Image

ഒന്നും പറയാതെ (ഡോ.ജയശ്രീ രാധാകൃഷ്ണന്‍)

Published on 10 July, 2019
ഒന്നും പറയാതെ (ഡോ.ജയശ്രീ രാധാകൃഷ്ണന്‍)
ആ വീടിനുള്ളില്‍ അവള്‍ക്ക് ഈയിടെയായി ശ്വാസം മുട്ടുന്നു. അതോ തോന്നലാണോ ഈ വീര്‍പ്പുമുട്ടല്‍. എപ്പോഴും കാറ്റ് കയറി ഇറങ്ങി പോകുന്ന ആ വീട് അവള്‍ക്കുവേണ്ടി ആണ് അയാള്‍ വാങ്ങിയത്. കാറ്റില്ലാത്ത മുറികളില്‍, ആളുകള്‍ തിങ്ങി നിറഞ്ഞ ഇടങ്ങളില്‍, എണ്ണയില്‍ ആഹാര സാധനങ്ങള്‍ വറുത്തെടുക്കുന്ന കടകള്‍ ഉള്ള തെരുവുകളില്‍, ഒക്കെ അവള്‍ ശ്വാസം കിട്ടാതെ വിഷമിക്കുന്നത് അയാള്‍ക്ക് അറിവുള്ളതാണല്ലോ. ചിലപ്പോളൊക്കെ അവള്‍ മനം പിരട്ടല്‍ ഉണ്ടായി ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

അയാള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിരുന്നില്ല. പുല്‌നാമ്പുകളും, സൂര്യപ്രകാശവും ഉള്ള തുറസായ പറമ്പുകളില്‍ ചെരിപ്പില്ലാതെ അവള്‍ നടന്നിരുന്നു, വനപാതകളില്‍ കാറിന്റെ ചില്ലു താഴ്ത്തി വെച്ചു കാടിന്റെ മണം കിട്ടുന്നു എന്ന് വിളിച്ചു പറയുമായിരുന്നു. എനിക്ക് താമസിക്കാന്‍ കാറ്റും, സൂര്യപ്രകാശവും ആവോളം കയറി ഇറങ്ങുന്ന, വലിയ ജാലകങ്ങള്‍ തുറക്കുമ്പോള്‍ മേഘങ്ങളും നിലാവും കാണാന്‍ പറ്റുന്ന ഒരു ചെറിയ വീട് മതി എന്നവള്‍ ഇടയ്ക്കു പറഞ്ഞിരുന്നു.

വളരെ കാലം നീണ്ട തിരച്ചിലിനു ഒടുവിലാണ് അയാള്‍ ഈ വീട് കണ്ടെത്തിയത്.ആ വീടിന്റെ വെള്ള അടിച്ച ചുവരുകള്‍ ശൂന്യമായിരുന്നു . മെലിഞ്ഞ കാലുകള്‍ ഉള്ള ഫര്‍ണിച്ചര്‍ കള്‍, പച്ചയും വെള്ളയും ഇടകലര്‍ന്ന ജാലക വിരികള്‍, സ്ഫടിക നിര്‍മിതമായ നീണ്ട പൂ പത്രങ്ങള്‍, ആ വീട്ടില്‍ അലങ്കാര വസ്തുക്കള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. ജാലക പടിയില്‍ ഇളം പച്ച നിറമുള്ള, ഇലകള്‍ മാത്രം ഉള്ള ചെടികള്‍ അവള്‍ വളര്‍ത്തി. വെളിച്ചവും കാറ്റും തടസപ്പെടുത്തുന്ന ഒന്നിനും ആ വീട്ടില്‍ സ്ഥാനമുണ്ടായിരുന്നില്ല.

തടിച്ച പരവതാനികള്‍, രൂക്ഷ ഗന്ധവും, കടും നിറങ്ങളും ഉള്ള പൂക്കള്‍, ഉച്ചഭാഷിണികള്‍, എന്തിനു കൂടുതല്‍ ചോദ്യങ്ങള്‍, സംസാരങ്ങള്‍ ഒന്നും അവള്‍ക്ക് താങ്ങാനാവുമായിരുന്നില്ല.
ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ പലരും അവളെ കുറിച്ച് അറിയാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍, അവള്‍ സമ്മര്‍ദ്ദത്തില്‍ ആയി പോയിരുന്നു. അനേകം ചോദ്യങ്ങള്‍ വീര്‍പ്പു മുട്ടിച്ചപ്പോള്‍, എങ്ങോട്ടെങ്കിലും ഓടി പോകാന്‍ പോലും അവള്‍ക്കു തോന്നിയിരുന്നു.

ഏതോ ആദിമ പാചക വിധികളിലെ ശുദ്ധത തേടിയുള്ള മടക്കയാത്രകള്‍ ആയിരുന്നു അവളുടെ വിഭവങ്ങള്‍. ഒരിക്കല്‍ അവളുണ്ടാക്കിയ അരി കൊണ്ടുള്ള അപ്പം രുചിച്ച, അവളുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകന്‍ ആയ ചീനന്‍, അത്ഭുതാദരവുകളോടെ അത് അദേഹത്തിന്റെ അദേഹത്തിന്റെ ചെറുപ്പത്തില്‍ രുചിച്ചിരുന്ന ഏതോ വിഭവം ഓര്‍മിപ്പിച്ചു എന്ന് പറഞ്ഞപ്പോള്‍, അവളുടെ കണ്ണുകളില്‍ അത്ഭുതവും, അയാളുടെ കണ്‍കോണുകളില്‍ ചെറു ചിരിയും പടര്‍ന്നത് ഒരുമിച്ചായിരുന്നു. അന്നുമുതല്‍ ചൈനക്കാര്‍ തനിമയും, ശുദ്ധതയും ഉള്ള ആളുകളാണെന്നു അവള്‍ വിശ്വസിക്കാന്‍ തുടങ്ങി.

ശുദ്ധതയും തനിമയും ഇല്ലാത്ത ആളുകളെ, പാട്ടുകളെ, രുചികളെ ഒക്കെ വേണ്ടെന്നു വെക്കാന്‍ അവള്‍ പരിശ്രമിച്ചിരുന്നു.

ചില പത്ര വാര്‍ത്തകളും, അറിവുകളും പോലും അവളെ അരക്ഷിത ആക്കി. ജീവന്റെ നീരുറവകള്‍ വറ്റി തീരുന്നതും, അറിയാത്ത നാടുകളിലെ അത്യുഷ്ണവും, അതി വര്‍ഷവും ഒക്കെ അവളുടെ സ്വസ്തത കെടുത്തി. പൂമ്പാറ്റകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് എന്തിനെന്നു ഓര്‍ത്തു , മെലിഞ്ഞുണങ്ങിയ ഹിമകരടി യുടെ ചിത്രങ്ങള്‍ മനസ്സില്‍ നിന്നു മായുന്നില്ല.

ഉത്തരം കിട്ടാത്ത അവളുടെ ഓരോ ചോദ്യങ്ങളുടെയും മുന ചെന്ന് തൊടുക അയാളില്‍ ആണ്.
ശ്വാസം മുട്ടുന്നു എന്ന് അസ്വസ്ഥയായ അവളോട്, ലളിതമെന്നു തോന്നുന്ന നിന്റെ ആഗ്രഹങ്ങള്‍ ഏറ്റവും അപ്രാപ്യമാണ് എന്ന് പറയാന്‍ അയാള്‍ക്ക് മനസു വന്നില്ല. അവളുടെ കാഴ്ചയെയും, കാറ്റിനെയും വിഴുങ്ങുന്ന ദുരന്തത്തിന്റെ ഗുഹാമുഖത്താണ് നമ്മള്‍ എന്ന് അവളോട് പറയാന്‍ അയാള്‍ ഭയന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക