Image

പരിശുദ്ധ കാതോലിക്കാ ബാവ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2019
പരിശുദ്ധ കാതോലിക്കാ ബാവ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
ചിക്കാഗോ: ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന  ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

1994-ല്‍ റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ ദേവാലയം അമേരിക്കന്‍ ഭദ്രാസനത്തിന്റെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്ത അഭി. ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി 1994 മെയ് മാസം 22-നു വി. കുര്‍ബാന അര്‍പ്പിച്ച് ഈ ഇടവക ആരംഭിച്ചു. വികാരിയായി ഫാ. ദാനിയേല്‍ ജോര്‍ജിനെ നിയമിച്ചു.

2000 ഒക്‌ടോബറില്‍ ചിക്കാഗോ നഗരത്തിന് സമീപം ബെല്‍വുഡില്‍ ഒരു ദേവാലയം വാങ്ങി കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ      മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അനുഗ്രഹാശീര്‍വാദത്തോടുകൂടി അഭി.ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി കൂദാശ നിര്‍വഹിച്ചു. പിന്നീട് 2003-ല്‍ ഈ ദേവാലയത്തെ തന്റെ സ്വന്തം കത്തീഡ്രലായി തിരുമേനി ഉയര്‍ത്തുകയുണ്ടായി.

ആഗോളമായി വ്യാപിച്ചുകിടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരപത്തൊന്നാമത് മലങ്കര മെത്രാപ്പോലീത്തയും, തൊണ്ണൂറ്റൊന്നാമത് കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനി ജൂലൈ 21-നു ഞായറാഴ്ച  ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ എത്തുമ്പോള്‍ വിശ്വാസികള്‍ പ്രൗഡഗംഭീരമായ സ്വീകരണം നല്‍കും.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പരിശുദ്ധ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി സഹകാര്‍മികത്വം വഹിക്കും.

ജൂലൈ 21-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 9.45-ന് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും.

അമേരിക്കന്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചിക്കാഗോയില്‍ ഭാരതത്തിന്റെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായതും, പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധസ്ഥതകൊണ്ട് അനേകര്‍ക്ക് അഭയവും ആശ്വാസവുമായിരിക്കുന്ന ഈ ദേവാലയത്തില്‍ പ. ബാവാ തിരുമനസ്സുകൊണ്ട് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ജനങ്ങളെ അനുഗ്രഹിക്കും.

തുടര്‍ന്ന് ആഘോഷങ്ങള്‍ നടക്കും. അപ്പസ്‌തോലിക വാഴ്‌വോടുകൂടി പരിപാടികള്‍ സമാപിക്കും. തുടര്‍ന്ന് മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യ സഹകരണം വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് അഭ്യര്‍ത്ഥിക്കുന്നു.

ക്രമീകരണങ്ങള്‍ക്കായി ട്രസ്റ്റി പി.സി വര്‍ഗീസ്, സെക്രട്ടറി ഷിബു മാത്യൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

പരിശുദ്ധ കാതോലിക്കാ ബാവ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക