Image

പുറത്താക്കിയതിനു പിന്നില്‍ സദാനന്ദ ഗൗഡ; ടോം ജോസ് ഉള്‍പ്പെടെയുള്ള ലോബി തനിക്കെതിരെന്ന് രാജു നാരായണ സ്വാമി

Published on 10 July, 2019
പുറത്താക്കിയതിനു പിന്നില്‍ സദാനന്ദ ഗൗഡ; ടോം ജോസ് ഉള്‍പ്പെടെയുള്ള ലോബി തനിക്കെതിരെന്ന് രാജു നാരായണ സ്വാമി

കൊച്ചി: തന്നെ നാളീകേര വികസന ബോര്‍ഡില്‍നിന്നു പുറത്താക്കിയതിനു പിന്നില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണെന്ന് രാജു നാരായണ സ്വാമി. ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെട്ട ലോബി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാജു നാരായണ സ്വാമി ആരോപിച്ചു.


നാളീകേര വികസന ബോര്‍ഡില്‍ മുന്‍ ചെയര്‍മാന്‍മാരുടെ കാലത്തു നടന്ന ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരികയാണ് താന്‍ ചെയ്തത്. കര്‍ണാടകയിലെ മാണ്ഡ്യ ഫാമില്‍നിന്നു മുന്നൂറില്‍പ്പരം തേക്കു മരങ്ങള്‍ മുറിച്ചു മാറ്റിയത് കണ്ടെത്തി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഫാം മാനേജര്‍ ചിന്നരാജനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടി നിര്‍ത്തിവയ്ക്കാന്‍ സദാനന്ദ ഗൗഡ ആവശ്യപ്പെട്ടതായി രാജു നാരായണ സ്വാമി മാധ്യമങ്ങളോടു പറഞ്ഞു.


മാര്‍ച്ച്‌ ആറിനാണ് തന്നെ ബോര്‍ഡില്‍നിന്നു മാറ്റിയത്. ഇതിനു പിന്നാലെ ചിന്നരാജനെ ത്രിപുരയിലെ നിറ്റാചര ഫാമില്‍ വീണ്ടും നിയമിച്ചു. ജൂണിലെ മുഴുവന്‍ ശമ്ബളം നല്‍കിയാണ് തിരിച്ചെടുക്കല്‍. ഇതിനെല്ലാം വേണ്ടിയാണ് തന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റിയതെന്നു സംശയിക്കാവുന്നതാണെന്ന് സ്വാമി പറഞ്ഞു.

ബംഗളൂരു ഓഫിസില്‍ കൊടിയ അഴിമതിയാണ് കണ്ടെത്തിയത്. പട്ടിക ജാതി, വര്‍ഗക്കാര്‍ക്കുള്ള കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും കൈക്കലാക്കി. ഇതില്‍ അന്വേഷിച്ച്‌ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. ഹേമചന്ദ്ര, സിമി തോമസ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയായ സദാനന്ദ ഗൗഡ കത്തു നല്‍കി. ഈ കത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.


തന്റെ പേരില്‍ ഒരു എന്‍ക്വയറി റിപ്പോര്‍ട്ടുമില്ല. ഇപ്പോള്‍ ലോക്‌സഭയില്‍ ചോദ്യത്തിന് ഉത്തരമായി വന്ന മറുപടി വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധാരണാജനകമായ ഈ മറുപടി തയാറാക്കി നല്‍കിയത് സേന്ദ്ര കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ ആണ്. ഇദ്ദേഹം ടോം ജോസിന്റെ ബാച്ച്‌ മേറ്റ് ആണ്. ഇതെല്ലാം കൂട്ടി വായിക്കാവുന്നതാണെന്ന് രാജു നാരായണ സ്വ്ാമി പറഞ്ഞു.


തന്നെ സര്‍വീസില്‍നിന്നു നീക്കാന്‍ ശ്രമിക്കുന്നത് ടോം ജോസ് ഉള്‍പ്പെടെയുള്ളവരാണ്. സിന്ധു ദുര്‍ഗ, കെഎംഎംഎല്‍ അഴിമതിക്കേസുകളില്‍ പെട്ടയാളാണ് ടോം ജോസ്. അഴിമതി ലോബി അഴിമതിക്കാരനല്ലാത്ത ഒരാളെ പുറത്താന്‍ ശ്രമിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഇക്കാര്യത്തില്‍ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക