Image

സ്വര്‍ണാഭരണങ്ങള്‍ക്ക്‌ നികുതി: പരിധി രണ്ട്‌ ലക്ഷമായി ഉയര്‍ത്തുമെന്ന്‌ ധനമന്ത്രി

Published on 30 April, 2012
സ്വര്‍ണാഭരണങ്ങള്‍ക്ക്‌ നികുതി: പരിധി രണ്ട്‌ ലക്ഷമായി ഉയര്‍ത്തുമെന്ന്‌ ധനമന്ത്രി
ദുബൈ: വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന സ്‌ത്രീകള്‍ക്ക്‌ നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണാഭരണങ്ങളുടെ വില പരിധി രണ്ട്‌ ലക്ഷം രൂപയായി ഉയര്‍ത്തുന്നു. നിലവില്‍ ഇത്‌ 20,000 രൂപയാണ്‌. അടുത്ത പാര്‍ലമെന്‍റ്‌ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ഇക്കാര്യം പ്രഖ്യാപിച്ചേക്കും. വിദേശത്തു നിന്ന്‌ വരുന്ന സ്‌ത്രീകള്‍ക്ക്‌ ധരിക്കാവുന്ന സ്വര്‍ണത്തിന്‍െറ വില പരിധി ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്‌, ആന്‍േറാ ആന്‍റണി എം.പി എന്നിവര്‍ ധനമന്ത്രിയെ നേരില്‍ കണ്ട്‌ ആവശ്യമുന്നയിച്ചിരുന്നു. പരിധി രണ്ട്‌ ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന്‌ ഈ നിവേദക സംഘത്തിനാണ്‌ മന്ത്രി ഉറപ്പുനല്‍കിയത്‌.

പ്രവാസികളടക്കമുള്ള സ്‌ത്രീകള്‍ക്ക്‌ ഏറെ ആശ്വാസമാകുന്ന ഈ നിയമ ഭേദഗതി എത്രയും പെട്ടെന്ന്‌ നടപ്പാകുമെന്ന്‌ ആന്‍േറാ ആന്‍റണി പറഞ്ഞു. വിദേശത്തു നിന്ന്‌ വരുന്ന സ്‌ത്രീകള്‍ക്ക്‌, ധരിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ പേരില്‍ വിമാനത്താവളങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ മന്ത്രിമാര്‍ക്കൊപ്പം ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. അദ്ദേഹത്തിന്‍െറ ഭാഗത്തു നിന്ന്‌ മികച്ച പ്രതികരണുണ്ടായതെന്നും എം.പി വ്യക്തമാക്കി. കുറഞ്ഞ അളവിലുള്ള സ്വര്‍ണാഭരണങ്ങള്‍ മലയാളി സ്‌ത്രീകളുടെ നിത്യ ജീവിതത്തിന്‍െറ ഭാഗമാണ്‌. 20,000 രൂപയില്‍ കൂടുതല്‍ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന സ്‌ത്രീകള്‍ നികുതി നല്‍കണമെന്നാണ്‌ നിയമം. സ്വര്‍ണത്തിന്‌ പവന്‌ 1,500 രൂപ വിലയുള്ളപ്പോഴാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വന്നത്‌. താലി മാലയും മഹറും ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ പോലും നികുതി നല്‍കേണ്ട അവസ്ഥയാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നതെന്നും അടിയന്തരമായി പരിധി ഉയര്‍ത്തണമെന്നുമാണ്‌ ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടതെന്നും ആന്‍േറ ആന്‍റണി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്‌ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന്‌ കസ്റ്റംസ്‌ തീരുവ നല്‍കണമെന്നാണ്‌ നിയമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക