Image

വിജയം പോരാളികള്‍ക്കുള്ളതാണ് .. ! (വിനോദ് വേണുഗോപാല്‍ )

വിനോദ് വേണുഗോപാല്‍ Published on 06 July, 2019
 വിജയം പോരാളികള്‍ക്കുള്ളതാണ് .. !  (വിനോദ് വേണുഗോപാല്‍ )
പിറന്ന് വീണ് അമ്പത്തിയാറ് ദിവസമായതേ ഉള്ളൂ . മിശ്രവിവാഹിതരായ റെയില്‍വേ ഉദ്യോഗസ്ഥനും , ഭാര്യക്കും ജനിച്ച രണ്ടാമത്തെ പെണ്‍ സന്തതിക്ക് അരക്ക് താഴെ സ്വാധീനമില്ലെന്ന് ഭിഷഗ്വരന്മാര്‍ വിധിയെഴുതി . മിശ്രവിവാഹിതരായതുകൊണ്ട് മാത്രം സ്വസമുദായത്തിന്റേയും , സമൂഹത്തിന്റേയും എതിര്‍പ്പുകളെ നേരിട്ട അവര്‍ക്ക് വിധിയുടെ എതിര്‍പ്പിനേയും നേരിടേണ്ടി വന്നു . പ്രതീക്ഷക്ക് വകയില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ആ മാതാപിതാക്കള്‍ അവള്‍ക്ക് വേണ്ടുന്ന ചികിത്സകള്‍ തുടര്‍ന്നു . 

അരക്ക് കീഴെ സ്വാധീനമില്ലാതെ അവള്‍ വളര്‍ന്ന് തുടങ്ങി . നിരങ്ങിയും ചാടിയും അവള്‍ വീടിന്റെ എല്ലാ ഭാഗത്തും എത്തി . അമ്മയുടെ വിട്ടുവീഴ്ചയില്ലാത്ത വിദ്യാഭ്യാസ കാഴ്ചപ്പാടില്‍ ,  പലവട്ടം അഡ്മിഷന്‍ നിഷേധിച്ചിട്ടും അവള്‍ പാലക്കാട് റെയില്‍വേ സ്‌കൂളിലെ കിലുക്കാംപെട്ടിയായി . അച്ഛന്റെ തോളും സൈക്കിളും അവളെ മാറി മാറി റെയില്‍വേ സ്‌കൂളിന്റെ ഇടനാഴികളിലെത്തിച്ചു . സ്വതവേ കുസൃതിയായ അവള്‍ ,  ഇടക്കിടെ സ്‌കൂളിലേക്ക് കൊണ്ടുപോകാറുള്ള അമ്മാവന്റെ തോളിലിരുന്ന് രണ്ടുവരക്കോപ്പിയെഴുതി , പഠനത്തില്‍ നിലവാരം പുലര്‍ത്തി , സഹതാപത്തിന്റെ ആനുകൂല്യമില്ലാതെ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കി . 

വാസുവേട്ടനെന്ന പ്രായം ചെന്ന ഓട്ടോറിക്ഷാ െ്രെഡവര്‍ പ്രീഡിഗ്രിക്കും , ഡിഗ്രിക്കുമുള്ള അവളുടെ വിക്ടോറിയാ കോളേജിലേക്കുള്ള യാത്ര സുഗമമാക്കി . അഞ്ച് വര്‍ഷത്തെ വിക്ടോറിയന്‍ കലാലയ ജീവിതത്തിനിടക്ക് പല വിദ്യാര്‍ത്ഥികള്‍ക്കും ട്യൂഷനെടുത്ത് അവള്‍ അറിവിന്റെ വെളിച്ചം , ജീവിത പോരാട്ടത്തിന്റെ അകമ്പടിയോടെ പകര്‍ന്ന് കൊടുത്തു . 

ഉയര്‍ന്ന വിദ്യാഭ്യാസവും , അന്തസ്സുള്ള ജോലിയും തന്റെ മകള്‍ക്കുണ്ടാവണമെന്ന സ്വന്തം അമ്മയുടെ ദീര്‍ഘവീക്ഷണവും , ജീവിതം തോല്‍ക്കാനുള്ളതല്ല , ജയിക്കാനുള്ളതാണെന്ന അവളുടെ നിശ്ചയദാര്‍ഢ്യവും ഒന്നു ചേര്‍ന്നപ്പോള്‍ , പിറന്ന് വീണ് അമ്പത്തിയാറ് ദിവസത്തിനുളളില്‍ അരക്ക് താഴെ സ്വാധീനമില്ലാതിരുന്ന അവള്‍ കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പുകളിലൊന്നില്‍ ഉദ്യോഗസ്ഥയായി . 

ആക്‌സിലേറ്ററും , ക്ലച്ചും , ബ്രേക്കും എല്ലാം തന്റെ കയ്യിലൊതുക്കി ഭാരതത്തിലെ ഒരു മഹാനഗരത്തിലൂടെ അവള്‍ െ്രെഡവ് ചെയ്ത് പോകുമ്പോള്‍ , അമ്പത്തിയാറ് ദിവസം കഴിഞ്ഞയുടനെ മരിച്ച് പോകുമെന്ന് കരുതി മാതാപിതാക്കളെടുത്ത് വെച്ച അവളുടെ ഫോട്ടോ വിധിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു . വിധിയെ എതിര്‍ത്ത് തോല്‍പ്പിച്ച പുഞ്ചിരി . 

പാലക്കാട് റെയില്‍വേ ഡിവിഷനിലെ തീവണ്ടികള്‍ ചൂളം വിളിക്കാന്‍ ഒരു നിമിഷം ശങ്കിച്ചിട്ടുണ്ടാവാം .... മഞ്ജു വസുന്ധറെന്ന ആ യഥാര്‍ത്ഥ പോരാളിയുടെ ജീവിത പോരാട്ടത്തിന്റെ വേഗത കണ്ടവര്‍ ചൂളം വിളിക്കാന്‍ മറന്നിട്ടുണ്ടാവാം ..... ! 

മഞ്ജു വസുന്ധറെന്ന പോരാളിയുടെ യാത്ര തുടരുകയാണ് . നമുക്കൊപ്പം . നമ്മേക്കാള്‍ വേഗതയില്‍ . തലമുറക്കുള്ള സന്ദേശവുമായി .. !

 വിജയം പോരാളികള്‍ക്കുള്ളതാണ് .. !  (വിനോദ് വേണുഗോപാല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക