Image

മലങ്കര കത്തോലിക്കാ സഭ ആഹഌദ നിറവില്‍; മോണ്‍ പീറ്റര്‍ കോച്ചേരിയും മോണ്‍ അഗസ്റ്റിന്‍ മംഗലത്തും ഇനി കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍

ഡോ. ജോര്‍ജ് കാക്കനാട്ട് Published on 02 July, 2019
മലങ്കര കത്തോലിക്കാ സഭ ആഹഌദ നിറവില്‍; മോണ്‍ പീറ്റര്‍ കോച്ചേരിയും മോണ്‍ അഗസ്റ്റിന്‍ മംഗലത്തും ഇനി കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍
ന്യൂയോര്‍ക്ക് : സെന്റ് മേരീസ് ക്യൂന്‍ ഓഫ് പീസ്  സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കിക്ക് ഇത് അഭിമാന നിമിഷം. നോര്‍ത്തമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ കഴിഞ്ഞ മൂന്നുദശാബ്ദങ്ങളിലായി നിര്‍ണ്ണായകമായ പങ്കുവഹിച്ച മോണ്‍ പീറ്റര്‍ കോച്ചേരിയെയും   മോണ്‍ അഗസ്റ്റിന്‍ മംഗലത്തിനെയും കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍ ആയി തിരുസഭ ഉയര്‍ത്തി. 

2019 ജൂലൈ ആറ് ശനിയാഴ്ച  ന്യൂയോര്‍ക്കിലെ എല്‍മണ്ട് സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തില്‍ 9:30 ന് നടക്കുന്ന കോര്‍ എപ്പിസ്‌ക്കേപ്പാ ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവും പിതാവുമായ മോറാന്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. നേര്‍ത്ത മേരിക്കന്‍ സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി അദ്ധൃക്ഷന്‍ അഭിവന്ദ്യ പീലിപ്പോസ് മാര്‍സ്‌തേഫാനോസ് , ചിക്കാഗോ സീറോ മലബാര്‍ എപ്പാര്‍ക്കി അദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയത്ത് , അമേരിക്കയിലെ ഈസ്‌റ്റേണ്‍ ബിഷപ്പ്‌സ് കോണ്‍ ഫറന്‍സ് അദ്ധ്യക്ഷന്‍ അഭിവന്ദ്യ കര്‍ട്ട് ബ്രണറ്റ് , മാര്‍ ക്രിസോസ്‌തോം, മാര്‍ അന്തോണിയോസ് തുടങ്ങി ധാരാളം വൈദികരും സന്യസ്തരും സന്യാസിനികളും അല്‍മായരും ഈ ശുശ്രൂഷകളില്‍ പങ്കെടുക്കും.

മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കോച്ചേരി നോര്‍ത്തമേരിക്കയിലെ സീറോ മലങ്കര കാത്തലിക് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു. 1986 ല്‍ കാനഡയിലെ സീറോ മലങ്കര കാത്തലിക് മിഷന്‍ ടൊറോന്റോ യില്‍ ആരംഭിച്ചത് മോണ്‍: കോച്ചേരിയാണ് . 2010 ല്‍ സീറോ മലങ്കര കാത്തലിക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിതമായപ്പോള്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയസ് പിതാവ് വികാരി ജനറാളായി ചുമതല ഏല്‍പ്പിച്ചതും മോണ്‍: കോച്ചേരിയെയാണ്. അഭിവന്ദ്യ പീലിപ്പോസ് മാര്‍ സ്‌തേഫാനോസ് പിതാവിനോടൊപ്പവും വികാരി ജനറാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം കോലഞ്ചേരിയില്‍ തോമസ് മറിയം ദമ്പതികളുടെ മകനായി ജനിച്ച  പീറ്റര്‍ 1970 ലാണ് പൂന പേപ്പല്‍ സെമിനാരിയിലെ പഠനശേഷം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. തിയോളജിയിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദവും തിയോളജിയില്‍ ലൈസന്‍ഷിയേറ്റും നേടിയിട്ടുണ്ട്. പിതാവിന്റെ സെക്രട്ടറി , പള്ളി വികാരി, തിരുവല്ല മൈനര്‍ സെമിനാരി റെക്ടര്‍, ഡയോസിഷന്‍ ഫോര്‍മേഷന്‍ ഡിറക്ടര്‍, ഐക്യദീപം പത്രാധിപര്‍ എന്നീ നിലകളികളില്‍ ശുശ്രൂഷ നടത്തിയിട്ടുണ്ട്. 2012 ല്‍ പരിശുദ്ധ സിംഹാസനം ചാപ്ലയിന്‍റ്റു ഹോളി സീ ആയി മോണ്‍: കോചേരി യെ നിയമിച്ചിട്ടുണ്ട്. അമേരിക്കയിലെ ഡാളസ് പള്ളി വികാരിയായിരുന്നു. ഇപ്പോള്‍ന്യൂ ജേഴ്‌സി പള്ളിയുടെ വികാരിയാണ്.

മോണ്‍: അഗസ്റ്റിന്‍ മംഗലത്ത് 1996 മുതല്‍ അമേരിക്കയിലെ സീറോ മലങ്കര കത്തോലിക്കാ സഭയില്‍ ശുശ്രൂഷ നടത്തി വരുന്നു. സീറോ മലങ്കര കാത്തലിക് മിഷന്‍ ഡിറക്ടര്‍, പ്രൊക്യൂറേറ്റേര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 2010 ല്‍ സീറോമലങ്കര കാത്തലിക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിതമായപ്പോള്‍ പ്രൊക്യൂറേറ്ററിന്റെയും ചാന്‍സലറിന്റേയും ഉത്തരവാദിത്വങ്ങള്‍ അഭിവന്ദ്യ യൗസേബിയസ് തിരുമേനി ഭരമേല്പിച്ചത് അഗസ്റ്റിന്‍ മംഗലത്തച്ചനെയാണ്. 2018 ഒക്ടോബറില്‍ നോര്‍ത്തമേരിക്കല്‍ സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ മുഖ്യ വികാരിജനറാളായി അഭിവന്യ പീലിപ്പോസ് മാര്‍ സ്‌തേഫാനോസ് പിതാവ് മോണ്‍: അഗസ്റ്റിനെ നിയമിച്ചു. കൊട്ടാരക്കര വാളകം മംഗലത്തു വീട്ടില്‍ അബ്രഹാമിന്റെ യും അന്നമ്മയുടെയും മകനായി ജനിച്ച അഗസ്റ്റിന്‍ 1979 ല്‍ പൂന പേപ്പല്‍ സെമിനാരി പഠനശേഷം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

മാര്‍ഗ്രിഗോറിയോസ്പിതാവിന്റെ സെക്രട്ടറി,  ഇടവക വികാരി ,  അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, സ്കൂള്‍ എന്നിവയുടെ ബര്‍സാര്‍  മാനേജര്‍ , അമേരിക്കയിലെ ക്വീന്‍സ് , ന്യൂറോഷല്‍ പള്ളികളുടെ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോണ്‍: അഗസ്റ്റിന്‍ ഫിസിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ റോക്ക് ലാന്റ് ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു  .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക