Image

ഗായത്രി ദേവി വിജയകുമാറിനെ വാട്ടര്‍ ഫ്രണ്ട് അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്തു

ജയ്‌സണ്‍ മാത്യു Published on 01 July, 2019
ഗായത്രി ദേവി വിജയകുമാറിനെ വാട്ടര്‍ ഫ്രണ്ട് അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്തു
ടൊറോന്റോ : ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും  ജീവിത വിജയം  കൈവരിക്കുകയും  ചെയ്ത,  സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളെ  കണ്ടെത്തി  ആദരിക്കുന്നതിന്   വാട്ടര്‍ ഫ്രണ്ട്  മാഗസിന്‍  എല്ലാ വര്‍ഷവും നല്‍കി വരാറുള്ള  അവാര്‍ഡിന്   ഗായത്രിദേവി വിജയകുമാര്‍   നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കലാസാംസ്കാരിക മേഖലകളില്‍  നടത്തിയ പ്രവര്‍ത്തന മികവാണ്  അവാര്‍ഡിനായി പരിഗണിക്കുന്നത്.

നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ഇരുന്നൂറോളം പേരില്‍ ഏക മലയാളിയാണ്  ഗായത്രി.

ഓരോ കാറ്റഗറിയിലും  മൂന്ന് പേരെ  ഫൈനലിസ്റ്റുകളായി  ആറംഗ ജൂറി ആദ്യം തെരഞ്ഞെടുക്കും. അവരില്‍ നിന്നും  പിന്നീട്  ജൂലൈ  19 ന്  ടൊറോന്റോ  ഗ്ലോബ്  ആന്‍ഡ് മെയില്‍  സെന്ററില്‍  നടക്കുന്ന  ചടങ്ങില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

പൊതുജനങ്ങള്‍ക്കും  അവാര്‍ഡ് ജേതാവിനെ  തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.  നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍  ഓരോ കാറ്റഗറിയിലും  ഏറ്റവും കൂടുതല്‍ വോട്ടു നേടുന്നവര്‍ക്കാണ്   "പീപ്പിള്‍സ് ചോയ്‌സ് " അവാര്‍ഡ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗായത്രിക്കു വോട്ടു ചെയ്യുന്നതിന്  ഈ  ലിങ്കില്‍  ക്ലിക്ക് ചെയ്യുക.
https://www.waterfrontawards.ca/nominee/gayathri-devi-vijayakumar/
    
ഇന്‍ഡോകനേഡിയന്‍ കള്‍ച്ചറല്‍ ഇനീഷ്യേറ്റിവ്  ഏര്‍പ്പെടുത്തിയ  വിമന്‍ ഹീറോ അവാര്‍ഡ്  കഴിഞ്ഞ വര്‍ഷം    ഗായത്രിക്കു  ലഭിച്ചിരുന്നു. മലയാളി കമ്മ്യൂണിറ്റിക്ക്  വെളിയില്‍ നിന്നും ഇങ്ങനൊരു അവാര്‍ഡ്  ലഭിച്ചത്  ഗായത്രിയുടെ   അതിര്‍ വരമ്പുകളില്ലാത്ത  സാമൂഹ്യ സേവനത്തിന്   ലഭിച്ച   വലിയ അംഗീകാരമായിരുന്നു.  ഇപ്പോഴിതാ   ഇന്റര്‍നാഷണല്‍  നിലവാരത്തിലുള്ള   അവാര്‍ഡിനായിട്ടാണ്  പരിഗണിക്കപ്പെട്ടിരിക്കുന്നത് .
നൃത്തവും സംഗീതവും ഒരു തപസ്യയാക്കി,  അതിനായി എല്ലാ ആഴ്ചയിലും ആയിരത്തോളം കിലോമീറ്റര്‍  െ്രെഡവ് ചെയ്യുന്നത്   വര്‍ഷങ്ങളായി  പിന്തുടരുന്ന,   കല തന്നെ ജീവിതമാക്കിയ  ഗായത്രി വിജയകുമാറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത് കലയോടുള്ള  ഈ അഭിനിവേശമാണ്. അതിനാല്‍ തന്നെ നടനകലക്കുള്ള   പുരസ്കാരങ്ങള്‍  ഒന്നൊന്നായി   അവരെ തേടിയെത്തുന്നതില്‍  ഒട്ടും അത്ഭുതപ്പെടാനില്ല .
നിരവധി തവണ  ഓ ഐ ഡി എ  (ഒന്റാരിയോ ഡാന്‍സ്  ഫെസ്റ്റിവല്‍ ) സ്പിരിറ്റ്  അവാര്‍ഡ് നേടിയിട്ടുള്ള  ഗായത്രി  കാനഡയിലെ  ഒട്ടു മിക്ക  മലയാളി  അസ്സോസ്സിയേഷനുകളില്‍ നിന്നും   പുരസ്ക്കാരങ്ങള്‍   കരസ്ഥമാക്കിയിട്ടുണ്ട്.

എന്‍.എസ് .എസ്  കാനഡ, ടൊറോന്റോ  മലയാളി സമാജം , കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്‍,     രാധാകൃഷ്ണ ടെംപിള്‍ ,  സെന്റ്  തോമസ്  കാത്തലിക് ചര്‍ച്ച് , കന്നഡ സംഘ,  തുടങ്ങിയ നിരവധി മതസാംസ്കാരിക  സംഘടനകള്‍ ഗായത്രിയെ അവരുടെ സാമൂഹ്യ പ്രതിബദ്ധതതയും  അര്‍പ്പണ ബോധവും കണക്കിലെടുത്ത്  ആദരിച്ചിട്ടുണ്ട്.

കൊറിയന്‍, ജാപ്പനീസ് , ശ്രീലങ്കന്‍, തമിഴ് , ഗുജറാത്തി, കന്നഡ, തെലുങ്ക്  കമ്മ്യൂണിറ്റികളിലും  വിവിധ പരിപാടികളില്‍ പങ്കെടുത്ത് അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള  ഗായത്രി  നിരവധി ഓര്‍ഗനൈസേഷനുകളില്‍ ഔദ്യോഗീക സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

സാര്‍ണിയ, ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രാംപ്ടണ്‍, സ്കാര്‍ബറോ, എന്നിവിടങ്ങളിലായി  പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന  നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററുമാണ്  ഗായത്രി.  അഞ്ചാം വയസ്സില്‍ നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയ ഗായത്രി  ഇന്നും ജീവവായു പോലെ അത് കൂടെ കൊണ്ടുനടക്കുകയാണ് .

ജൂലൈയില്‍   ഇന്ത്യയില്‍ നിന്നും  പ്രശസ്ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ  അശ്വതി നായരെ  കാനഡയിലെത്തിച്ചു  കുട്ടികള്‍ക്ക്  ഒരു നൃത്ത ശില്‍പ്പശാല  ഒരുക്കുന്ന തയ്യാറെടുപ്പിലാണ്  ഗായത്രി. കൂടാതെ, അശ്വതിയെ  ഉള്‍പ്പെടുത്തിക്കൊണ്ട്  തന്നെ  " അവനി " എന്ന  നൃത്ത വിരുന്ന്  നവമ്പര്‍  9 ന്   നൂപുര ക്രിയേഷന്‍സിന്റെ  ബാനറില്‍  അവതരിപ്പിക്കാനും തയ്യാറെടുക്കുന്നു.  ഇതിനിടയില്‍  കുറെ അരങ്ങേറ്റങ്ങള്‍  നടത്താനുള്ള  ക്രമീകരണങ്ങളും  ചെയ്തുകൊണ്ടിരിക്കുന്നു. അതെ; നിന്ന് തിരിയാന്‍ സമയമില്ലാതെ  ഗായത്രി  നൃത്തത്തിന്റേയും  സംഗീതത്തിന്റെയും  പിന്നാലെ ഓടിക്കൊണ്ടേയിരിക്കുകയാണ്. അവാര്‍ഡുകള്‍  ഓരോന്നായി  ഗായത്രിയുടെ പിന്നാലെയും!

ഗായത്രി ദേവി വിജയകുമാറിനെ വാട്ടര്‍ ഫ്രണ്ട് അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക