Image

രാജീവ് ഗാന്ധി വധം: പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതിയിലേക്ക് മാറ്റി

Published on 01 May, 2012
രാജീവ് ഗാന്ധി വധം: പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

1999 സെപ്തംബറിലാണ് സുപ്രീംകോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് 11 വര്‍ഷം മുന്‍പ് ഇവര്‍ രാഷ്ട്രപതിക്ക് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതി ഇവരുടെ ഹര്‍ജി തള്ളിയത്. സെപ്തംബറില്‍ ഇവരെ തൂക്കിലേറ്റാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ രാഷ്ട്രപതി ഭവന്‍ അകാരണമായ കാലതാമസം വരുത്തിയെന്നാരോപിച്ച് ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഇവരുടെ വധശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനം വൈകിയത് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ ചട്ടം 21 ന്റെ ലംഘനമാണെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ തലവന്‍ കെ. വെങ്കട് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായത്. തമിഴ്‌നാട്ടില്‍ നീതിപൂര്‍വമായ വിചാരണ ഉണ്ടാകില്ലെന്നും രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ദയാഹര്‍ജികള്‍ വൈകുന്നതിനെക്കുറിച്ചുള്ള മറ്റ് ഹര്‍ജികള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്‌ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കട്ടിന്റെ ഹര്‍ജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക