Image

അജയ് പാല്‍ ശര്‍മ്മ സ്വന്തം ഡ്യുട്ടി ചെയ്യുമ്പോള്‍ (സന്ദീപ് ദാസ്)

Published on 30 June, 2019
അജയ് പാല്‍ ശര്‍മ്മ സ്വന്തം ഡ്യുട്ടി ചെയ്യുമ്പോള്‍ (സന്ദീപ് ദാസ്)
അജയ്പാല്‍ ശര്‍മ്മ എന്ന  ഐ പി.എസ് ഓഫീസറുടെ ഒരു പ്രവൃത്തി ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊല്ലുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഒരു പ്രതിയെ അജയ് വെടിവെച്ചുവീഴ്ത്തി !

രാംപൂരിലെ ഈ എസ്.പി പൊതുവെ മിതഭാഷിയാണ്.സംസാരം ആവശ്യത്തിനു മാത്രം.അതും വളരെ പതിഞ്ഞ സ്വരത്തില്‍.സംസാരത്തേക്കാള്‍ പ്രവൃത്തിയിലാണ് അജയ് വിശ്വസിക്കുന്നത്.

ഐ .പി.എസ് നേടിയെടുക്കുന്നതിനുമുമ്പ് ഒരു ഡോക്ടറായിരുന്നു അജയ്.കുറച്ചുകൂടി വലിയ സാമൂഹികസേവനങ്ങള്‍ ചെയ്യുന്നതിനുവേണ്ടിയാണ് അദ്ദേഹം കാക്കിക്കുപ്പായം തെരഞ്ഞെടുത്തത്.

വളരെ തിളക്കമേറിയ ഒരു സര്‍വ്വീസാണ് അജയിനുള്ളത്.സ്വന്തം പേരില്‍ പത്തും ഇരുപതും ക്രിമിനല്‍ കേസുകളുള്ള,ഗവണ്‍മെന്റ് തലയ്ക്ക് വില പറഞ്ഞ ഒട്ടനവധി ക്രിമിനലുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്.ബെറ്റിങ്ങ് മാഫിയയോട് ഏറ്റുമുട്ടിയിട്ടുണ്ട്.കിഡ്‌നാപ്പിങ്ങ് കേസുകളും റേപ്പ് കേസുകളും പലതവണ വിജയകരമായി കൈകാര്യം ചെയ്തിട്ടുമുണ്ട്..സ്വാഭാവികമായും 'സിംഹം' എന്ന ഓമനപ്പേര് ചാര്‍ത്തിക്കിട്ടുകയും ചെയ്തു.

രാംപൂര്‍ സ്വദേശിനിയായ ആറുവയസ്സുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്.ഒടുവില്‍ അവളുടെ മൃതദേഹം കണ്ടുകിട്ടി.കുട്ടിയുടെ അയല്‍വാസിയായ നാസില്‍ ആണ് പ്രതിയെന്ന് അന്വേഷണത്തില്‍ ബോദ്ധ്യമായതോടെ പൊലീസ് അവിടേയ്ക്കു കുതിച്ചു.

പൊലീസിനെ കണ്ട പ്രതി അവരെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.പക്ഷേ പൊലീസ് പടയുടെ മുന്‍ഭാഗത്തുതന്നെ അജയ് ഉണ്ടായിരുന്നു.ആ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റിന്റെ കരങ്ങള്‍ വിറച്ചില്ല ; ഉന്നം പിഴച്ചതുമില്ല ! ഇരുകാലിലും വെടിയേറ്റ് നിലത്തുവീണ പ്രതിയെ പൊലീസ് കൈയ്യോടെ പിടികൂടി.

റേപ്പ് എന്ന െ്രെകമിനോട് അല്പം പോലും സഹിഷ്ണുതയില്ല.പിഞ്ചുകുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്ന രാജ്യമാണിത്.പെണ്‍കുട്ടികള്‍ മാത്രമല്ല,ആണ്‍കുട്ടികളും കാമവെറിയുടെ ഇരകളാകുന്നു.ദളിതര്‍ക്കുനേരെ ഐഡന്റിറ്റിയുടെ പേരില്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ ഇതിനുപുറമെയാണ്.

കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്.പക്ഷേ കളിച്ചും ചിരിച്ചും ജീവിക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരോട് സഹാനുഭൂതി കാണിക്കാന്‍ മാത്രം ഹൃദയവിശാലത എനിക്കില്ല.അതുകൊണ്ട് അജയ് എന്ന ഓഫീസറെ ഞാന്‍ അഭിനന്ദിക്കുകയേയുള്ളൂ.

അജയിന്റെ സഹോദരന്‍ അമിത്പാല്‍ ശര്‍മ്മ ഐ.എ.എസ് ഓഫീസറാണ്.മക്കള്‍ ഐ.പി.എസും ഐ.എ.എസും നേടണം എന്നത് അവരുടെ അച്ഛന്റെ ആഗ്രഹമായിരുന്നു.പിതാവിന്റെ മോഹം നിറവേറ്റിയ മകനാണ് അജയ്.

ഇപ്പോള്‍ മറ്റൊരു അച്ഛന്റെ ഹീറോയാണ് അജയ്.ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ പിതാവിന് ഇപ്പോള്‍ അജയ് ദൈവത്തിനു സമമായിരിക്കും.ഏറ്റവും പുതിയ എന്‍കൗണ്ടറിന്റെ പേരില്‍ അജയിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചേക്കാം.പക്ഷേ മകള്‍ നഷ്ടപ്പെട്ട അച്ഛന്റെ ആദരവിനേക്കാള്‍ വലിയ ബഹുമതികളൊന്നും അജയിന് കിട്ടാനില്ല.

ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് പൊലീസിന്റെ ചുമതല.പക്ഷേ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഈ തത്വത്തില്‍ വിശ്വസിക്കുന്നില്ല.അതുകൊണ്ടാണ് പലരും നീതിയ്ക്കുവേണ്ടി മറ്റുവഴികള്‍ തേടിപ്പോകുന്നത്.നിയമപാലകര്‍ സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്താല്‍ കുറ്റകൃത്യങ്ങള്‍ കുറയും.ഈ നാട്ടില്‍ സമാധാനമുണ്ടാകും.

മനുഷ്യരുടെ പല്ലുകള്‍ പരിശോധിക്കുന്ന ഡെന്റിസ്റ്റായിരുന്നു അജയ്.നരാധമന്‍മാരുടെ ദ്രംഷ്ടകള്‍ പറിച്ചെടുക്കുന്ന തൊഴിലാണ് ഇപ്പോള്‍ ചെയ്യുന്നത് ! ഇനിയും സത്യസന്ധമായി മുന്നോട്ടുപോകാന്‍ സാധിക്കട്ടെ...

അജയ് പാല്‍ ശര്‍മ്മ സ്വന്തം ഡ്യുട്ടി ചെയ്യുമ്പോള്‍ (സന്ദീപ് ദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക