Image

ഫ്‌ളക്‌സ്‌ വിവാദം; ചടങ്ങിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള കത്തിന്‌ രാഹുല്‍ നല്‍കിയ മറുപടി പുറത്ത്‌

Published on 11 July, 2019
ഫ്‌ളക്‌സ്‌ വിവാദം; ചടങ്ങിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള കത്തിന്‌ രാഹുല്‍ നല്‍കിയ മറുപടി പുറത്ത്‌


കോഴിക്കോട്‌: അഗസ്‌ത്യന്‍ മുഴി കുന്ദമംഗലം റോഡ്‌ നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടന ചടങ്ങിന്റെ ഫള്‌ക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്‌ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട്‌ എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത്‌ വലിയ വിവാദമായിരുന്നു. 

രാഹുല്‍ പങ്കെടുക്കുമെന്ന്‌ അറിയിക്കാതെയാണ്‌ ചടങ്ങില്‍ പേരുള്‍പ്പെടുത്തിയതെന്നും ഇത്‌ അദ്ദേഹത്തെ അപമാനിക്കാനാണെന്നുമായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരിച്ചത്‌.

എന്നാല്‍ ഉദ്‌ഘാടനച്ചടങ്ങിലേക്ക്‌ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തിന്‌ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.

ജൂലൈ പത്തിന്‌ ജോര്‍ജ്‌ എം തോമസിന്‌ അയച്ച മറുപടിക്കത്തില്‍ സി.പി.ഐ. എം എം.എല്‍.എയുടെ ക്ഷണത്തിന്‌ രാഹുല്‍ നന്ദി അറിയിക്കുന്നുണ്ട്‌. എം.എല്‍.എയേക്കൂടാതെ പി.ഡബ്ലി.യു.ഡി എഞ്ചിനീയറും തന്നെ ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചതായി രാഹുല്‍ പറഞ്ഞു.

ചടങ്ങിലേക്ക്‌ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അപ്രതീക്ഷിതമായ ഒരു ആവശ്യം വന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ്‌ രാഹുല്‍ മറുപടി നല്‍കിയത്‌.

വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്‌. സുരക്ഷ കണക്കിലെടുത്ത്‌ ഹെയര്‍പിന്‍ വളവുകള്‍ വീതി കൂട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നു. പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ച സര്‍ക്കാരിനും ഉദ്യോസ്ഥര്‍ക്കും അഭിനന്ദനം- രാഹുല്‍ മറുപടി കത്തില്‍ പറഞ്ഞു.


ഇങ്ങനെയൊരു ചടങ്ങ്‌ സംബന്ധിച്ച്‌ രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ വയനാട്‌ ഡി.സി.സി പ്രസിഡന്റ്‌ ഐ.സി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത്‌.

പ്രസ്‌തുത റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലത്തിലായിരിക്കെ അവിടുത്തെ എം.പിയായ എം.കെ രാഘവനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുന്ദമംഗലം എം.എല്‍.എയെ ഉള്‍പ്പെടുത്തിയെന്നും ഇതെല്ലാം സി.പി.ഐ.എമ്മിന്റെ കുതന്ത്രമാണെന്നുമായിരുന്നു കോണ്‍ഗ്രസ്‌ ആരോപിച്ചത്‌. ഇതോടെ ജോര്‍ജ്‌ എം തോമസ്‌ എം.എല്‍.എ താന്‍ എട്ടാം തീയതി രാഹുല്‍ ഗാന്ധിക്ക്‌ അയച്ച കത്ത്‌ പുറത്തുവിട്ടിരുന്നു.

ജൂലൈ 13 നാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. ജോര്‍ജ്‌ എം തോമസ്‌ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പിടിഎ റഹീം എം.എല്‍.എ മുഖ്യ പ്രഭാഷകനാണെന്നും രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്നും ഫ്‌ളക്‌സില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം രാഹുലിന്റെ ചെറിയ ഫോട്ടോ നല്‍കിയ ഫ്‌ളക്‌സ്‌ സോഷ്യല്‍ മീഡിയയിലും വലിയ തോതില്‍ പ്രചരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക