Image

ഗോവയില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 10 July, 2019
ഗോവയില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു


പനജി ഃ കര്‍ണാടകയിലെ വിമതനീക്കത്തിനു പിന്നാലെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു കൂടുതല്‍ തലവേദന സൃഷ്ടിച്ച് അയല്‍ സംസ്ഥാനമായ ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും. പത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.  

ഗോവയിലെ പ്രതിപക്ഷ നേതാവു കൂടിയായ ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് പത്ത് എംഎല്‍എമാര്‍ സ്പീക്കര്‍ രാജേഷ് പട്‌നേക്കറിനെ നേരില്‍ കണ്ട് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപി പക്ഷത്തേക്കു മാറുന്നതായി അറിയിച്ചത്. ഗോവ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 15 നാണ് തുടങ്ങുന്നത്.

ബിജെപിയിലേക്ക് അണിചേര്‍ന്ന എംഎല്‍എമാരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും സ്വന്തം മണ്ഡലത്തിന്റെയും വികസനത്തിനാണ് ഇവര്‍ ബിജെപിയിലെത്തിയതെന്ന് സാവന്ത് പറഞ്ഞു. ഉപാധികള്‍ ഒന്നും കൂടാതെയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്കു വന്നതെന്നും സാവന്ത് അവകാശപ്പെട്ടു.

15 അംഗങ്ങളാണ് ഗോവയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. കക്ഷിനിലയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും ഉള്‍പ്പെട്ട നീക്കമായതിനാല്‍ കൂറുമാറ്റ നിരോധന നിയമം 10 അംഗങ്ങള്‍ക്കും മറികടക്കാനാകും. മുന്‍ മുഖ്യമന്ത്രിമാര്‍ കൂടിയായ പ്രതാപ് സിങ് റാണെ, ദിഗംബര്‍ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവര്‍ക്കൊപ്പം കര്‍ട്ടോറിം എംഎല്‍എ അലക്‌സിയോ റെജിനാള്‍ഡോ ലൊറന്‍സോയും മാത്രമാണ് കോണ്‍ഗ്രസില്‍ തുടരുന്നത്.  

ഗോവയിലെ നാല്‍പതംഗ നിയമസഭയില്‍ ബിജെപിക്ക് 17 അംഗങ്ങളാണുള്ളത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്നു എംഎല്‍എമാരും മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പിന്തുണ നല്‍കുന്ന ആറ് എംഎല്‍എമാരും നിലവില്‍ മന്ത്രിമാരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക