Image

കൊക്കിന്‌ ജീവന്‍ ഉള്ള കാലത്തോളം കോണ്‍ഗ്രസ്സുകാരന്‍! പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

Published on 10 July, 2019
 കൊക്കിന്‌ ജീവന്‍ ഉള്ള കാലത്തോളം കോണ്‍ഗ്രസ്സുകാരന്‍! പ്രയാര്‍ ഗോപാലകൃഷ്‌ണന്‍


പത്തനംതിട്ട: ബിജെപി കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ്‌ അടക്കമുളള പാര്‍ട്ടികളില്‍ നിന്ന്‌ വലിയ ചോര്‍ച്ചയാണ്‌ നടക്കുന്നത്‌. മറ്റ്‌ പാര്‍ട്ടികളില്‍ നിന്നുളള വന്‍ സ്രാവുകളെയൊന്നും കേരളത്തില്‍ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപിക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല.

അംഗത്വ ക്യാംപെയ്‌ന്‍ ആരംഭിച്ചതോടെ രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ബിജെപിയില്‍ എത്തും എന്നാണ്‌ ശ്രീധരന്‍ പിളള അടക്കമുളള നേതാക്കളുടെ അവകാശവാദം. ബിജെപിയില്‍ ചേരുമെന്ന്‌ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പരന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒരാള്‍ പ്രയാര്‍ ഗോപാലകൃഷ്‌ണനാണ്‌.

കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ്‌ അംഗമായ ജി രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്‌ പോകുമെന്നുളള വാര്‍ത്തകള്‍ പരന്നത്‌. ശബരിമല വിവാദകാലത്ത്‌ അത്തരം അഭ്യൂഹങ്ങള്‍ ശക്തമായി വേരുപിടിച്ചു. 

കെ സുധാകരന്റെയും പ്രയാര്‍ ഗോപാലകൃഷ്‌ണന്റെയും പേരുകളാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത്‌. ഇരുവരും ബിജെപി നേതാക്കളേക്കാള്‍ ശക്തമായി ശബരിമല സ്‌ത്രീ പ്രവേശനത്തിന്‌ എതിരെ വാദിച്ചവരാണ്‌.


പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ബിജെപി തനിക്ക്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തതായി പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. 

പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്ന്‌ ബിജപി നേതാവ്‌ ആവശ്യപ്പെട്ടതായിട്ടായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന്‌ പ്രയാര്‍ പ്രഖ്യാപിച്ചു.

പത്തനംതിട്ടയില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ 1 ലക്ഷം വോട്ടിന്‌ ജയിക്കുമായിരുന്നു എന്ന്‌ പ്രയാര്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകളോട്‌ രൂക്ഷമായി പ്രയാര്‍ പ്രതികരിച്ചിട്ടുണ്ട്‌. 


പത്തനംതിട്ടയില്‍ ഞാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക്‌ വിജയിക്കുമെന്ന്‌ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും പ്രചരണമുണ്ടായി. എന്നാല്‍ ഈ വാര്‍ത്തകളോട്‌ രൂക്ഷമായ ഭാഷയില്‍ എക്കാലത്തും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്‌. 

ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന്‌ വിളിച്ചിട്ടുള്ളൂ, അതിനാല്‍ എനിക്ക്‌ ഈ വിഷയത്തില്‍ ഒരു നിലപാടേയുള്ളൂ. ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയാണ്‌. 

എന്റെ കൊക്കിന്‌ ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പുവേളയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളില്‍ പ്രചരണത്തിന്‌ എത്തിയിരുന്നു.പ്രയാര്‍വെളിപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക