Image

ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു: എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)

Published on 12 July, 2019
ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)
2019 ജൂലൈ 7 ലെ മനോഹരസായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ അതിഥിയായെത്തിയ പ്രശസ്ത സാമൂഹ്യനിരീക്ഷകനും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം. എന്‍. കാരശ്ശേരിയെ കേരളാ സെന്ററും സര്‍ഗ്ഗവേദിയും സംയുക്തമായി ആദരപൂര്‍വ്വം വരവേറ്റു. സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. എം. സ്റ്റീഫന്‍ കാരശ്ശേരി മാഷെ വേദിയിലേക്ക് ക്ഷണിച്ചു. കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളി പ്രൊഫസര്‍ കാരശ്ശേരിയെ ഔപചാരികമായി സ്വാഗതം ചെയ്തു. ഡോഃ നന്ദകുമാര്‍ ചാണയില്‍ സര്‍ഗ്ഗവേദിയുടെ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.

2006 ല്‍ സര്‍ഗ്ഗവേദിയിലെത്തിയ പഴയ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കാരശ്ശേരി മാഷ് തന്റെ പ്രസംഗമാരംഭിച്ചത് . മതവിശ്വാസത്തിലും സാമൂഹ്യ പുരോഗതിയിലും സാംസ്കാരിക നായകരുടെ / പ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയം വളരെ അപകടം പിടിച്ചതാണ് എന്നായിരുന്നു മാഷ്ടെ അഭിപ്രായം. മതം എല്ലാത്തിനും പരിഹാരം എന്ന് എല്ലാ മതക്കാരും പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ പല ഭാഗങ്ങളിലും അതൊരു പ്രശ്‌നം ആയിക്കൊണ്ടിരിക്കുന്നു. സരോജിനി നായിഡുവിന്റെ പ്രണയകഥ മാഷ് നര്‍മ്മം കലര്‍ത്തി ഉദാഹരണമായി പറഞ്ഞു. സരോജിനി നായിഡു പണ്ട് ജിന്നയെ പ്രേമിച്ചു. ജിന്ന ആദ്യം കേട്ട കവിത ഒരുപക്ഷെ സരോജിനി നായിഡു എഴുതിയ പ്രേമലേഖനം ആയിരിക്കാം. അതിലവര്‍ എഴുതി ''ഏത് പ്രശ്‌നത്തിനും ബാപ്പു ഒരു പരിഹാരം കണ്ടുപിടിക്കും, ഏത് പരിഹാരത്തിലും ജിന്ന ഒരു പ്രശ്‌നം കണ്ടുപിടിക്കും.''  ഇതാണ് ഇന്ന് നടക്കുന്നത്. നമ്മള്‍ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടാല്‍ ഏതെങ്കിലും മതക്കാര്‍ അതില്‍ ഒരു പ്രശ്‌നം കണ്ടുപിടിക്കും. മതം എന്ന് പറയുന്നത് ഭൂരിഭാഗവും ചരിത്രമാണ്. മതസ്ഥാപകരും പ്രവാചകരും പറഞ്ഞത് എടുത്തിട്ട് ചരിത്രത്തെ ആണ് നാം അപഗ്രഥിക്കുന്നത് .  ചരിത്രം കാലത്തിന്റെ രേഖയാണ്.

ഇന്ത്യയില്‍ കൊലക്കേസ്  പ്രതിക്ക് ദയാഹര്‍ജിയിന്മേല്‍ രാഷ്ട്രപതിക്ക് മാപ്പ് കൊടുക്കാം. ഇസ്‌ലാം രാഷ്ട്രങ്ങളില്‍ ബ്ലഡ് മണി വാങ്ങിക്കൊണ്ടോ വാങ്ങാതെയോ മാപ്പ് കൊടുക്കേണ്ട അധികാരം കൊല്ലപ്പെട്ടവന്റെ ഭാര്യക്കോ ബന്ധുക്കള്‍ക്കോ ആണ്. അതാണ് ശരിയും. എന്നാല്‍ ഇന്ന് കൊല്ലാന്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാം. അയാള്‍ കോടതിയില്‍ വന്നാലും മാപ്പുകിട്ടും. ഗള്‍ഫിലെ പൊതുവഴിയില്‍ ഒട്ടകത്തെ കാര്‍ തട്ടിയാല്‍ കാറുകാരന്‍ ഒട്ടകത്തിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം കൊടുക്കണമെന്നായിരുന്നു നിയമം. ഇതില്‍ ലാഭം കണ്ട് ഒട്ടകഉടമസ്ഥര്‍ ഒളിച്ചിരുന്ന് കാര്‍ വരുന്ന സമയം ഒട്ടകത്തെ കൂട്ടത്തോടെ പൊതുവഴിയിലേക്ക് തള്ളിവിടാന്‍ തുടങ്ങി. അതുകൊണ്ട് നിയമം മാറ്റി. ഒട്ടകം കാറിനെ തട്ടിയാല്‍ ഒട്ടക ഉടമസ്ഥന്‍ കാറുകാരന് പണം കൊടുക്കണം എന്നാക്കി. നിയമം കാലദേശബന്ധമാണ്. അത് മാറിക്കൊണ്ടേയിരിക്കും.

രാമായണത്തില്‍ സീതാദേവിയെ കട്ടുകൊണ്ടുപോകാന്‍ രാവണന്‍ പുഷ്പകവിമാനം അയച്ചു എന്ന് വായിക്കുമ്പോള്‍ വിമാനം കണ്ടുപിടിച്ചത് ഇന്ത്യയില്‍ ആണെന്ന് ചിലര്‍ പറയുന്നു. അത് സ്‌റ്റോറി ആണ്. ഹിസ്റ്ററി ഏതാണ് സ്‌റ്റോറി ഏതാണ് എന്നറിയാത്തവരാണ് ഇപ്പോള്‍ കളിക്കുന്നത്. ആ കളിയുടെ ഇന്നത്തെ പേരാണ് മതം. അധികാരത്തിന്റെ മൂലരൂപം എന്നുപറയുന്നത് മതമാണ്. തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്റെ രാജ്യമാണ് എന്ന് പറയുന്നു. പദ്മനാഭദാസന്‍ ആയതുകൊണ്ടാണ് തിരുവിതാംകൂര്‍ രാജാവ് രാജ്യം ഭരിച്ചത്. അതാര്‍ക്കും ചോദ്യം ചെയ്യാന്‍ പാടില്ല. അധികാരത്തെ എല്ലാക്കാലത്തും മതവുമായി ബന്ധപ്പെടുത്തും. ജനാധിപത്യത്തില്‍ വരുമ്പോള്‍ അത് നടക്കില്ല. ജനാധിപധ്യത്തെപ്പറ്റി ഒരു മതക്കാര്‍ക്കും അറിവ് കാണില്ല. അതവരുടെ വിഷയവുമല്ല. ഗ്രീസിലെ നഗരരാജ്യങ്ങളില്‍ പിറവികൊള്ളുകയും പാശ്ചാത്യരാജ്യങ്ങളില്‍ പുഷ്ടി പ്രാപിക്കുകയും ചെയ്ത ഒരു ഭരണവ്യവസ്ഥയാണ് ജനാധിപത്യം.

ഇന്ത്യയില്‍ ഹിന്ദുമതം ഉണ്ടായിട്ടില്ല. അത് രാഷ്ട്രീയത്തിനുവേണ്ടി ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ്. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് തത്വചിന്തയാണ്. അതില്‍ ദൈവമൊന്നും വിഷയമായിരുന്നില്ല. വള്ളത്തോള്‍ പരിഭാഷപ്പെടുത്തിയ വാല്മീകിരാമായണത്തിന്റെ നൂറാമത്തെ പദ്യത്തില്‍ പറയുന്നു നാട് ഭരിക്കുന്ന ഭരതന്‍ വനവാസം ചെയ്യുന്ന ജേഷ്ടന്‍ രാമനെ കാണാനെത്തിയ സന്ദര്‍ഭത്തെപ്പറ്റി .  രാമന്‍ സ്വന്തം കുടുംബത്തിന്റെ ക്ഷേമം തെരക്കാതെ ആദ്യം ചോദിച്ചത് ചാര്‍വാക പുത്രന്മാര്‍ക്ക് സുഖമല്ലേ, അവരെ നന്നായി സംരക്ഷിക്കുന്നില്ലേ എന്നാണ് .  ഇവിടെ രാമന്‍ ദൈവത്തിന്റെ അവതാരവും ചാര്‍വാക പരമ്പര പ്രാചീന ഭാരതത്തിലെ നിരീശ്വരവാദികളായ ചിന്തകരായിരുന്നു. കേവലം ഭൗതീകവാദമാണ് അവരുടെ അടിസ്ഥാനതത്വം. അവരെയും സംരക്ഷിക്കേണ്ടത് രാജധര്‍മ്മമെന്ന് രാമന്‍ കരുതുന്നു. ഇന്ത്യയില്‍ ആദ്യമതം സ്ഥാപിച്ച ബുദ്ധന് ദൈവത്തെപ്പറ്റി യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. ജൂതന്മാര്‍ക്കും ക്രിസ്തിയാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒക്കെ ദൈവം സ്ഥാപിക്കുന്നതാണ് മതം. അവര്‍ക്ക് എല്ലാം ദൈവത്തില്‍നിന്നാണ് തുടങ്ങുന്നത്. പലരും ബുദ്ധനോട് ചോദിച്ചു. ദൈവം ഉണ്ടോ ? അറിയില്ല എന്നായിരുന്നു ഉത്തരം. ഒരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു. ''എന്റെ ആധി ദൈവത്തിന്റെ നിഗൂഢതയെപറ്റിയല്ല, മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റിയാണ് ''.

രാമായണം, മഹാഭാരതം തുടങ്ങിയ എല്ലാ പഴയ ഗ്രന്ഥങ്ങളിലും രാജാക്കന്മാര്‍ മാത്രമല്ല രാജഗുരുക്കളും ഉണ്ട്. മതത്തിന്റെ പ്രതീകമാണത്. ഇന്ന് ഇന്ത്യയില്‍ രാജഗുരു രാജാവാകാനുള്ള ശ്രമത്തിലാണ്. ഉദാഹരണം യു. പി. യിലെ യോഗി ആദിത്യനാഥ്. തല മുണ്ഡനം ചെയ്ത് കാവി ധരിച്ച സന്യാസിയും രാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയുമാണ്. അപ്പോള്‍ അയാള്‍ വിമര്‍ശനങ്ങള്‍ക്ക് മേലെയാകുന്നു. മതങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരമായി വിമര്‍ശനം നിഷിദ്ധമാണ്. പുരോഗതി ചോദ്യം ചെയ്യുമ്പോള്‍ മാത്രമുണ്ടാകുന്നതാണ്. ക്രിസ്തുവിന് നാനൂറ് കൊല്ലം മുന്‍പ് ജീവിച്ച സോക്രട്ടീസ് പറഞ്ഞത് ചോദ്യം ചെയ്യപ്പെടാത്ത ജീവിതം ജീവിതാര്‍ഹമല്ല എന്നാണ് .  ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഒക്കെ ജീവിതം ആധുനിക രാഷ്ട്രീയത്തില്‍ പ്രസക്തമാണെന്ന് ഗാന്ധി കണ്ടിരുന്നു. ഗാന്ധി രാഷ്ട്രീയത്തെ മതവല്‍ക്കരിച്ചതിനെപ്പറ്റി ഒക്കെ ഒരുപാട് തര്‍ക്കങ്ങളുണ്ട്. ഇന്ന് സാംസ്കാരിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം എന്താണെന്ന് എം. എന്‍. കാരശ്ശേരി എന്ന വ്യക്തിയോട് ചോദിച്ചാല്‍ പറയും മതങ്ങളെ, ജാത്യാചാരങ്ങളെ, സാംസ്കാരികാചാരങ്ങളെ നിരന്തരം ലംഘിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് ആണെന്ന്. എല്ലാ വിമര്‍ശനങ്ങളുടെയും അടിസ്ഥാനം മതവിമര്‍ശനം ആണ്. ക്രിസ്തുവും ബുദ്ധനും ഒക്കെ ചെയ്തതും അതുതന്നെ. 

യാഗശാലയില്‍ കെട്ടിയിട്ട ബലിമൃഗത്തെ ബുദ്ധന്‍ (ബാലനായ സിദ്ധാര്‍ത്ഥന്‍ ) അഴിച്ചുവിട്ടു. എന്നിട്ട് യജമാനനായ ബ്രാഹ്മണനോട് ചോദിച്ചു. എന്തിനാണ് ആ സാധു മൃഗത്തിനെ കൊന്ന് ബലികൊടുക്കുന്നത് .  ആ മൃഗത്തിന് സ്വര്‍ഗത്തില്‍ പോകാമല്ലോ എന്ന് ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ സിദ്ധാര്‍ഥന്റെ ഉത്തരം ഇങ്ങനെയായിരുന്നു. എന്നാല്‍ അങ്ങയുടെ മൂത്ത മകനെ ബലി കൊടുത്തുകൂടെ ?  എന്നിട്ട് ബ്രാഹ്മണന്റെ മുന്‍പില്‍ തല കുനിച്ചു നിന്നിട്ട് തന്നെ വെട്ടിക്കോളാന്‍ പറഞ്ഞു. എങ്ങനെ വെട്ടും ? കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാര്‍ഥനാണ് തല കുനിച്ചു നില്‍ക്കുന്നത്. അദ്ദേഹം തെരുവിലിറങ്ങി മനുഷ്യരുടെ വേദനകളെ സ്വന്തം വേദനകളാക്കി. അങ്ങനെ ബുദ്ധമതം ഉണ്ടായി. അത് ഇന്ന് കാണുന്നപോലുള്ള മതമായിരുന്നില്ല. ഇന്ന് കാണുന്നപോലുള്ള ഒരു മതം ക്രിസ്തുവും ഉണ്ടാക്കിയിട്ടില്ല. അധികാരം നേടാനും നേടിയ അധികാരം നിലനിര്‍ത്താനുമുള്ള ഒരു മാര്‍ഗ്ഗമായി മതമിന്ന് മാറിയിരിക്കുന്നു. ഏതാണ് മതം, ഏതാണ് രാഷ്ട്രീയം, ഏതാണ് കച്ചവടം എന്ന് തിരിയാത്തവിധം മൂന്നും കൂടിക്കുഴഞ്ഞു കിടക്കുന്നു.

എല്ലാ മതങ്ങള്‍ക്കുമറിയാം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചെങ്കിലേ ആളെ കൂടെ നിര്‍ത്താന്‍ പറ്റുകയുള്ളു എന്ന്. ഉദാഹരണത്തിന് മുഹമ്മദ് നബി മരിച്ചിട്ട് ആയിരത്തിനാനൂറ് കൊല്ലമായി. അദ്ദേഹത്തിന്റെ തലമുടി ഇപ്പോഴാണ് കോഴിക്കോട്ടെത്തിയത്. ആ മുടിയിട്ട വെള്ളം കുടിച്ചാല്‍ മാറാരോഗങ്ങള്‍ മാറുമെന്ന് പ്രചരിപ്പിക്കുന്നു. ആ മുടി പ്രതിഷ്ഠിച്ചു പള്ളി പണിയാന്‍ പോകയാണ്. ഇത് അന്ധവിശ്വാസമാണ്, അനാചാരമാണ്, മനുഷ്യപുരോഗതിയെ പിന്നോട്ട് വലിക്കുന്നതാണ് എന്ന് പറയേണ്ട ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്കാണ്, സാഹിത്യകാരന്മാര്‍ക്കാണ്, സിനിമാക്കാര്‍ക്കാണ്. എന്നാല്‍ അവര്‍ പറയില്ല. 

ജനാധിപത്യകാലത്താണ് ഈ പ്രശ്‌നം. രാജാധിപത്യകാലത് പറയും. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിളംബരവും ചൂണ്ടിക്കാട്ടി മാഷ് പറഞ്ഞു നമ്മുടെ രാജ്യത്ത് രാജാധിപത്യകാലത്ത്  ഉണ്ടായ പുരോഗതി ജനാധിപത്യകാലത്ത്  ഇല്ല  എന്നുള്ളതിന്റെ  വലിയ ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ ശബരിമലപ്രശ്‌നം. ദേവാലയങ്ങളില്‍ യുവതീപ്രവേശനം പോലുള്ള വിഷയങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും പ്രത്യേക അഭിപ്രായമൊന്നും കാണില്ല. മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ അവകാശമുള്ള കൂട്ടരാണെന്ന് അന്നും ഇന്നും ആരും പറഞ്ഞിട്ടില്ല. കേരളത്തിലെ ഭൂരിപക്ഷം മുസ്ലിം പള്ളികളും സുന്നികളുടെ ആണ്. അവിടെ വെള്ളിയാഴ്ച കൂട്ടപ്രാര്‍ത്ഥനക്ക് പോകാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. അവര്‍ക്കുവേണ്ടി സംഘടിതമായി വാദിക്കാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യത്തില്‍ ആരുമില്ല. 

അവര്‍ക്കുവേണ്ടി എം. എന്‍. കാരശ്ശേരി എന്ന വ്യക്തി സംസാരിക്കുമ്പോള്‍ മതനേതാക്കള്‍ പറയുന്നു അദ്ദേഹത്തിന് മുസ്ലിം വിരോധമാണെന്ന്. നവോദ്ധാനത്തിന്‍റെ വക്താക്കള്‍ എന്നുപറയുന്നവര്‍ ഈയിടെ കേരളത്തില്‍ സംഘടിപ്പിച്ച വനിതാമതിലില്‍ മുസ്ലിം സ്ത്രീകള്‍ മുഖം മറച്ചു പങ്കെടുക്കുന്നത് നാം കണ്ടതാണ്. അതില്‍ പങ്കെടുക്കുന്നവര്‍ക്കോ സംഘടിപ്പിച്ചവര്‍ക്കോ ആര്‍ക്കെങ്കിലും ലജ്ജ വേണ്ടേ ?  ഒരു പെണ്‍കുട്ടി അവളുടെ മുഖം പുറത്തു കാണിക്കാന്‍ അവകാശമില്ല എന്ന ജാത്യാചാരം പിടിമുറുക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതിനും തള്ളിക്കളയുന്നതിനും പകരം മറ്റൊരുവിധത്തില്‍ അതിന് സാമൂഹ്യാഅംഗീകാരം നേടിക്കൊടുക്കുകയാണ് ചെയ്തത്. ബൈബിള്‍, ഗീത, ഖുറാന്‍ എന്നിവ  വായിച്ചാല്‍ പിന്തിരിപ്പന്മാര്‍ ആകുമെന്നൊന്നും പറയുന്നില്ല. എന്നാല്‍ മതത്തിന്റെയും ജാതിയുടെയും ആചാരാനുഷ്ഠാനങ്ങളും അധികാരങ്ങളും ജാതിസ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും എതിരായിരിക്കരുത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായ സമരങ്ങള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറ്  വര്‍ഷത്തോളം പഴക്കമുണ്ട്. ഇപ്പോള്‍ സതി സമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കില്‍ അതിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു ബില്ല് കൊണ്ടുവന്നാല്‍ അത് പാസ്സാകുമെന്ന് ഉറപ്പില്ല.

മതേതര രാഷ്ട്രമായ ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യസഭയിലും കൂടി ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പാര്‍ലമെന്റിന്റെ കാലാവധിയും 'സെക്കുലര്‍ '  'സോഷ്യലിസ്റ്റ് ' എന്നീ പദങ്ങളും റദ്ദ് ചെയ്യാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടിയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം ഭരിക്കുന്നത്. ഈ സമയം നമ്മുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്. മറ്റുള്ളവര്‍ വര്‍ഗീയവാദികള്‍ അല്ലാതായിട്ട് നിങ്ങള്‍ക്ക് വര്‍ഗീയവാദികളല്ലാതാകാന്‍ പറ്റില്ല. ചുറ്റുമുള്ളവര്‍ വര്‍ഗീയവാദികള്‍ ആണ് എന്നത് വര്‍ഗീയവാദികള്‍ അല്ലാതാകണം എന്നതിലേക്കുള്ള സൂചകം ആണ് എന്നെടുക്കുകയാണ് ഓരോ പൗരാവകാശ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വം എന്ന് കാരശ്ശേരിമാഷ് പറഞ്ഞുനിറുത്തി.

സദസ്സില്‍നിന്നുള്ള സംശയങ്ങള്‍ക്ക് കാരശ്ശേരിമാഷ് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കി. മോന്‍സി കൊടുമണ്‍, അലക്‌സ് എസ്തപ്പാന്‍, ബാബു പാറക്കല്‍, കോരസണ്‍ വര്‍ഗീസ്, സാനി അമ്പൂക്കന്‍, സിബി ഡേവിഡ്, എം. പി. ഷീല എന്നിവര്‍ സദസ്സില്‍ നിന്നും ചോദ്യോത്തരവേളയെ സജീവമാക്കി. തുടര്‍ന്ന് 2019 നവംബറില്‍ ഡാളസ്സില്‍ നടക്കുന്ന ലാന കണ്‍വെന്‍ഷന്റെ ന്യുയോര്‍ക്ക് കിക്കോഫ് ലാന മുന്‍ പ്രസിഡന്റ് ജെ. മാത്യൂസിന്റെയും ജോയിന്റ് സെക്രട്ടറി കെ. കെ. ജോണ്‍സന്‍റെയും നേതൃത്വത്തില്‍ നടന്നു.

പരിപാടിയെ പരിപൂര്‍ണ്ണ വിജയമാക്കിയ സദസ്സിനും സമൂഹത്തിലെ ഇന്നത്തെ പൊരുത്തക്കേടുകളുടെ നേര്‍ചിത്രം വരച്ചുകാട്ടിയ പ്രൊഫസര്‍ എം. എന്‍. കാരശ്ശേരിക്കും പി. ടി. പൗലോസ് സര്‍ഗ്ഗവേദിയുടെയും കേരളാ സെന്ററിന്റെയും പേരില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന ഡിന്നറോടെ ഒരു സര്‍ഗ്ഗസായാഹ്നം പൂര്‍ണ്ണമായി.

ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)ഇന്ത്യ എഴുപതു വര്‍ഷം കൊണ്ട് മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു:   എം. എന്‍. കാരശ്ശേരി സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക