Image

മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്‌; അയല കൂടി

Published on 12 July, 2019
മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്‌; അയല കൂടി


കൊച്ചി: മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്‌ രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്‌ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്‌. കഴിഞ്ഞവര്‍ഷം ഇന്ത്യയിലാകെ മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം മത്തി കുറഞ്ഞു. 

കേരളത്തിലെ കുറവ്‌ 39 ശതമാനമാണ്‌. 2017ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്‌ബതിനായിരം ടണ്‍ കുറഞ്ഞ്‌ ആകെ 77,093 ടണ്‍ മത്തിയാണ്‌ കേരളത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ചത്‌. എന്നാല്‍, മറ്റ്‌ മീനുകള്‍ കൂടിയതിനാല്‍ കടലില്‍ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയില്‍ 10 ശതമാനം വര്‍ധനവുണ്ടായി. പോയവര്‍ഷം 6.42 ലക്ഷം ടണ്‍ മത്സ്യമാണ്‌ സംസ്ഥാനത്ത്‌ പിടിച്ചത്‌. 

മുന്‍വര്‍ഷം ഇത്‌ 5.85 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന്‌ പിടിച്ച മീനുകളുടെ കണക്ക്‌ വെള്ളിയാഴ്‌ചയാണ്‌ സിഎംഎഫ്‌ആര്‍ഐ പുറത്തുവിട്ടത്‌.
മത്തി കുറഞ്ഞപ്പോള്‍ സംസ്ഥാനത്ത്‌ അയല ഗണ്യമായി കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനമാണ്‌ വര്‍ധനവ്‌. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അയലയാണ്‌ ഒന്നാം സ്ഥാനത്ത്‌. 

അയലയ്‌ക്ക്‌ പുറമേ, കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയും കേരളത്തില്‍ കൂടി. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയില്‍ ആകെയുള്ള മത്സ്യോല്‍പാദനം 34.9 ലക്ഷം ടണ്‍ ആണ്‌. മുന്‍വര്‍ഷത്തേക്കാള്‍ ഒമ്‌ബത്‌ ശതമാനം കുറവുണ്ടായി. 

ഒന്നാം സ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തില്‍ ഒമ്‌ബതാം സ്ഥാനത്തേക്ക്‌ കൂപ്പു കുത്തിയതും പശ്ചിമബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതുമാണ്‌ രാജ്യത്തെ മൊത്തം മത്സ്യലഭ്യതയില്‍ ഇടിവ്‌ വന്നത്‌.

കേരളം ഇക്കുറിയും മത്സ്യോല്‍പ്പാദനത്തില്‍ രാജ്യത്ത്‌ മൂന്നാമതാണ്‌. ഗുജറാത്ത്‌ ഒന്നാം സ്ഥാനത്തും തമിഴ്‌നാട്‌ രണ്ടാം സ്ഥാനത്തുമാണ്‌. ആകെ മത്സ്യോല്‍പ്പാദനത്തിന്റെ 25 ശതമാനമാണ്‌ കേരളത്തില്‍ നിന്ന്‌ കിട്ടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക