Image

ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ മ്യൂസിക് ഫെസ്റ്റിവലിന് മലയാളിയും

Published on 04 July, 2019
ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ മ്യൂസിക് ഫെസ്റ്റിവലിന് മലയാളിയും


ബ്രിസ്‌ബെയ്ന്‍. ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ നടത്തുന്ന മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി പിയാനോയ്ക്ക് നിറപകിട്ടേകാന്‍ മലയാളിയും. ബ്രിസ്‌ബെയ്‌നില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായ തൊടുപുഴ സ്വദേശിനി ഗീത അനിലിനാണ് പിയാനോ വര്‍ണാഭമാക്കാന്‍ അവസരം ലഭിച്ചത്.

മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ബ്രിസ്ബയ്ന്‍ സിറ്റി കൗണ്‍സിലിന്റെ പ്ലേ മീ അയാം യുവേഴ്‌സ് എന്ന പദ്ധതിയിലാണ് ഗീത പങ്കാളിയായത്. പദ്ധതിയുടെ ഭാഗമായി വിവിധ കലാകാരന്മാര്‍ വര്‍ണം ചാര്‍ത്തിയ 20 സ്ട്രീറ്റ് പിയാനോകളാണ് ബ്രിസ്‌ബെയ്‌നില്‍ ഉടനീളം സ്ഥാപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പദ്ധതി ഉദ്ഘാടനം നടന്നത്. മലയാളത്തിന്റെ ഭാഷയും സംസ്‌കാരവും കലയും സമന്വയിപ്പിച്ചുകൊണ്ടുള്ള വര്‍ണമിഴിവാണ് ഗീത പിയാനോയില്‍ വരച്ചത്. ബ്രിസ്‌ബെയ്ന്‍ മലയാളി അസോസിയേഷന്റെ പ്രതിനിധിയായാണ് ഗീതയ്ക്ക് അവസരം ലഭിച്ചത്. പദ്ധതിയിലെ ഏക ഇന്ത്യക്കാരിയും ഗീതയാണ്.

റിഥം എന്നു പേരിട്ട ഗീതയുടെ പിയാനോ ബ്രിസ്‌ബെയ്ന്‍ സിറ്റിയുടെ ഹൃദയഭാഗമായ സൗത്ത് ബാങ്കിലെ റെഡ് നോട്ട് കഫേയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജൂലൈ അഞ്ച് മുതല്‍ 28 വരെയാണ് മ്യൂസിക് ഫെസ്റ്റിവല്‍. രണ്ടു വര്‍ഷം കൂടുമ്പോഴാണ് മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്ലേ മീ അയാം യുവേഴ്‌സ് പദ്ധതിക്ക് 2008ല്‍ ബ്രിട്ടീഷ് കലാകാരനായ ലുക്ക് ജെറോമാണ് രൂപം നല്‍കിയത്.

ചിത്രരചന, പാചകം, തയ്യല്‍, സിനിമ തുടങ്ങി ഒട്ടേറെ രംഗത്ത് ഗീത സജീവമാണ്. മികച്ച യുട്യൂബറായ ഗീതയുടെ ജീസ് പാഷന്‍സ് എന്ന യുട്യൂബ് ചാനലിനും ആരാധകരേറെയാണ്. കവിയും എഴുത്തുകാരനുമായ അനിലാണ് ഭര്‍ത്താവ്. മക്കള്‍ ആദിത്യ, അദ്വൈത്, അമേയ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക