Image

പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് എവിടെ?

Published on 05 July, 2019
പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് എവിടെ?
'എവിടെ' എന്ന ചോദ്യത്തില്‍ നിന്നു തന്നെ ഒരു അന്വേഷണ വഴികള്‍ കണ്ടു തുടങ്ങുന്നുണ്ട്. പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ -ചലച്ചിത്ര സംവിധായകനായ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് എവിടെ. പ്രശസ്ത തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബി തിരക്കഥയൊരുക്കിയ ചിത്രം. ശരിക്കും ഒരു ഫാമിലി ത്രില്ലറാണ്. വലിയ ഒച്ചപ്പാടുകളെനുമില്ലാതെ വന്ന് മെല്ലെ പ്രേക്ഷകനെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന സിനിമ. ആദ്യന്തം രസകരമായ രീതിയില്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

ആശാ ശരത്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് എവിടെ. കട്ടപ്പന എന്ന മലയോര ഗ്രാമത്തിലെ ഒരു സാധാരണ വീട്ടമ്മയാണ് ആശാ ശരത് അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രം. തന്റെ ഭര്‍ത്താവായ സഖറിയ (മനോജ്.കെ.ജയന്‍) യെ കാണാനില്ലെന്ന പരാതിയുമായി ജെസ്സി പോലീസ് സ്റ്റേഷനിലെത്തുന്ന രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്. സഖറിയയുടേത് ഒരു പ്രത്യേക സ്വഭാവമാണ്. അത് രൂപത്തില്‍ പോലുമുണ്ട്. പലപ്പോഴും പരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്ന അവസരങ്ങളില്‍ അയാള്‍ ദിവസങ്ങളോളം വീട്ടില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. പക്ഷേ എവിടെ പോയാലും നാട്ടിലെ പള്ളിപ്പെരുന്നാളിന് പരിപാടി അവതരിപ്പിക്കാന്‍ അയാള്‍ കൃത്യമായി എത്താറുണ്ട്. 

പക്ഷേ ഇത്തവണ അയാള്‍ പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പള്ളിപ്പെരുന്നാളിനും എത്താതെ വന്നപ്പോഴാണ് വീട്ടുകാര്‍ക്ക് സംശയമായത്. തുടര്‍ന്ന് സഖരിയയെ കാണിനില്ലെന്ന് പറഞ്ഞ് ഭാര്യ ജെസിയും മകന്‍ നീലും (ഷെബിന്‍ ബെന്‍സണ്‍) പരാതി നല്‍കാന്‍ എത്തുന്നത്. 

പരാതി നല്‍കി കുറേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സഖറിയ തിരിച്ചെത്തുന്നില്ല. എന്നാല്‍ ഭാര്യ ജെസ്സിക്ക് സഖറിയ അയച്ച കത്തു കിട്ടുന്നതോടെ അവര്‍ സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് സഖറിയ അല്ല കത്തെഴുതിയത് എന്നു തിരിച്ചറിയുന്നതോടെ ജെസ്സിയും ഭര്‍ത്തൃപിതാവ് കുട്ടിയച്ഛനും (പ്രേം പ്രകാശ്) കൂടി അയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുന്നു. ഇത് ഉദ്വേഗ ജനകമായ പല സംഭവ വികാസങ്ങള്‍ക്കും വഴി വയ്ക്കുന്നു. തികച്ചും അപ്രതീക്ഷിത സംഭവങ്ങളിലേക്കുള്ള യാത്ര. ഇതാണ് തുടര്‍ന്നുള്ള ഭാഗം പറയുന്നത്.

ആദ്യപകുതിയില്‍ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ തികച്ചും സാധാരണ കുടുംബത്തിലയും അവിടുത്തെ വീട്ടമ്മയുടെയും കഥ പറയുന്ന സിനിമയാണ് എവിടെ. എന്നാല്‍ ഇടവേളയ്ക്കു ശേഷം കഥ ഒരു ത്രില്ലര്‍ മൂഡു കൈവരിക്കുന്നു. ജെസ്സിയുടെ ഓരോ അന്വേഷണവും ചെന്നെത്തുന്നത് തികച്ചും അപ്രതീക്ഷിതമായ തിരിവുകളിലേക്കാണ്. ജെസ്സിയും ഭര്‍ത്തൃപിതാവ് കുട്ടിയച്ഛനും സഖറിയയെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണങ്ങള്‍ അവര്‍ക്കൊപ്പം പ്രേക്ഷകരും കൂടെ പോകുന്ന പ്രതീതിയാണ്. പലപ്പോഴും ആകാംക്ഷ വളര്‍ന്ന് ഉത്ക്കണ്ഠയായി മാറുന്നു. ക്‌ളൈമാക്‌സ് പ്രേക്ഷകര്‍ക്കിഷ്ടപ്പെടും വിധം തന്നെ എടുത്തിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിടിമുറുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന സാമൂഹ്യ വിപത്തുക്കളെ ചിത്രം വളരെ വ്യക്തമാക്കി തരുന്നുണ്ട്. സമൂഹത്തിന്റെ മുന്നിലേക്കാണ് സിനിമ ആ യാഥാര്‍ത്ഥ്യം നീട്ടി വയ്ക്കുന്നത്   

ജെസ്സിയായി എത്തിയ ആശാശരത്തിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദൃശ്യത്തിലെ ഐ.ജി ഗീത പ്രഭാകര്‍ കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ തക്ക ശക്തമായ കഥാപാത്രമാണ് ജെസ്സി എന്നതില്‍ സംശയമില്ല. സാധാരണക്കാരിയായ വീട്ടമ്മയായും ഭര്‍ത്താവിനെ കണ്ടു  പിടിക്കാനുള്ള അന്വേഷണത്തിനിടയില്‍ പ്രതിസന്ധികളെ അതിജീവിക്കുന്ന വനിതയായും അവര്‍ തിളങ്ങി. ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ആശയ്ക്ക് കഴിഞ്ഞു. മകന്‍ നീലായി എത്തിയ ഷെബിനും കുട്ടിയച്ഛനായി എത്തിയ പ്രേംപ്രകാശും മികച്ച അഭിനയം കാഴ്ച വച്ചു. മനോജ് കെ.ജയന്‍, ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നൗഷാദ് ഷെറീഫിന്റെ ഛായാഗ്രഹണവും രാജേഷ് കുമാറിന്റ എഡിറ്റിങ്ങും മികച്ചനിലവാരം പുലര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക