Image

ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം - ആനി റിബു ജോഷി (മീട്ടു റഹ്മത്ത് കലാം)

Published on 01 July, 2019
ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം - ആനി റിബു ജോഷി (മീട്ടു റഹ്മത്ത് കലാം)
'ഈ ലോകം എങ്ങനെ മാറണമെന്ന് നിങ്ങള്‍ കരുതുന്നുവോ, ആ മാറ്റത്തിന് തുടക്കം കുറിക്കുക.'
മഹാത്മാ ഗാന്ധി

ലഹരിക്കെതിരെ പോരാടുന്നവരില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് തൃശൂര്‍ സ്വദേശിനി ആനി റിബു ജോഷി. നാലുവര്‍ഷംകൊണ്ട് ആറുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണം നല്‍കിയ ഈ പതിനെട്ടുകാരി ലോകശ്രദ്ധ പിടിച്ചുപറ്റിയത്  ലഹരി മാഫിയ തുടച്ചുനീക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ചോദിച്ച് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ്.


ലഹരി വിരുദ്ധ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ അത്തരത്തിലൊരു ആര്‍ജവം ഉണ്ടായതിനു പിന്നില്‍?

ജീവിതാനുഭവം തന്നെയാണ് കാരണം. ഒരച്ഛന്റെ സ്‌നേഹത്തിനും കരുതലിനും പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നുകൊണ്ടും സാധിക്കില്ലെന്ന് എനിക്കറിയാം. ജീവനറ്റ അച്ഛന്റെ ശരീരം ചേര്‍ത്തുപിടിച്ച് അമ്മയും ചേച്ചിയും കരയുമ്പോള്‍  മരണം എന്താണെന്ന് പോലും മനസിലാകാത്ത നാലുവയസ്സുകാരിയായിരുന്നു ഞാന്‍. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവച്ച് വെറും മുപ്പത്തിയെട്ടാം വയസില്‍ അച്ഛന് ഞങ്ങളെവിട്ട് പിരിയേണ്ടി വന്നത് ലിവര്‍ സിറോസിസ് മൂലമാണ്. അവസാന നാളുകളില്‍ അമ്മയുടെ കൈചേര്‍ത്തുപിടിച്ച് എനിക്കിനിയും ജീവിക്കണമെന്ന് കൊതിയോടെ പറയുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് രസത്തിന് തുടങ്ങിയ മദ്യപാനമാണ് അച്ഛനെ രോഗിയാക്കി മാറ്റിയത്. തന്നെ തകര്‍ത്ത മദ്യത്തിനോട് എന്നെന്നേക്കുമായി വിട പറഞ്ഞെങ്കിലും അതിനകം കരളിന്റെ നില അതീവ ഗുരുതരമായി. കുടുംബത്തിലും ചുറ്റുവട്ടത്തുമൊക്കെ ലഹരികൊണ്ട് ഉറ്റവരെ നഷ്ടപ്പെട്ട ഒരുപാടുപേരെ കാണാനിടയായതോടെ, അതിനെതിരെ എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് ഉറപ്പിച്ചു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി വിചാരിച്ചാല്‍ എന്തുമാറ്റം ഉണ്ടാകാനാണെന്ന് ചിന്തിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമായിരുന്നില്ല.  പെണ്‍കുട്ടികളുടെ പഠനാവകാശം നിഷേധിച്ച താലിബാനെതിരെ ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മലാലയ്ക്ക് പതിനഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളു. എഴുതാനും പ്രസംഗിക്കാനുമുള്ള എന്റെ കഴിവും ഞാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാന്‍ പ്രയോജനപ്പെടുത്തണമെന്ന തീരുമാനം പതിനാലാം വയസില്‍ എടുത്തത് പലരുടെയും ആത്മകഥകള്‍ വായിച്ച് നേടിയ ആര്‍ജവം കൊണ്ടാണ്. പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ചിറകരിഞ്ഞല്ല, സ്വപ്നങ്ങള്‍ക്കൊപ്പം പറക്കാന്‍ ശീലിപ്പിച്ചാണ് എന്നെയും ചേച്ചി അന്നയെയും അമ്മ വളര്‍ത്തിയത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങള്‍ക്കൊടുവില്‍ ലോകത്ത് മറ്റൊരിടത്തും ലഹരിക്കെതിരെ ഒരു വിദ്യാര്‍ത്ഥിയുടെ പോരാട്ടം ഇല്ലെന്ന് കണ്ടെത്തി, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലഹരി വിരുദ്ധ പ്രവര്‍ത്തക എന്ന് എന്നെ വിശേഷിച്ചപ്പോള്‍ ഇതെല്ലാം അറിഞ്ഞ് ഏതോ ലോകത്തിരുന്ന് അച്ഛന്‍ അഭിമാനിക്കുന്നുണ്ടെന്ന് തോന്നി. വൈറ്റ് ബാന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് തുടക്കം കുറിക്കുമ്പോള്‍  അത്തരത്തിലൊരു സംഘടന സ്വന്തമായി നടത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ ആള്‍ ഞാനാണെന്ന് അറിയുമായിരുന്നില്ല.

നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണല്ലോ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകശ്രദ്ധ ലഭിക്കുന്നത്?

എഴുതാനും പ്രസംഗിക്കാനും ചെറുപ്പം മുതല്‍ ഇഷ്ടമാണ്.  സമൂഹ മാധ്യമങ്ങളുടെ സാധ്യത മനസിലാക്കി, ബ്ലോഗെഴുത്തിലൂടെയായിരുന്നു ആദ്യ പ്രചാരണം. എട്ടാം   ക്ലാസുകാരി   പഠിക്കുമ്പോള്‍  'ക്രൂസേഡര്‍' എന്ന ഷോര്‍ട് ഫിലിമിലൂടെയും ഒക്കെ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു .  സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യ    ക്‌ളീന്‍   ആക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് മനസ്സില്‍ തോന്നിയതാണ് ലഹരി തുടച്ചുനീക്കുന്ന ആശയം ഉള്‍ക്കൊള്ളിച്ചൊരു വീഡിയോ. ലഹരി മാഫിയ തുടച്ചുനീക്കുന്നതിന് മോദിജിക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ചോദിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്തോടെ ദേശീയഅന്തര്‍ദേശിയ മാധ്യമങ്ങള്‍ അതേറ്റെടുത്തു. എന്നെ അതിലൂടെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു എന്നതിനേക്കാള്‍, എന്റെ ആശയം ജനങ്ങളില്‍ എത്തിയതിലാണ് സന്തോഷം. മാര്‍ച്ച് പാസ്റ്റിനിടയില്‍ മോദിജി എന്നെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. യുവതലമുറയുടെ കയ്യിലാണ് രാജ്യത്തിന്റെ ഭാവി എന്നിരിക്കെ, അവരെ ലഹരിയുടെ ലോകത്തേക്ക് വഴുതിവീഴാതെ രക്ഷിക്കേണ്ടത് പരമപ്രധാനമാണ്. തീവ്രവാദത്തേക്കാള്‍ വലിയ വിപത്താണ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നത്. സിഗരറ്റിന്റെ കവറിലും മദ്യത്തിന്റെ കുപ്പികളിലും അവ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ മൂലം പ്രതിദിനം മരണമടയുന്നവരുടെ എണ്ണം കൂടുന്നത് ഗൗരവത്തോടെ കാണണം.

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്  കൂടുതലായും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നത്?

ഒരു ആവേശത്തിന്റെ പുറത്ത് ഇറങ്ങി പുറപ്പെട്ട ആളല്ല ഞാന്‍. വിദേശത്തുനിന്ന് മെന്റല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളതുകൊണ്ട് ആളുകളുടെ മനസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഫ്രീലാന്‍സറും ഇതേ വിഷയത്തില്‍ റിസേര്‍ച്ച് നടത്തുന്ന ആളുമാണ് അമ്മ. അമ്മയുടെ പഠനങ്ങളില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ലഹരിക്കെതിരെ ഉള്ള പോരാട്ടം എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത് ലഭ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതൊരു ശാശ്വത പരിഹാരമല്ല. പിടിക്കപ്പെടുന്നവര്‍ ജയില്‍ശിക്ഷ കഴിഞ്ഞ് കൂടുതല്‍ വിലയ്ക്ക് കഞ്ചാവും മറ്റും വില്‍ക്കും. ആവശ്യക്കാരെ ഇല്ലാതാക്കുകയാണ് വേണ്ടത് ഡിമാന്‍ഡ് റിഡക്ഷന്‍ ടെക്‌നിക്.
 കൗമാരക്കാരുടെ മനസ്സ് വെള്ളക്കടലാസുപോലെയാണ്. അതിലെന്തും നമുക്ക് എഴുതി ചേര്‍ക്കാം. നല്ല പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഏറ്റവും നല്ല പ്രായവും അതാണ്. ലഹരി ഉപയോഗിക്കുുന്ന ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരുടെ മസ്തിഷ്ക വളര്‍ച്ച പൂര്‍ണമാവില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്കൂളുകളിലുള്ള ആറുലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇതിനോടകം ട്രെയിനിങ് കൊടുക്കാന്‍ സാധിച്ചു. സംസ്ഥാന വ്യാപകമായി കേരളസര്‍ക്കാരിന്റെ അനുമതിയോടെ വിക്യാന്‍ എന്നൊരു പദ്ധതിയും വിജയകരമായി നടപ്പാക്കി. ഇപ്പോള്‍ ഡല്‍ഹിയിലെ സ്കൂളുകളില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്.

മുതിര്‍ന്നവരെ ബോധവല്‍ക്കരിക്കുമ്പോള്‍?

കോര്‍പറേറ്റുകള്‍ക്കു വേണ്ടിയും ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഒക്കെ   ക്ലാസ്സ് ഇത്ര ചെറിയ കുട്ടി എന്തുപറയാനാണ് എന്ന മൈന്‍ഡ്‌സെറ്റ് സ്വാഭാവികമായും അവര്‍ക്കുണ്ടാകും. ക്ലാസ്സ് തുടങ്ങുമ്പോള്‍ എന്റെ സംസാരം അവര്‍ക്ക് ഇഷ്ടമാകും. ഡോക്ടര്‍മാര്‍ക്കും സൈക്കോളജിസ്റ്റിനും മുന്നില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അതൊരു കൊടുക്കല്‍ വാങ്ങല്‍ രീതിയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുക. എനിക്കറിയാത്ത പലതും അവര്‍ക്കറിയാം. അവര്‍ ചിന്തിക്കാത്ത പലതും ചിന്തിക്കാന്‍ എന്റെ വാക്കുകള്‍ പ്രേരിപ്പിച്ചതായി അവരും പറഞ്ഞിട്ടുണ്ട്. തലേ ദിവസത്തെ തയ്യാറെടുപ്പുകൊണ്ട് ചെയ്യാവുന്ന ഒന്നല്ല ബോധവല്‍ക്കരണം. നിലവിലെ രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്റെ സെഷന്‍സ് തോന്നുന്നതുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ അതിലേക്ക് ആകൃഷ്ടരാകുന്നത്. ഉപദേശിക്കുന്നത് ആരും ആസ്വദിക്കുന്ന ഒന്നല്ല. അതിനെ ആസ്വദിക്കുന്ന രീതിയില്‍ പ്രെസെന്റ് ചെയ്യാന്‍  കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്.  ഗൗരവത്തില്‍ മസില്‍ പിടിച്ചുള്ള പ്രഭാഷണങ്ങള്‍ക്ക് പകരം മനസിലാകുന്ന ഭാഷയില്‍ കൂട്ടുകാരോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് മുന്നിലുള്ളവരുമായി സംവദിക്കുക.

പ്രാര്‍ത്ഥനയിലൂടെയും മറ്റുമുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശാസ്ത്രീയ അടിത്തറയുള്ള ആനിയുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നു?
അതെ. തലച്ചോറിലെ നെഗറ്റീവ് ന്യൂറല്‍ വയറിങ് മാറ്റി ന്യൂറോപ്ലാസ്റ്റിസിറ്റിയിലൂടെ പോസിറ്റീവ് വയറിങ് സ്ഥാപിക്കാന്‍ ഗവേഷണങ്ങളിലൂടെ നടത്തിയ എന്റെ കണ്ടെത്തല്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ്. ഇതുസംബന്ധിച്ച പ്രബന്ധം ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ലളിതമായി പറഞ്ഞാല്‍, സ്ഥിരമായി നാലുമണിക്ക് കാപ്പി കുടിക്കുന്ന ആള്‍ക്ക് ആ സമയം കാപ്പി ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥതയുണ്ടാകും. ആ പ്രോഗ്രാമിങ് അഴിച്ചുപണിയുന്നതാണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്ന ടെക്‌നിക്. പറമ്പിലെ പുല്ല് ചെത്തി വൃത്തിയാക്കിയാക്കുന്നതുപോലെയാണ് ഈ പ്രക്രിയ. വീണ്ടും കാടുപിടിക്കാതെ നമ്മള്‍കൂടി ശ്രദ്ധിക്കണം.  പരിശീലനത്തിലൂടെ മനസങ്ങനെ പരുവപ്പെടും.  പ്രത്യേകം മോഡ്യൂളുകള്‍ തയ്യാറാക്കിയാണ് ട്രെയിനിങ് നല്‍കുന്നത്. ആത്മീയവും മാനസികവും ശാരീരികവുമായ ബാലന്‍സ് ഉണ്ടെങ്കിലേ വിജയത്തിന്റെ പടവുകള്‍ കയറാന്‍ സാധിക്കൂ. ആ ോ ഫൗണ്ടേഷന്‍ എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമാക്കി  ഞാന്‍ നടത്തുന്ന സംഘടന അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എം.എസ്. ഡബഌൂ പഠിച്ചിറങ്ങിയവരെ കോഓര്‍ഡിനേറ്റര്‍മാരാക്കി വൈറ്റ് ബാന്‍ഡ് €ബ്ബുകളും രൂപീകരിച്ചിരുക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്.  ലോകത്ത് നിന്നുതന്നെ ലഹരി തുടച്ചുനീക്കപ്പെടണം എന്നാണ് ഓരോ ആഗ്രഹം.

വിചിത്രമായ അനുഭവങ്ങള്‍?

  ക്ലാസ്സ്   എടുത്തുകഴിഞ്ഞ് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് പലരും അടുത്ത് വരാറുണ്ട്. അവരിലൊരാളായി തോന്നുന്നതുകൊണ്ടാകാം കുട്ടികള്‍ വേഗം തന്നെ എന്റെ മുന്‍പില്‍ മനസ്സ് തുറക്കും. അക്കൂട്ടത്തില്‍ ഒരു ആറാം ക്ലാസുകാരിയുടെ    മുഖം ഒരിക്കലും മറക്കില്ല. വെറും പതിനൊന്നുവയസുള്ള ആ കുട്ടി പുകവലിക്കും എന്ന് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അച്ഛനും ചേട്ടനും വലിക്കുന്നതുകണ്ട് അവരെ അനുകരിച്ചതായിരുന്നു അവള്‍. കൗമാരക്കാരായ ഒരുപാട് പെണ്‍കുട്ടികള്‍, പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തതായി ഏറ്റുപറഞ്ഞിട്ടുണ്ട്.
മാറ്റം ഉള്ളില്‍ നിന്ന് വരേണ്ട പ്രക്രിയയാണ്. പുറമേ ഒരാളെ എങ്ങനെയും മാറ്റിയെടുക്കാം. മനസ്സ് അങ്ങനല്ല. നമ്മള്‍ പറയുന്നത് ശ്രദ്ധിച്ച് കേട്ട് മാറണം എന്ന ആഗ്രഹത്തോടെ നിറഞ്ഞ കണ്ണുകളുമായി ഒരു കുട്ടി വരുമ്പോള്‍ തന്നെ അവനോ അവള്‍ക്കോ അതിന് കഴിയുമെന്ന് ഉറപ്പിക്കാം. നന്ദി പറഞ്ഞ് കിട്ടിയ കത്തുകളും സമ്മാനങ്ങളുമൊക്കെ വിലമതിക്കാനാവാത്ത ഓര്‍മയായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. അച്ഛന്‍ മരിച്ചതോര്‍ത്ത് പിന്നീടൊരിക്കലും ചിരിക്കാതെ കഴിഞ്ഞ കുറെ കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എന്റെ വാക്കുകള്‍ പ്രേരണയായി എന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്.

ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍?

ആഗ്രഹങ്ങള്‍ക്ക് പരിധി കല്‍പ്പിക്കുന്ന ആളല്ലാത്തതുകൊണ്ട് ഒരുപാട് സ്വപ്നങ്ങളുണ്ട്. ആളുകളുടെ മനസ്സുകൂടുതലായി അറിയാന്‍ കഴിയണം. ചുറ്റുമുള്ളവരെ ചിരിക്കാന്‍ പ്രേരിപ്പിക്കണം. ഹിപ്‌നോട്ടിസം പഠിക്കണമെന്നും മെന്റലിസ്റ്റ് ആകണമെന്നുണ്ട്. രണ്ട് നോവലുകള്‍ എഴുതി  ഒന്ന് പ്രചോദനാത്മകവും മറ്റൊന്ന് ഹൊറര്‍ മൂഡില്‍ ഉള്ളതുമുണ്ട്. എഴുത്തില്‍ സജീവമായിക്കൊണ്ട് ആ ോയുടെ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമാക്കണം എന്നയാണ് ആഗ്രഹം.

ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം - ആനി റിബു ജോഷി (മീട്ടു റഹ്മത്ത് കലാം)
ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം - ആനി റിബു ജോഷി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക