Image

കശ്‌മീരില്‍ പ്രത്യേക ഹിന്ദു കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി വീണ്ടും സജീവമാക്കി ബിജെപി

Published on 12 July, 2019
കശ്‌മീരില്‍ പ്രത്യേക ഹിന്ദു കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി വീണ്ടും സജീവമാക്കി ബിജെപി

ന്യൂഡല്‍ഹി: മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്‌മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കള്‍ക്ക്‌ പ്രത്യേക കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ബിജെപി വീണ്ടും പൊടിതട്ടിയെടുക്കുന്നതായി റിപോര്‍ട്ട്‌. 1989 കാലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ കശ്‌മീര്‍ താഴ്‌വരയില്‍ നിന്ന്‌ പലായനം ചെയ്‌ത രണ്ട്‌ ലക്ഷത്തിനും മൂന്ന്‌ ലക്ഷത്തിനും ഇടയില്‍ പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നതിന്‌ പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണെന്ന്‌ കശ്‌മീരിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്‌ പറഞ്ഞു.

താഴ്‌വരയിലേക്കു തിരിച്ചുവരുന്നതിനുള്ള പണ്ഡിറ്റുകളുടെ മൗലികാവകാശത്തെ മാനിക്കേണ്ടതുണ്ട്‌. അതേ സമയം അവര്‍ക്ക്‌ മതിയായ സുരക്ഷയും നല്‍കേണ്ടതുണ്ട്‌-റോയിട്ടേഴ്‌സ്‌ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ റാം മാധവ്‌ പറഞ്ഞു.

കശ്‌മീര്‍ താഴ്‌വരയിലുള്ള 70 ലക്ഷത്തോളം ജനങ്ങളില്‍ 97 ശതമാനവും മുസ്ലിംകളാണ്‌. ആയിരക്കണക്കിന്‌ സൈനികരെയും സായുധ പോലിസിനെയുമാണ്‌ സമാധാന പാലനത്തിനായി താഴ്‌വരയില്‍ വിന്യസിച്ചിട്ടുള്ളത്‌. 

ജമ്മു കശ്‌മീരില്‍ ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന സര്‍ക്കാര്‍ പ്രത്യേകമോ കൂടിക്കലര്‍ന്നതോ ആയ കുടിയേറ്റ നഗരങ്ങള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിച്ചിരുന്നുവെന്നും എന്നാല്‍, അതില്‍ അവര്‍ക്ക്‌ മുന്നോട്ട്‌ പോവാനായില്ലെന്നും റാം മാധവ്‌ പറഞ്ഞു.

പ്രത്യേകം വേര്‍തിരിച്ച അടച്ചുകെട്ടിയ പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിനോട്‌ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മുസ്‌ലിം നേതൃത്വത്തിനോ താഴ്‌വര വിട്ടുപോയ ഹിന്ദുക്കള്‍ക്കോ താല്‍പര്യമില്ല.

 കശ്‌മീര്‍ താഴ്‌വരയിലേക്കു തിരിച്ചുവരുന്ന പണ്ഡിറ്റുകള്‍ക്കായി സ്‌കൂളുകള്‍, ഷോപ്പിങ്‌ മാളുകള്‍, ഹോസ്‌പിറ്റലുകള്‍, കളിസ്ഥലങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട അതീവ സുരക്ഷയുള്ള കോളനികള്‍ നിര്‍മിക്കാനാണ്‌ 2015ല്‍ ജമ്മു കശ്‌മീര്‍ ഭരിച്ചിരുന്ന ബിജെപി സഖ്യ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക