Image

അമ്മയ്ക്കുള്ളില്‍ ജനാധിപത്യമില്ലെന്ന് തുറന്നടിച്ച് ഡബ്ല്യൂസിസി

Published on 01 July, 2019
അമ്മയ്ക്കുള്ളില്‍  ജനാധിപത്യമില്ലെന്ന് തുറന്നടിച്ച് ഡബ്ല്യൂസിസി

>കൊച്ചി: ഡബ്ല്യൂസിസിയുടെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി പാസായി. കരട് ഭേദഗതി കൊണ്ടുവന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ തുറന്നടിച്ചു. കരട് ഭേദഗതി ജനാധിപത്യവിരുദ്ധവും യുക്തിരഹിതവുമാണെന്നും ഡബ്ല്യൂസിസി ആരോപിച്ചു.

വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരിലാണ് താരസംഘടന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. കരട് തയാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രവും താല്‍പര്യവും മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് താരസംഘടന തുടക്കമിടുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കരട് ഭേദഗതിയില്‍ ഇല്ലെന്ന് ഡബ്ല്യൂസിസി ആരോപിക്കുന്നു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനര്‍നിര്‍മ്മിക്കണമെന്നും ഇതിനായി കൂടുതല്‍ ചര്‍ച്ച ജനറല്‍ ബോഡിയില്‍ വേണമെന്നുമാണ് ഡബ്ല്യൂസിസി ആവശ്യപ്പെടുന്നത്. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെക്കുന്നതാണ് ഇന്ന് യോഗം പാസ്സാക്കിയ പ്രധാന ഭേദഗതി.
രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ പാര്‍വതി, രേവതി എന്നിവര്‍ ശക്തമായ എതിര്‍!പ്പ് രേഖപ്പെടുത്തി.
അംഗങ്ങളെ തിരികെ എടുക്കണമെങ്കില്‍ അവര്‍ കത്ത് നല്‍കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘടന. 'അമ്മ'യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനുള്ളത്. ഡബ്ല്യൂസിസി അംഗങ്ങളായ രേവതിയും പാര്‍വതിയും മടങ്ങിയതിനു ശേഷമാണ് ഭരണഘടനാ ഭേദഗതി അംഗങ്ങള്‍ കയ്യടിച്ച് പാസാക്കിയത്. നിലവിലെ ഭാരവാഹികള്‍ക്ക് ഒരു വര്‍ഷം കൂടെ കാലാവധി ബാക്കിയുള്ളതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക