Image

ഉപേക്ഷിച്ചു പോയ വീട് (കവിത-ലിഖിത ദാസ്)

Published on 07 July, 2019
ഉപേക്ഷിച്ചു പോയ വീട് (കവിത-ലിഖിത ദാസ്)
ഉപേക്ഷിച്ചു പോയ ഒരു വീട്ടിലേയ്ക്ക്
വീണ്ടുമെപ്പോഴെങ്കിലും
കയറിച്ചെന്നിട്ടുണ്ടൊ...
അമ്മയെക്കാണാതെ ഒറ്റയ്ക്കായിപ്പോയ
ഒരു കുഞ്ഞിനെപ്പോലെ അത്
കണ്ണുനിറഞ്ഞ് വിതുമ്പി നില്പുണ്ടാവും.

വാതില്‍ തുറക്കുമ്പൊ
നിങ്ങളെ മാത്രം കാത്തിരുന്നു
വേവലാതിപ്പെട്ടതിന്റെ
ഒച്ചയടഞ്ഞ നിലവിളി വാതില്‍പ്പാളികളില്‍
പതിഞ്ഞു കിടപ്പുണ്ടാകും.

ഇനിയും വരുമെന്ന നീണ്ടകാലത്തെ
പ്രതീക്ഷയില്‍ അടുക്കളമുറ്റത്തെ കറിവേപ്പിലത്തൈ
ദാഹിച്ചിട്ടും വിശന്നിട്ടും
വാശിയോടെ വളര്‍ന്നു കാണും

കിടപ്പുമുറിയിലെ കസേരയില്‍ നിങ്ങള്‍
പൊതിഞ്ഞുകൊണ്ടുപോകാന്‍
മറന്നൊരു
കുഞ്ഞുടുപ്പ് കാണും.
വളര്‍ന്നു പോയ മകള്‍ക്കത്
പാകമാവില്ലെങ്കില്‍ കൂടി
എടുത്തു കയ്യില്‍ വയ്ക്കണം...

പച്ചകെട്ടിയ കിണറ്റിലെ വെള്ളം
ഒരല്പം മുക്കിക്കുടിക്കാന്‍ മറക്കരുത്..
ഇറങ്ങിപ്പോയ അന്നു തുടങ്ങിയ
വല്ലാത്തൊരു ദാഹം
ഒറ്റക്കവിള്‍ കൊണ്ട് ശമിച്ചു പോകും.

പറമ്പില്‍ കിടക്കുന്ന അച്ഛനോട് ചെന്ന്
കുറച്ചെന്തെങ്കിലും മിണ്ടാന്‍ മറക്കരുത്..
മരിച്ചപ്പോഴും കറുത്തിരുന്ന താടിമീശ
നിങ്ങള്‍ വരുന്നതും നോക്കിയിരുന്ന്
വല്ലാതെ നര കയറിയിട്ടുണ്ടാകും..
എന്നത്തെയും പോലെതന്നെ
പരാതികളൊന്നുമില്ലാതെ
നിങ്ങളേ കേട്ടിരിക്കും ആ മനുഷ്യന്‍.

തുറന്നിട്ട കൂട്ടില്‍ നിന്ന്
ഇല്ലാത്തൊരു മുരളല്‍ കേള്‍ക്കും..
ജനാലയ്ക്കല്‍ നിന്ന്
'ആരാ അവടേ...' ന്ന് ഒരു വിളി
കേട്ടെന്ന് തോന്നും.
മുറികള്‍ക്കുള്ളില്‍ നിന്നും
അമ്മയുടെ...അനിയത്തിയുടെ..
പാത്രത്തിന്റെ ഒച്ചകള്‍
ഇടവിട്ടു കേള്‍ക്കും.

അടുക്കളച്ചുവരിലെ മഞ്ഞ കേറിയ
കലണ്ടറില്‍ നിന്ന്
നിങ്ങള്‍ മറന്നുപോയ
ആ അവസാന വര്‍ഷം
'മറന്നുവോ..?'
എന്നൊരു ചോദ്യവുമായി ഇറങ്ങിവരും.

നിങ്ങളുടെ പഴയ കിടയ്ക്കക്കരികില്‍
ഒടുക്കം വായിച്ച പുസ്തകം
നെടുകെ തുറന്ന് കിടപ്പുണ്ടാകും..
ഇനിയതു വായിക്കരുത്.
ഒറ്റയ്ക്കായിപ്പോയതിന്റെ വേദനയില്‍
ഹൃദയം പൊടിഞ്ഞു പോയ അതിനെ
അത്ര സ്‌നേഹത്തില്‍ വായിക്കാന്‍
ഇനിയൊരിക്കലും നിങ്ങള്‍ക്ക്
കഴിഞ്ഞെന്നു വരില്ല.

നടക്കുമ്പോള്‍ നിലത്തേയ്ക്ക് നോക്കുക..
നിങ്ങളുടെ പാദങ്ങള്‍ അത്രയേറെ
സൂക്ഷ്മതയില്‍ വീട് അടയാളപ്പെടുത്തിയിരിക്കും..
നിങ്ങള്‍ വന്നുപോയതിന്റെ
അടയാളം.

പുകനിറം ബാധിച്ച കണ്ണാടിയ്ക്കു ചോടെ അവളെഴുതിയ സിന്ദൂരത്തിന്റെയും പൊട്ടുകളുടെയും
കൂട്ടിക്കുറച്ച കണക്കുകള്‍ കാണാം..
പിന്നില്‍ നിന്ന് അടക്കിയ ഒരു ചിരി
കാതോളം വന്ന് മടങ്ങിപ്പോവും.

വാതിലടച്ചു മടങ്ങുമ്പൊ
തിരിഞ്ഞു നോക്കരുത്..
വീണ്ടുമുപേക്ഷിച്ചു പോവുകയാണെന്ന
തിരിച്ചറിവില്‍
അനാഥമായൊരു കുഞ്ഞിന്റെ
ദുര്‍ബലമായൊരു നിലവിളി
ഇരു കൈകളും നീട്ടി മതിലരികുവരെ
നിങ്ങളെ പിന്തുടര്‍ന്നേക്കും..
Join WhatsApp News
BENNY 2019-07-09 08:53:18
"അനാഥമായൊരു കുഞ്ഞിന്റെ 
ദുര്‍ബലമായൊരു നിലവിളി 
ഇരു കൈകളും നീട്ടി മതിലരികുവരെ 
നിങ്ങളെ പിന്തുടര്‍ന്നേക്കും.."
മനോഹരമായ ഗദ്യകവിത...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക