Image

ഇന്‍ഡ്യയെ സംരക്ഷിക്കുവാന്‍ ഉപജാപക സംഘങ്ങളോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 05 July, 2019
ഇന്‍ഡ്യയെ സംരക്ഷിക്കുവാന്‍ ഉപജാപക സംഘങ്ങളോ? (ദല്‍ഹികത്ത്: പി.വി.തോമസ്)
രാഷ്ട്രീയ നിഷേധികളെ ശിക്ഷിക്കുവാനായി ഒരു പുതിയ ദേശഭക്തി ജാഗ്രതാ സംഘവും അതിന്റെ നെറ്റ് വര്‍ക്കും സജീവമായി ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഉണ്ട്. അതിനെ രാഷ്ട്രീയ സ്വയം സേവക് സംഘ് പാരിതോഷികം നല്‍കി അംഗീകരിച്ച വാര്‍ത്ത ജൂലൈ മൂന്നാം തീയതി ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്നപ്പോഴാണ് അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ഗൗരവും മനസിലായത്. ഇതുപോലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ ഫാസിസത്തിന്റെ അടയാളം ആണ്. അത് ഇന്‍ഡ്യയിലും എത്തിയിരിക്കുന്നു. ഇവഭരണത്തോട് കൂറ് പുലര്‍ത്തുന്ന സമാന്തര ഭീകരസംഘടനകള്‍ ആണ്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലും മറ്റും ഇവ വളരെ വ്യാപകം ആയിരുന്നു. പക്ഷേ, ഇന്‍ഡ്യയില്‍ ഈ വക ജനനീരീക്ഷണ സേനകള്‍ നടാടെയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ദേശദ്രോഹികള്‍ ആയി മുദ്രകുത്തുന്നതാണ് ഇവരുടെ സ്വഭാവം. ബാലകോട്ടിലെ മിന്നല്‍ ആക്രമണത്തിലെ ഭീകരരുടെ ശവം ഉള്‍പ്പെടെ.

ഇന്‍ഡ്യന്‍ എക്‌സ്പ്രസ്(ദല്‍ഹി) പത്രത്തിന്റെ കരിഷ്മ മെഹറോത്ര എന്ന റിപ്പോര്‍ട്ടറുടെ ഒന്നാം പേജ് ആങ്കര്‍ റിപ്പോര്‍ട്ടു പ്രകാരം 'ക്ലീന്‍ ദ നേഷന്‍' എന്നൊരു സങ്കി സംഘടന ഇന്‍ഡ്യയിലെ ദേശദ്രോഹികളുടെ കണക്കെടുത്ത് തുടര്‍നടപടിക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഭയക്കേണ്ട ഇത് ഓര്‍വെലിയന്‍ 1984 കാലത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ്. ഈ സംഘടനക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് പട്ടും വളയും നല്‍കി അടുത്തയിടെ ആദരിക്കുകയും ചെയ്തു. 'ക്ലീന്‍ ദ നേഷന്‍' സംഘടനയുടെ അവകാശപ്രകാരം അത് ഒട്ടേറെ 'ദേശദ്രോഹികളെ' അറസ്റ്റു ചെയ്യിക്കുകയും ജോലിയില്‍ നിന്നും പിരിച്ചു വിടുവിക്കപ്പെടുകയും ചെയ്തു. ഇവര്‍ സോഷ്യല്‍ മീഡിയ ജേര്‍ണ്ണലിസത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്നത്തെ ഇന്‍ഡ്യയില്‍. കാരണം ഇന്നത്തെ ഇന്‍ഡ്യയില്‍ സംഘപരിവാര്‍ ഒഴിച്ചാല്‍ എല്ലാവരും ദേശദ്രോഹികള്‍ ആണ്. ഈ സംഘടനക്ക് അവാര്‍ഡ് നല്‍കി അംഗീകരിച്ച് ആദരിച്ചത് രാഷ്ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ട ഇന്ദ്രപ്രസ്ഥ വിശ്വസംവാദ് കേന്ദ്ര എന്ന സംഘടനയാണ്. അവാര്‍ഡിന്റെ പേര് സോഷ്യല്‍ മീഡിയ പത്രകാരിത നാരദ് സമ്മാന്‍ എന്നാണ്. അവാര്‍ഡ് നല്‍കിയത് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ജനറല്‍ സെക്രട്ടറി ആയ മന്‍മോഹന്‍ വൈദ്യയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സാന്നിദ്ധ്യത്തില്‍ ദല്‍ഹിയിലെ ഇന്‍ഡ്യ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ വച്ചാണ്. സംഘടനക്കുള്ള ബഹുമതി ആയി പറയപ്പെടുന്നത് അത് ഒട്ടേറെ ദേശദ്രോഹികളായ കോളേജ് പ്രൊഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ദേശദ്രോഹത്തിന്റെ പേരില്‍ നിയമത്തിന്റെ മുമ്പാകെ കൊണ്ടുവന്നു എന്നതാണ്. ഇതില്‍ ഗോഹട്ടിയിലെ ഒരു പ്രൊഫസറും രാജസ്ഥാന്‍ യൂണിവാഴ്‌സിറ്റിയിലെ നാല് കാശ്മീരി വിദ്യാര്‍ത്ഥിനികളും ബീഹാറിലെ ചില വിദ്യാര്‍ത്ഥികളും അങ്ങനെ ഒട്ടനവധി പേരും ഉള്‍പ്പെടുന്നു. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് മിന്നലാക്രമണത്തിനും അതിനു ശേഷം അവര്‍ സോഷ്യല്‍ മീഡിയ ഇട്ട ചില വിമര്‍ശനാത്മകങ്ങളായ പോസ്റ്ററുകള്‍ ആണ് ക്ലീന്‍ ദനേഷന്‍ സേനയെ പ്രകോപിപ്പിച്ചത്. ഈ പ്രൊഫസര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതം ഈ ഉപജാപസംഘം ദുസഹമാക്കി. മിക്കവാറും പേരെ അന്വേഷണത്തിനു ശേഷം പോലീസും കോളേജ് അധികൃതരും ഉദ്യോഗസ്്ഥ മേലധികാരികളും നിയമലംഘനമില്ലാതെ വിട്ടയച്ചെങ്കിലും അവര്‍ ഇന്നും ഈ ഉപജാപ സംഘത്തിന്റെ നിരീക്ഷണത്തിലും സംശയത്തിന്റെ നിഴലിലും ആണ്. ഇതാണ് ഇപ്പോഴത്തെ ഇന്‍ഡ്യ. മോഡിയുടെ 'നയാ ഭാരത് ' അഥവാ പുതിയ ഇന്‍ഡ്യ.

ഈ ഉപജാപ സംഘത്തിന് ബഹുമതി നല്‍കിയതിനുശേഷം രാഷ്ട്രീയ സ്വയം സേവക്‌സംഘിന്റെ സംഘടനയുടെ ഒരു മുതിര്‍ന്ന ഭാരവാഹി പറഞ്ഞത് ഇതാണ്: 'ഞങ്ങള്‍ ഇവര്‍ക്ക് അവാര്‍ഡ് നല്‍കിയതിന് കാരണം അവര്‍ ഇന്‍ഡ്യയെ വളരെയേറെ സ്‌നേഹിക്കുന്നതായി കണ്ടതുകൊണ്ടാണ്. ഇന്‍ഡ്യയെ വളരെപ്പേര്‍ സ്‌നേഹിക്കുന്നുണ്ട്. ചിലര്‍ അതിനെ കായികമായും സ്‌നേഹിക്കുന്നു. ഓര്‍മ്മിക്കു ജോര്‍ജ് ഓര്‍വെല്ലിന്റെ വാക്കുകള്‍- അനിമല്‍ ഫാം- 'എല്ലാവരും തുല്യരാണ്. പക്ഷേ, ചിലര്‍ ഏറെ തുല്യരാണ്.' ഇന്‍ഡ്യയില്‍ കാര്യങ്ങള്‍ ആ തലത്തിലേക്ക് വരുകയാണ് ഇന്ന്. പരാതിയില്ല. കാരണം ഏതൊരു ജനതയും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ആണ് ലഭിക്കുക.
തീവ്രദേശീയതയാണ് ഭരണകക്ഷിയുടെയും അവരുടെ ഉപജാവ സംഘങ്ങളുടെയും മുദ്രാവാക്യം. 'ക്ലീന്‍ ദ നേഷന്‍' തന്നെ പറയുന്നത് ശ്രദ്ധിക്കുക. ജവാന്മാരെ നിജിക്കുന്നവരെ തെരഞ്ഞുപിടിക്കുക. പുല്‍വാമക്കുള്ള മറുപടി മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള അനുശോചനപ്രകടനം അല്ല ബാലകോട്ടാണ്. ബാലകോട്ടിനെ ഒരു ആണവ അതിസാഹസികത ആയി കാണുന്നവരെ ആണ് ഇവര്‍ ദേശദ്രോഹികള്‍ ആയി കാണുന്നത്. അവരെ ആണ് ഉപജാപസംഘം ചൂണ്ടി കാട്ടി ജയിലില്‍ അടപ്പിക്കുന്നത്. അവരെ ആണ് ദേശദ്രോഹികളായി മുദ്രകുത്തുന്നത്. ആ ഉപജാപ സംഘത്തെ ആണ് രാഷ്ട്രീയ സ്വയം സേവക് സംഘ് ആദരിക്കുന്നത്. എന്താണ് ഈ സ്വതന്ത്രാഭിപ്രായപ്രകടനക്കാരായ സാധാരണ പൗരന്മാരുടെ ഭരണഘടനാപരമായ മനുഷ്യാവകാശം? വിയോജന അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒട്ടേറെ വ്യക്തികളെ ദേശദ്രോഹികളായി മുദ്രകുത്തി പീഡിപ്പിച്ചിട്ടുണ്ട്. കേസുകള്‍ ഇവിടെ എടുത്ത് ഒന്നൊന്നായി പറയുന്നില്ല. കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആണ് ഈ വക ഉപജാപസംഘങ്ങളുടെ പ്രധാന ഇര. പിന്നെ സര്‍വ്വകലാശാല കാമ്പസുകളും പണിയിടങ്ങളും.

ഭൂരിഭാഗം ഇരകളും ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ കുപ്രസിദ്ധമായ 124-എ പ്രകാരം ആണ് പീഢിപ്പിക്കപ്പെടുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായിട്ടുള്ള ഒരു കോളനി നിയമം ആണ്.  കോളനി ഭരണക്കാര്‍ക്ക് സ്വാതന്ത്ര്യസമരാനികളായ ഇന്‍ഡ്യക്കാരുടെ അഭിപ്രായം അടിച്ചമര്‍ത്തുവാനുള്ള ഒരു നിയമവ്യവസ്ഥ ആയിരുന്നു ഇത്. ഇത് പ്രകാരം ഒട്ടേറെ ഇന്‍ഡ്യക്കാരെ ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ബാലഗംഗാധരതിലകനും എല്ലാം ഇതില്‍പെടുന്നു. ഇന്നും ഇന്‍ഡ്യ ഇതു തന്നെ പിന്തുടരുന്നു. ഭരണാധികാരിയുടെ  തൊലിയുടെ നിറവും ഭാഷയും മാറിയേക്കാം. പക്ഷേ, അവന്റെ സ്വഭാവം മാറുകയില്ല. ഭരിക്കുന്നവന്റെ സ്വഭാവവും ചിന്തയും ഭരിക്കപ്പെടുന്നവനെ അടിച്ചമര്‍ത്തുക എന്നതാണ്.
ഇന്‍ഡ്യയിലെ എല്ലാ മാധ്യമങ്ങളും ഈ ദേശദ്രോഹനിയമത്തിനെതിരെ(124-എ) ശക്തമായി വാദിച്ചിട്ടുള്ളതാണ്. ഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ ജനദ്രോഹപരമായി ചിത്രീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഇപ്പോഴും ഭരണകക്ഷിയും ഉപജാപസംഘങ്ങളും ഇതിനെ സ്വതന്ത്രാശയപ്രകടനത്തെ അടിച്ചമര്‍ത്തുവാനുള്ള ഉപാധി ആയി ഉപയോഗിക്കുന്നു. ഡീസന്റ് എന്നത് ജനാധിപത്യത്തിലെ ഒരു അവകാശം ആണ്. അത് ജനാധിപത്യത്തിന്റെ ആധാരശില ആണ്. അതില്ലെങ്കില്‍ ജനാധിപത്യം ഇല്ല. പക്ഷേ, ഭരണാധികാരികളും അവരുടെ ഉപജാപ സംഘവും ഇത് അംഗീകരിക്കുന്നില്ല. എന്നിട്ടും നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായി വിരാജിക്കുന്നു. സ്തുതി.
നോക്കുക. എന്താണ് ഈ 124-എ വിധിക്കുന്ന ദേശനിന്ദ? എന്താണ് ഈ ഉപജാപസംഘം സ്വതന്ത്രമായി ചിന്തിക്കുന്ന ദേശസ്‌നേഹികളും നികുതി ദായകരും ആയ സാധാരണ പൗരന്മാരില്‍ ആരോപിക്കുന്നത്? പുല്‍വാമ സുരക്ഷാ വീഴ്ച ആണെന്ന് ആരോപിച്ചാല്‍ ഒരു പൗരന്‍ ദേശദ്രോഹി ആകുമോ? ബാലകോട്ട് ഒരു ആണവ സാഹസികത ആയിരുന്നുവെന്ന് ആരോപിച്ചാല്‍ ഒരു പൗരന്‍ ദേശദ്രോഹി ആകുമോ? ഇന്‍ഡോ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചാല്‍ ഒരു പൗരന്‍ ദേശദ്രോഹി ആകുമോ?
ദേശദ്രോഹനിയമപ്രകാരം -124 എ- രാജ്യത്ത് സമുദായ മൈത്രിയെ ഹനിക്കുന്ന നടപടികളില്‍ വ്യാപൃതരാകുന്നത് ദേശദ്രോഹം ആണ്. അതുപോലെ ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നതും ദേശദ്രോഹം ആണ്. ഇതിന്റെ വാക്കുകള്‍ തന്നെ കോളോണിയല്‍ താല്‍പര്യങ്ങളുടേതാണ്. പ്രത്യേകിച്ചും രണ്ടാമത്തേത്. ഒരു കോളനി വാഴ്ചയില്‍ ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നതും അതിനെ വിമര്‍ശിക്കുന്നതും ദേശദ്രോഹം ആണ്. പക്ഷേ ഒരു ജനാധിപത്യത്തില്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് എന്ത് ദേശദ്രോഹം ആണ്? മൂന്നു വര്‍ഷം തടവു ശിക്ഷയും അല്ലെങ്കില്‍ ജീവപര്യന്തം തടവും ഒപ്പം പിഴയും ആണ് ഇതിനുള്ള ശിക്ഷ.

ദേശദ്രോഹ നിയമം അഥവാ സെഡീഷന്‍ അഥവാ 124-എ- എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് അതിന്റെ മാനിഫെസ്റ്റോയില്‍ പ്രഖ്യാപിച്ചിരുന്നു. അതിനെ മോഡി ഒരു തെരഞ്ഞെടുപ്പ് ആയുധമായി കോണ്‍ഗ്രസിന് എതിരായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അതിനെയാണ് ഈ ഉപജാപസംഘങ്ങള്‍ ഉപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഒരു ജനാധിപത്യത്തില്‍ ഇതുപോലുള്ള ഭരണഘടനേതര ഉപജാപസംഘങ്ങള്‍ക്കുള്ള സ്ഥാനവും പ്രസക്തിയും എന്താണ്? സാധാരണ പൗരന്മാരെയും അവരുടെ സ്വതന്ത്രചിന്തയേയും വിമര്‍ശനസ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടുവാനുള്ള സ്വാതന്ത്ര്യം ആരാണ് അധമസംഘങ്ങള്‍ക്ക് നല്‍കിയത്? 
ഇതുപോലുള്ള ഉപജാപ സംഘങ്ങള്‍ ഇനി കൂടുതല്‍ ശക്തിപ്പെടും. നല്ല വളക്കൂറുള്ള മണ്ണാണ് ഇപ്പോള്‍ മെയ് 23-ന് ശേഷം. ഇനി പശുസംരക്ഷണഗുണ്ടകളും ഏറെ സക്തിപ്പെടും. അതിനുള്ള ഉദാഹരണങ്ങള്‍ ഝാര്‍ഖണ്ടിലും രാജസ്ഥാനിലും ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലും കണ്ടുകൊണ്ടിരിക്കുകയാണ്. ഇനി രാഷ്ട്രീയ സ്വയം സേവക് സംഘ് നല്ല പശു സംരക്ഷണ ഗുണ്ടകള്‍ക്കുള്ള അവാര്‍ഡും നല്‍കിയെന്നരിക്കും. ജയ്ഹിന്ദ്.

ഇന്‍ഡ്യയെ സംരക്ഷിക്കുവാന്‍ ഉപജാപക സംഘങ്ങളോ? (ദല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
Indian 2019-07-05 16:38:51
Good
Mallu 2019-07-05 16:40:43
വളരെ ശരി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക