Image

ബാലഭാസ്‌കറുടെ മരണം: സോബിക്കെതിരായ വധഭീഷണിയില്‍ അന്വേഷണം വേണം: ഹൈക്കോടതി

Published on 10 July, 2019
 ബാലഭാസ്‌കറുടെ മരണം: സോബിക്കെതിരായ വധഭീഷണിയില്‍ അന്വേഷണം വേണം: ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പൊലീസിനു മൊഴി നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഉയര്‍ന്ന വധഭീഷണിയില്‍ അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. തനിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

വിദേശത്തു നിന്നു വിളിച്ച മൊബൈല്‍ നമ്പരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനിടെ ലഭിമായ വിവരങ്ങള്‍ സോബി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നും ജഡ്ജിമാരായ വിനോയ് ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പൊലീസിനോട് നിര്‍ദേശിച്ചു.

വിദേശത്തു നിന്നുള്ള ഏതാനും നമ്പരുകളില്‍ നിന്നാണ് തന്റെ മൊബൈല്‍ ഫോണിലേയ്ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ ‘തട്ടിക്കളയും’ എന്ന് ഭീഷണിപ്പെടുത്തി വിളി വന്നത്. മാത്രമല്ല, തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയില്‍ അജ്ഞാതരായ ചിലര്‍ വന്ന് ഫോട്ടോ പകര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സിസിടിവിയില്‍ നിന്നാണ് വ്യക്തമായത്. തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരനു വേണ്ടി അഭിഭാഷകന്‍ ടി.എം. രാമന്‍ കര്‍ത്തയാണ് കോടതിയില്‍ ഹാജരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക