Image

ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു

Published on 03 July, 2019
ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു
ന്യു യോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' എന്ന ചെറുകഥാ സമാഹാരം പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു. ഇ-മലയാളി പത്രാധിപര്‍ ജോര്‍ജ് ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി.കലാപൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

ജൂണ്‍ മുപ്പത് ഞായാറാഴ്ച്ചഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ വച്ചായിരുന്നു പ്രകാശനം.

കാലത്തിന്റെ കാല്‍പ്പാടുകള്‍ ചെറുകഥാസമാഹാരം ആണ്. അവതാരികയില്‍ ഇങ്ങനെ പറയുന്നു. മോട്ട് ജസ്റ്റെ എന്ന്പറയുന്ന രീതി കഥാകൃത്തിന്റെ ശക്തിയാണ്. ഉദ്ദേശിച്ച അര്‍ത്ഥത്തെ കൃത്യമായി ആവിഷ്‌കരിക്കുന്ന പ്രയോഗങ്ങളിലൂടെ അദ്ദേഹം കഥകളെ വായനാസുഖമുള്ളതും വിശ്വസനീയവുമാക്കുന്നു. കഥകളിലെ കഥാപാത്രങ്ങളുടെ വളര്‍ച്ചയും അവരുടെ പ്രവര്‍ത്തികളും സമൂഹ മധ്യത്തിലെ പല വ്യക്തികളെയും പ്രതിനിധീകരിക്കുന്നുവെന്നത് കഥാകൃത്തിന്റെ യാഥാര്‍ത്ഥ്യ വാദത്തോടുള്ള (റിയലിസം) ആഭിമുഖ്യം കൊണ്ടായിരിയ്ക്കാം.

കപട നാട്യങ്ങളോ ഈഗോയോ ഇല്ലാത്ത അപൂര്‍വം ചിലരിലൊരാളാണു ജോണ്‍ വേറ്റം. അദ്ധേഹം ജീവിച്ച കാലഘട്ടം ക്രുതികളിലൂടെ പുനര്‍ജനിക്കുന്നു. ഒരേ സമയം സാഹിത്യവും ചരിത്രവുമാണ് വേറ്റത്തിന്റെ ക്രുതികള്‍. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് ജോണ്‍ വേറ്റത്തിനു കഴിഞ്ഞ വര്‍ഷം ഇ-മലയാളി അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

പ്രകാശനം നടത്തിയ പ്രൊഫ. കാരശേരിക്കും പങ്കെടുത്തവര്‍ക്കും ജോണ്‍ വേറ്റം നന്ദി പറഞ്ഞു. 'കാലത്തിന്റെ കാല്പാടുകള്‍; എന്ന ശീര്‍ഷകത്തിലുള്ള എന്റെ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ച് എന്നെ അനുഗ്രഹിച്ച സുപ്രസിദ്ധ സാഹിത്യകാരനും, പ്രാസംഗീകനും, ഭാഷാ പണ്ഡിതനുമായ പ്രഫസര്‍ കാരശേരി മാഷിനോടും സുപ്രസിദ്ധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ഇ മലയാളിയുടെ എഡിറ്റര്‍ ശ്രീ ജോര്‍ജ് ജോസഫിനോടുമുള്ള ആഴമേറിയ നന്ദി രേഖപ്പെടുത്തുന്നു.

ഈ പുസ്തക പ്രകാശനകര്‍മ്മത്തിന് ആകര്‍ഷകമായ അവസരമൊരുക്കിയ ഇ-മലയാളിക്കും ഭാരവാഹികള്‍ക്കും വിനീതമായ കൂപ്പുകൈ.

ഇന്നത്തെ ഈ മനോഹര ചടങ്ങില്‍ എന്നെ അഭിവന്ദ്യ സദസിനു പരിചയപ്പെടുത്തിയ അഭ്യുദയകാംക്ഷിയായ ശ്രീ പ്രിന്‍സ് മാര്‍ക്കോസിനോടും നന്ദി പറയുന്നു.

ഇക്കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളില്‍ ഞാന്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത പതിനേഴ് കഥകളുടെ സമാഹാരമാണ് 'കാലത്തിന്റെ കാല്പാടുകള്‍'. ഞാന്‍ കണ്ടും കേട്ടും, അനുഭവിച്ചും, സാക്ഷ്യം നിന്നും, പിന്നിട്ട വ്യത്യസ്ത ഘട്ടങ്ങളുടെ മുരടില്‍ നിന്നും അടര്‍ത്തിയെടുത്ത സര്‍ഗ്ഗഭാവങ്ങളാണ് അതിന്റെ ഉള്ളടക്കം. അതിനെ വിലയിരുത്തേണ്ടത് സാഹിത്യ സ്നേഹികളായ വായനക്കാരാണ്.

സഹൃദയ സമക്ഷം സമര്‍പ്പിക്കുന്ന ഈ കഥാസമാഹാരത്തിന് അവതാരിക എഴുതിയത് സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ സുധീര്‍ പണിക്കവീട്ടിലാണ്. കഥാകൃത്ത്, കാല്പനിക കവി, ഗ്രന്ഥകാരന്‍, നിരൂപകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന, അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത് നിരൂപണശാഖ സ്ഥാപിച്ച ശ്രീ സുധീര്‍ പണിക്കവീട്ടിലിന് ആത്മാര്‍ത്ഥമായ നന്ദി!

കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സിനോടുള്ള (മുട്ടപ്പലം, വര്‍ക്കല) കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

നോര്‍ത്ത് അമേരിക്കയില്‍ ഉന്നതരായ സാംസ്‌കാരിക സംഘടനകളും, സാഹിത്യ സംഘടനകളും ഉണ്ടെങ്കിലും ഇവിടെ ജീവിക്കുന്ന മലയാളി സാഹിത്യകാരന്മാരെ കരുതലോടെ പ്രോത്സാഹിപ്പിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ഇ-മലയാളി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അറിവും, ഉണര്‍വും, പ്രസിദ്ധിയും നല്‍കി സാഹിത്യകാരന്മാരെ ഉന്നതിപ്പെടുത്തുന്ന ഇ-മലയാളിയുടെ സംഭാവനയും സേവനവും ആകര്‍ഷകമാണ്.

ഇ-മലയാളിയുടെ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ അനുമോദനം.

നന്മയിലേക്കും, സമാധനത്തിലേക്കും, പരസ്പര സ്നേഹത്തിലേക്കും, സന്തുഷ്ട ജീവിതത്തിലേക്കും, സര്‍വ്വോപരി തീക്ഷ്ണമായ സമഭാവനയിലേക്കും ജനതകളെ നയിക്കുന്ന സാഹിത്യ സൃഷ്ടികള്‍ രചിക്കുവാന്‍ സാഹിത്യകാരന്മാരെ വിനീതമായി ആഹ്വാനം ചെയ്തു കൊണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ടും തല്‍ക്കാലം നിര്‍ത്തട്ടെ-വേറ്റം പറഞ്ഞു

അടൂര്‍ സ്വദേശിയായ ജോണ്‍ വേറ്റം 1973-ല്‍ അമേരിക്കയില്‍ വരുന്നതിനു മുന്‍പ് നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതി.അമേരിക്കയില്‍ വന്ന ശേഷം 'ഡെഡ് സീ സ്ല്രോള്‍' എന്ന ബിബ്ലിക്കല്‍ രേഖകള്‍ 'ചാവുകടലിലെ ഗ്രഥ ചുരുള്‍കള്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ സുറിയാനി സഭയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെ പറ്റി 'അനുഭവ തീരങ്ങള്‍' എന്ന പേരില്‍ പുസ്ത്കം എഴുതി.

നടനും നാടക സംവിധായകനുമാണ്.എയര്‍ ഫോഴ്‌സ് ക്യാമ്പുകളിലും സിലിഗുരി, മുംബൈ, ന്യു യോര്‍ക്ക് എന്നിവിടങ്ങളിൂം നാടകങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അംഗമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ന്യു യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസം
ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു
ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു
ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു
ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' പ്രൊഫ.എം. എന്‍ കാരശ്ശേരിപ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക