Image

ഉച്ചകോടിയില്‍ ആറിതണുത്തത് യുഎസ്-ചൈനീസ് ബന്ധം (പകല്‍ക്കിനാവ് 155: ജോര്‍ജ് തുമ്പയില്‍)

Published on 04 July, 2019
ഉച്ചകോടിയില്‍ ആറിതണുത്തത് യുഎസ്-ചൈനീസ് ബന്ധം (പകല്‍ക്കിനാവ് 155: ജോര്‍ജ് തുമ്പയില്‍)
ജി20 ഉച്ചകോടി ജപ്പാനില്‍ സമാപിച്ചപ്പോള്‍, ലോകം ആശങ്കയോടെ കണ്ടിരുന്ന യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് കൂടി ഏതാണ്ട് അയവ് വന്നിരിക്കുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ വന്‍ വിപണിയായിരുന്ന ചൈനയുമായുള്ള ശീതസമരം അടുത്തിടെയായി വഷളായിരുന്നു. ഒസാക്കയില്‍ നടന്ന ഉച്ചകോടിയില്‍ ഏതായാലും ഒരു കാര്യത്തില്‍ തീരുമാനമായി, ചൈനയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുക എന്നതായിരുന്നു അത്. ഈ ധാരണ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നു ആഗോളതലത്തില്‍ വാണിജ്യവ്യവസായികള്‍ വിശ്വസിക്കുന്നു. ഇലക്ട്രോണിക്‌സ് ഐറ്റങ്ങള്‍ക്കു മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ക്കു പോലും ചൈനയെ അമേരിക്കന്‍ ജനത ഇന്നു കാര്യമായി ആശ്രയിക്കുന്നുണ്ട്. ബന്ധം വഷളായതോടെ, ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെയെല്ലാം തീരുവ വന്‍തോതില്‍ ട്രംപ് ഭരണകൂടം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ, ചൈനീസ് കമ്പനികള്‍ പലതും വലിയ പ്രതിസന്ധിയിലുമായിരുന്നു. എന്തായാലും, ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ തമ്മില്‍ ധാരണയായി. ലോക രാജ്യങ്ങളെയെല്ലാം വെല്ലുവിളിച്ച്, ഒരു നിലയ്ക്കും വഴങ്ങില്ലെന്ന പ്രസ്താവന നടത്തിയാണ് ട്രംപ് ഉച്ചകോടിക്കെത്തിയതെങ്കിലും ആഗോളശക്തികളുടെ കൂട്ടായ്മയില്‍ ട്രംപിനു മുട്ടുമടക്കേണ്ടി വന്നു.

കഴിഞ്ഞ മേയില്‍ ചൈനയുടെ 200 ബില്യണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ യു.എസ് ചുമത്തിയ 25 ശതമാനം താരിഫ് അതുപോലെ തുടരുമെന്നാണു തീരുമാനമെങ്കിലും വൈകാതെ അത് ഉപേക്ഷിക്കുമെന്നു സൂചനയുണ്ട്. ഈ ഒറ്റക്കാര്യത്തില്‍ അമേരിക്കയും ചൈനയും വലിയ രീതിയില്‍ തന്നെ പിണങ്ങിയിരുന്നു. ട്രംപ്- ഷി ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയ്‌ക്കൊടുവില്‍ ഈയൊരു പ്രശ്‌നം കൊണ്ടു ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം രണ്ടുപേരും ചേര്‍ന്ന് കലുഷിതമാക്കില്ലെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. അതേതായാലും നന്നായി. ഇല്ലെങ്കില്‍ അതിന്റെ കലുഷിത ഫലങ്ങള്‍ അമേരിക്കന്‍ ജനതയും ചൈനീസ് ജനതയും ഒരുപോലെ അനുഭവിക്കേണ്ടി വന്നേനെ.

വ്യാപാരതര്‍ക്കം തുടരുന്നത് ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമവായ ശ്രമം. യു.എസിന്റെ വിട്ടുവീഴ്ചയ്ക്ക് പകരമായി ചൈന കൂടുതല്‍ യു.എസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നും ധാരണയിലെത്തി.

അതേസമയം, ചൈനീസ് കമ്പനിയായ വാവെക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാകുന്നതായും റിപ്പോര്‍ട്ടുണ്ട്. യു.എസ് കമ്പനികള്‍ വാവെക്ക് തങ്ങളുടെ സാങ്കേതികവിദ്യ വില്‍ക്കരുതെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റുകള്‍ വാവെക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്. എന്നാല്‍ യു.എസ് കമ്പനികള്‍ വാവെക്ക് സാങ്കേതികവിദ്യ വില്‍ക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ട്രംപ് ചൈനയും യു.എസും മികച്ച തന്ത്രപ്രധാന പങ്കാളികളായി പ്രവര്‍ത്തിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ജി20 തീരുമാനത്തെ പതിവുപോലെ ട്രംപ് എതിര്‍ത്തു. ഇതോടെ ജി20 യില്‍ യു.എസ് ഒറ്റപ്പെടുകയും ചെയ്തു. മറ്റെല്ലാം രാജ്യങ്ങളും ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.

ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ വാര്‍ഷിക യോഗമാണ് ജി 20. ഈ 20 രാജ്യങ്ങള്‍ ചേരുന്നതായിരിക്കും ലോക ജിഡിപിയുടെ 85 ശതമാനവും ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, ക്യാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍. ഇത്തവണ സ്‌പെയിനിനെ കൂടാതെ, ചിലി, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, സിംഗപ്പൂര്‍, തായ്‌ലെന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഒസാക്കയില്‍ പങ്കെടുത്തു. ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റി ഇല്ല. പകരം ഓരോ വര്‍ഷവും ഡിസംബറില്‍ ഈ 20 രാജ്യങ്ങളില്‍ നിന്ന് ഉച്ചകോടി സംഘടിപ്പിക്കേണ്ട രാജ്യവും അവിടെ നിന്നുള്ള ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അടുത്ത ഉച്ചകോടി സംഘടിപ്പിക്കേണ്ടതും അതുപോലെ തന്നെ വരുന്ന വര്‍ഷത്തേക്കുള്ള ചെറിയ മീറ്റിംഗുകള്‍ നടത്തേണ്ടതും ആ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. അംഗങ്ങളല്ലാത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാനും കഴിയും. സ്‌പെയിന്‍ എല്ലായ്‌പ്പോഴും ക്ഷണിക്കപ്പെടുന്ന ഒരു അതിഥി രാജ്യമാണ്. കിഴക്കന്‍ ഏഷ്യയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ പല രാജ്യങ്ങളെയും ബാധിച്ചതിനെ തുടര്‍ന്ന് 1999ലാണ് ആദ്യത്തെ ജി 20 യോഗം ചേരുന്നത്. ബെര്‍ലിനില്‍ വച്ചാണ് ആദ്യത്തെ ഉച്ചകോടി സംഘടിപ്പിച്ചത്.

ആദ്യകാലത്ത് ജി 20 യില്‍ പങ്കെടുത്തിരുന്നത് ഓരോ രാജ്യത്തെയും ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുമായിരുന്നു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷമാണ് ഈ രീതി മാറിയത്. ബാങ്കുകള്‍ തകരുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തതോടെ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും അടിയന്തരമായി ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടി വന്നു. പിന്നീട് ഈ രീതിയ്ക്ക് മാറ്റം വരുത്താതെ ഇപ്പോഴും തുടരുന്നു. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുക. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ഇറാനുമായുള്ള ബന്ധത്തിലെ പ്രതിസന്ധി എന്നിവയായിരുന്നു ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങള്‍.
അടുത്ത ഉച്ചകോടി റിയാദില്‍ വച്ച് നടക്കും. 2022-ല്‍ ഇന്ത്യയില്‍ വച്ചാണ് ഉച്ചകോടി നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക