Image

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താന്‍

Published on 12 July, 2019
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താന്‍
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ തന്ത്രപ്രധാന താവളങ്ങളില്‍ നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത് പാര്‍ലമെന്‍ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യമെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ട് ഭീകരകേന്ദ്രം ആക്രമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്.

വ്യോമപാത തുറക്കണമെന്ന ആവശ്യവുമായി ഇന്ത്യ സമീപിച്ചിരുന്നെന്നും യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യയെ അറിയിച്ചുവെന്നും നുസ്രത് ഷരീഫ് സമിതിക്ക് മുമ്പാകെ പറഞ്ഞു.

ജൂണ്‍ 30 വരെയുണ്ടായിരുന്ന നിരോധനം പിന്നീട് ജൂലൈ 12 വരെ നീട്ടിയിരുന്നു. വ്യോമപാത വിലക്ക് കാരണം യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും ഡല്‍ഹിയിലേക്കും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ ദൈര്‍ഘ്യമേറിയ മറ്റ് പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.

പാകിസ്താന്‍റെ വിലക്ക് കാരണം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 430 കോടിയുടെ നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക