊണ്ടിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ നിലനില്പ് അവന്‍ പഠിക്കുന്ന അറിവാണ്. അത് രാഷ്ട്രിയംപോലെ വിപണിയില്‍ കിട്ടുന്ന ഒരു ചരക്കല്ല. കുട്ടികളെ ഉത്തമപൗരന്മാരാക്കി വളര്‍ത്തേണ്ടവര്‍ അവരുടെ സംസ്കാരവും, മൂല്യങ്ങളും  നഷ്ടപ്പെടുത്തുന്നത് ഒരു കുടുംബത്തോട്, രാഷ്ട്രത്തോട്  ചെയ്യുന്ന ക്രൂരത മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണ്. രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം അതില്‍ അംഗങ്ങളാക്കി കെട്ടിവലിക്കുന്നത് മാതാപിതാക്കള്‍, അദ്ധ്യാപകര്‍, ഭരണാധികാരികള്‍ സമഗ്രമായി ഒരു പുനഃപരിശോധന നടത്തേണ്ടതാണ്.  ശ്രീ. എം.എ. ബേബിയുടെ അറിവിന്റ വെളിച്ചം നാടിന്റ തെളിച്ചം എന്ന പുസ്തകമെങ്കിലും ഈ അടിമപ്പണി ചെയ്യുന്നവര്‍ ഒന്ന് വായിക്കുന്നത് നല്ലതാണ്.

കേരളത്തിലെ പാഠ്യപദ്ധയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടിമുറി, കത്തി, വാള്‍, മദ്യം, മയക്കുമരുന്നുകൂടി ഉള്‍പെടുത്തിയതായി അറിയില്ല. എന്തായാലും ജനകിയ പങ്കാളിത്വമുള്ള ഇടതുപക്ഷ മുന്നണിക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍  തികച്ചും ഹീനവും നിന്ദ്യവുമാണ്. ഹിംസയെ പിന്തുണക്കണോ എതിര്‍ക്കണോ എന്നത് മിതമായ കാഴ്ചപ്പാടുകള്‍ മാത്രമാണ്.  കുറ്റവാളികളെ ശിക്ഷിക്കുമ്പോഴാണ് ഒരു ഭരണകര്‍ത്താവ് തന്റെ കടമ നിര്‍വഹിക്കുന്നത്. അല്ലാതെ ആള്‍ക്കൂട്ടം കണ്ടല്ല. സത്യം, ദേശീയത, യാത്രാര്‍ഥ്യങ്ങള്‍ മുഖംമുടികള്‍ക്കപ്പുറമാണ്.  വിദ്യാര്‍ത്ഥി സംഘടനകള്‍ ആരുടെ കളിപ്പാവകളാണ്? നമ്മുടെ വിദ്യാഭാസ രംഗത്തെ കാലിത്തൊഴുത്തുകളാക്കുന്നത് ഭരണത്തിലുള്ളവരോ, മാനേജ്‌മെന്റുകളോ അതോ അദ്ധ്യാപകരോ? വിദ്യാഭാസ കേന്ദ്രങ്ങളടക്കം ഒരു പൊളിച്ചെഴുത്തു് ആവശ്യമാണ്. 
(www.karoorsoman.net).



Join WhatsApp News
Sudhir Panikkaveetil 2019-07-14 14:01:51
സോമൻ സാറേ കത്തികുത്തിനുള്ള കശാപ്പുശാല 
എന്നായിരിക്കും നല്ലത്. കാലിത്തൊഴുത്ത് -
അവിടെ വസിക്കുന്ന കന്നുകാലികൾ എത്രയോ 
മെച്ചം. സാക്ഷരതാ വലിയ പ്രശ്നമുണ്ടാക്കുന്നു 
കേരളത്തിൽ. ഇതൊക്കെ മുൻകൂട്ടി കണ്ട് കൊണ്ടാണോ 
വേദം കേൾക്കുന്ന ശുദ്ര ന്റെ ചെവിയിൽ ഇയ്യം 
ഉരുക്കി ഒഴിക്കണമെന്ന് സവര്ണര്ക്ക് തോന്നിയത്. . വിദ്യാഭ്യാസം 
കൊണ്ട് നശിക്കുന്ന ഒരു സ്ഥലം ഭൂമിയിൽ !!!
സാക്ഷരതയുടെ ഗുണം കൊണ്ട് ഇരുപത്തിയഞ്ച് 
ലക്ഷം ബംഗാളികളും എത്തി അവിടെ. പുരാണങ്ങളിൽ 
പറയും പോലെ അക്രമം മൂക്കുമ്പോൾ 
കടൽ മുക്കിക്കളയും. ആ സമയം വിദൂരമല്ലെന്നു നിരൂപിക്കാം. ലേഖനം നന്നായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക