Image

കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ കൂട്ടത്തോടെ കൂറുമാറ്റിക്കുന്നത്‌ അധാര്‍മികമെന്ന്‌ ഗോവയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍

Published on 13 July, 2019
കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ കൂട്ടത്തോടെ കൂറുമാറ്റിക്കുന്നത്‌ അധാര്‍മികമെന്ന്‌ ഗോവയിലെ  ബി.ജെ.പി പ്രവര്‍ത്തകര്‍


പനജി: രാജ്യത്ത്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ കൂട്ടത്തോട്‌ കൂറുമാറ്റിച്ച്‌ പാര്‍ട്ടിയില്‍ എത്തിക്കുന്നതിനെതിരെ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. പാര്‍ട്ടി നടപടി അധാര്‍മികമാണെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നു.

 കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി എത്തിയവരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും എടുത്തത്‌ ശരിയായില്ലെന്ന്‌ ഗോവയിലെ ആര്‍.എസ്‌.എസിന്റെ സ്ഥാപക നേതാവ്‌ കൂടിയായ ജോഗല്‍ക്കറുടെ മകനും പ്രമുഖ ആര്‍.എസ്‌.എസ്‌-ബി.ജെ.പി നേതാവുമായ സുമന്ത്‌ ജോഗ്‌ലെക്കര്‍ പറഞ്ഞു.

കൂറുമാറി വരുന്നവര്‍ ചില നേട്ടങ്ങള്‍ക്ക്‌ വേണ്ടി വരുന്നവരാണ്‌. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക്‌ നേതാക്കള്‍ക്ക്‌ ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടേണ്ടി വരുന്നില്ല. ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്നതും അവര്‍ക്ക്‌ മറുപടി നല്‍കേണ്ടതും തങ്ങളാണെന്നും സുമന്ത്‌ പറഞ്ഞു. 

ആശയത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഇത്തരം നീക്കങ്ങള്‍ക്ക്‌ എതിരാണെന്നും വ്യക്തമാക്കിയ സുമന്ത്‌, ഇതാണോ വ്യത്യസ്‌തമായ പാര്‍ട്ടിയെന്നും ചോദിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബി.ജെ.പിക്ക്‌ പരസ്യമായ പിന്തുണ നല്‍കുകയും ചെയ്‌ത അരവിന്ദ്‌ ടെങ്‌സെയും ബി.ജെ.പി നീക്കത്തിനെതിരെ രംഗത്ത്‌ വന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ പെട്ടന്ന്‌ ഒരു സുപ്രഭാതത്തില്‍ ബി.ജെ.പിയില്‍ ചേരുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ ടെങ്‌സെ പറഞ്ഞു.

 കേവലം രണ്ട്‌ മാസം മുമ്‌ബ്‌ നടന്ന പനജിം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി എതിര്‍ത്ത ബാബുഷ്‌ മോണ്‍സെരറ്റ അടക്കം ബി.ജെ.പിയില്‍ എത്തിയതിനോടാണ്‌ ടെങ്‌സെയ്‌ക്ക്‌ എതിര്‍പ്പ്‌. ബലാത്സംഗ ആരോപണം നേരിടുന്ന നേതാവാണ്‌ മോണ്‍സെരറ്റ.

മോണ്‍സെരറ്റ പീഡിപ്പിച്ച യുവതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്നു. എന്നാല്‍ മോണ്‍സെരറ്റ ഇപ്പോള്‍ ബി.ജെ.പിയില്‍ എത്തിയിരിക്കുകയാണ്‌. മോണ്‍സെരറ്റ ആരാണെന്ന്‌ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും ടെങ്‌സെ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക