Image

കടല്‍ക്കൊല: ഒത്തുതീര്‍പ്പ് കരാര്‍ പാഴ്ക്കടലാസെന്ന് സുപ്രീംകോടതി

Published on 30 April, 2012
കടല്‍ക്കൊല: ഒത്തുതീര്‍പ്പ് കരാര്‍ പാഴ്ക്കടലാസെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ വെറും പാഴ്ക്കടലാസാണെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസില്‍ ഇതിന് യാതൊരു വിലയും ഇല്ല. ചവറ്റുകൊട്ടയില്‍ മാത്രമാണ് ഇത്തരം ഒത്തുതീര്‍പ്പ് കരാറിന് സ്ഥാനമെന്നും കോടതി അഭിപ്രായപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കരാര്‍ തയാറാക്കിയ അഭിഭാഷകര്‍ ഇന്ത്യയിലെ നിയമം അനുസരിക്കണമായിരുന്നുവെന്നും ഇതുകൊണ്ടുള്ള ദൂഷ്യവശങ്ങള്‍ കക്ഷികളെ പറഞ്ഞു മനസിലാക്കണമെന്നും കോടതി പറഞ്ഞു. കപ്പല്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ സമയം വേണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറ്റലിയില്‍ പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണെന്നും 12.30 ഓടെ യോഗം പൂര്‍ത്തിയായി നിലപാട് അറിയിക്കാനാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് കോടതി കേസ് 12.30 ന് പരിഗണിക്കാനായി മാറ്റി. കരാറിനെ ഇന്നലെയും കോടതി വിമര്‍ശിച്ചിരുന്നു.

ഹര്‍ജിയിലെ വാദം തുടരവേയാണ് ജസ്റ്റീസുമാരായ എച്ച്.എല്‍. ഗോഖലെയും ആര്‍.എം. ലോധയും കരാറിനെ വിമര്‍ശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക