Image

വ്യാജരേഖ: മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് അറസ്റ്റില്‍

Published on 11 July, 2019
വ്യാജരേഖ: മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസില്‍ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് വിഷ്ണു റോയി് അറസ്റ്റില്‍. ബംഗളൂരുവില്‍ വെച്ച് പിടിയിലായ വിഷ്ണുവിനെ കൊച്ചിയില്‍ എത്തിച്ചു.

ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിന്റെ അറസ്റ്റ്. വ്യാജരേഖ ഉണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ നല്‍കിയത് വിഷ്ണു റോയി ആണെന്ന് ആദിത്യന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഫാ. പോള്‍ തേലക്കാട്ടാണ് ഒന്നാം പ്രതി. ബിഷപ് ജേക്കബ് മനത്തോടത്ത്, ആദിത്യന്‍, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലുവരെ പ്രതികള്‍.

ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയെന്നാണ് കേസ്. അവ ഫാ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ വഴി അയച്ചു. ബിഷപ് ജേക്കബ് മനത്തോടത്ത് ഇവ സീറോ മലബാര്‍ സഭ സിനഡില്‍ അവതരിപ്പിച്ചു.

ജനുവരി ഏഴിന് മെത്രാന്‍ സിനഡ് നടന്ന സമയത്ത് ആലഞ്ചേരി വ്യവസായിക്ക് കോടികള്‍ മറിച്ചു നല്‍കിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോള്‍ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആലഞ്ചേരി ആരോപണം നിഷേധിച്ചു.

തുടര്‍ന്ന് സഭ നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സിനഡിന്റെ നിര്‍ദേശ പ്രകാരം കേസ് നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക