Image

മനസില്‍ തങ്ങി നില്‍ക്കും ശുഭരാത്രി

Published on 07 July, 2019
           മനസില്‍ തങ്ങി നില്‍ക്കും ശുഭരാത്രി

ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില സിനിമകളുണ്ട്‌. അതിനു കാരണം അതിലെ കഥാപാത്രങ്ങളും അവരുടെ ജീവിതവുമെല്ലാം നമുക്കേറെ പരിചയമുള്ളവരായിരിക്കും. 

അവര്‍ക്ക്‌ നേരിടേണ്ടി വരുന്ന അനുഭവങ്ങളില്‍ പലതും നമ്മുടെ ഹൃദയം നേരിട്ടറിഞ്ഞതുമായിരിക്കാം. കെ.പി വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ശുഭരാത്രിയും ആ ഗണത്തില്‍പെടുന്ന ഒന്നാണ്‌.

രാഷ്‌ട്രീയമുള്‍പ്പെടെയുള്ള സമകാലീന സമകാലീന സംഭവങ്ങളെ ആധാരമാക്കിയാണ്‌ ശുഭരാത്രിയൊരുക്കിയിരിക്കുന്നത്‌. കൃഷ്‌ണന്‍ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനായി ദിലീപ്‌ എത്തുന്നു. വ്യക്തിജീവിതത്തിലെ ചില തിരിച്ചടികള്‍ക്കു ശേഷം രാമലീല, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ്‌ അഭിനയിക്കുന്ന ചിത്രമാണിത്‌. ഗൃഹനാഥനായാണ്‌ ദിലീപ്‌ എത്തുന്നത്‌. 

കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ ആഴത്തില്‍ വേരിറക്കുന്ന മതസ്‌പര്‍ദ്ധയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്‌ടസംഭവങ്ങളും അത്‌ സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ആഴവുമെല്ലാം എത്ര വലുതാണെന്ന്‌ കാട്ടിത്തരുന്നതാണ്‌ ശുഭരാത്രിയെന്ന ചിത്രം. 

മുഹമ്മദ്‌ എന്ന കഥാപാത്രമായാണ്‌ സിദ്ദിഖ്‌ എത്തുന്നത്‌. ഹജ്ജിനു പോകാന്‍ ഒരുങ്ങുകയാണ്‌ അയാള്‍. മുഹമ്മദും കുടുംബവും അതിനുള്ള തയ്യാറെടുപ്പിലാണ്‌. അതിന്റെ ഒരുക്കങ്ങളും മറ്റുമാണ്‌ ആദ്യ പകുതിയില്‍.എന്നാല്‍ മുഹമ്മദ്‌ ഹജ്ജിനു പോകുന്നതിന്റെ തലേന്ന്‌ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നു. 

അതോടെ കൃഷ്‌ണന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതവും ആടിയുലയുന്നു. അയാളുടെ കുടുംബബന്ധങ്ങളിലേക്കും അരുതാത്ത സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്തുകയാണ്‌. 

തുടര്‍ന്ന്‌ മുഹമ്മദും കൃഷ്‌ണനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ള ചോദ്യത്തിലേക്ക്‌ ഈ സംഭവവികാസങ്ങള്‍ എത്തുന്നു. ഇന്നലെകളില്‍ ചെയ്‌തു പോയ ചെറിയ തെറ്റുകളുടെ പാപഭാരം ചുമക്കേണ്ടി വരുന്നത്‌ ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും എന്നതും ഈ ചിത്രം പറഞ്ഞു വയ്‌ക്കുന്നു.

തമാശപ്പടങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇരുത്തം വന്ന അഭിനയമാണ്‌ കൃഷ്‌ണന്‍ എന്ന കഥാപാത്രത്തിലൂടെ ദിലീപ്‌ കാഴ്‌ച വച്ചിട്ടുള്ളത്‌. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള കരുത്ത്‌ തനിക്കുണ്ടെന്ന്‌ ദിലീപ്‌ തെളിയിച്ചിട്ടുണ്ട്‌. എടുത്തു പറയേണ്ടതും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതും സിദ്ദിഖ്‌ അവതരിപ്പിക്കുന്ന മുഹമ്മദ്‌ എന്ന കഥാപാത്രമാണ്‌. 

അങ്ങേയറ്റം സ്വാഭാവികതയോടെ മിന്നുന്ന പ്രകടനമാണ്‌ സിദ്ദിഖ്‌ എന്ന നടന്‍ കാഴ്‌ച വച്ചിട്ടുള്ളത്‌. സിദ്ദിഖിന്റെ അഭിനയ ജീവിതത്തില്‍ തിളക്കമാര്‍ന്ന ഒന്നായിരിക്കും മുഹമ്മദ്‌ എന്ന കഥാപാത്രം. അത്രമാത്രം കൈയ്യടക്കത്തോടെ , ഭാവതീവ്രതയോടെ സിദ്ദിഖ്‌ ആ കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്‌.

നായികയായി എത്തിയ അനുസിത്താരയുടെ പ്രകടനമാണ്‌ എടുത്തു പറയേണ്ടത്‌. വളരെ മിതത്വവും ഭംഗിയുള്ളതുമായ അവതരണം. ക്യാപ്‌റ്റന്‍ എന്ന സിനിമയിലെ കഥാപാത്രത്തിനു ശേഷം അനു അവതരിപ്പിക്കുന്ന കരുത്തുള്ള മറ്റൊരു കഥാപാത്രമായിരിക്കും ശുഭരാത്രിയിലേത്‌. 

ശാലീനസൗന്ദര്യം എന്നത്‌ മുഖത്തെഴുതി വച്ചിട്ടുളള നായികയാണ്‌ അനു. മലയാളിത്തമുള്ള കഥാപാത്രങ്ങളെ അസലായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടിയാണ്‌ താനെന്ന്‌ അനു സിത്താര ഓരോ ചിത്രം കഴിയുമ്പോഴും തെളിയിക്കുകയാണ്‌.

നെടുമുടി വേണു, സായ്‌ കുമാര്‍, ഇന്ദ്രന്‍സ്‌, ശാന്തികൃഷ്‌ണ, ആശാ ശരത്‌, അശോകന്‍, വിജയ്‌ ബാബു, സുരാജ്‌ വെഞ്ഞാറമൂട്‌, ഹരീഷ്‌ പേരടി, ചേര്‍ത്തല ജയന്‍, സന്തോഷ്‌ കീഴാറ്റൂര്‍, തെസ്‌നിഖാന്‍, ഷീലു എബ്രഹാം, കെപിഎസി ലളിത എന്നിവരാണ്‌ മറ്റു കഥാപാത്രങ്ങള്‍. എല്ലാവരും തങ്ങളുടെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തിയിരിക്കുന്നു.
ചിത്രത്തിന്റെ സംഗീതം വളരെ മികച്ചു നില്‍ക്കുന്നു.

 ഒരു ഗാനരംഗത്ത്‌ സംഗീത സംവിധായകന്‍ ബിജി പാല്‍ പാടി അഭിനയിച്ചിരിക്കുന്നു. വ്യാസന്‍.കെ.പിയുടെ സംവിധാന മികവും പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. 

ദിലീപിന്റെ താരമൂല്യം അപ്പാടെ മാറ്റി വച്ച്‌ മണ്ണില്‍ കാല്‍ കുതതി നില്‍ക്കുന്ന ഒരു വെറും സാധാരണക്കാരനായി ദിലീപിന്റെ കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെ മാറ്റിയെടുത്തത്‌ സംവിധായകന്റെ മികവ്‌ തന്നെയാണ്‌. നല്ല സിനിമകളെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക്‌ ശുഭരാത്രി തീര്‍ച്ചയായും ഇഷ്‌ടപ്പെടും.




































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക