Image

ചന്ദാര പ്രൊഡക്ഷന്‍ ഹൗസ്‌ തന്നെ പുറത്താക്കുകയായിരുന്നുവെന്ന്‌ അമലാ പോള്‍

Published on 28 June, 2019
ചന്ദാര പ്രൊഡക്ഷന്‍ ഹൗസ്‌ തന്നെ പുറത്താക്കുകയായിരുന്നുവെന്ന്‌ അമലാ പോള്‍


വിജയ്‌ സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതാണെന്ന വാദവുമായി നടി അമലാ പോള്‍. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ തന്നെ ഒഴിവാക്കിയതെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അമലാ പോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന രാതിയേന വേലുകുമാര്‍ നിര്‍മ്മിക്കുന്ന വിഎസ്‌പി 33 എന്ന ചിത്രത്തില്‍ നിന്നാണ്‌ അമലാ പോളിനെ ഒഴിവാക്കിയത്‌. പിന്നെ നായികയായി മേഘ്‌ന ആകാശ്‌ ആണെന്നാണ്‌ വാര്‍ത്തകള്‍ വന്നത്‌. 

ആടൈ ടീസറിനു വമ്പന്‍ പ്രതികരണം ലഭിച്ചതോടെ പ്രതിഫലം കൂട്ടിച്ചോദിച്ചതു കൊണ്ടാണ്‌ അമലയെ ഒവിവാക്കിയതെന്ന്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ അവസരത്തിലാണ്‌ വിഷയത്തില്‍ വ്യക്തത വരുത്തി അമലാ പോള്‍ തന്നെ രംഗത്തെത്തിയത്‌.

അമല നല്‍കിയ പത്രക്കുറിപ്പ്‌ വായിക്കാം.
`` അങ്ങേയറ്റത്തെ വിഷമത്തോടെയാണ്‌ ഞാന്‍ ഈ കത്തെഴുതുന്നത്‌. വിഎസ്‌പി 33 എന്ന ചിത്രത്തില്‍ നിന്നും എന്നെ ഒവിവാക്കിയിരിക്കുന്നു. പ്രൊഡക്ഷന്‍ യൂണിറ്റുമായി സഹകരിച്ചു പോകുന്നതില്‍ ഞാന്‍ പരാജയമാണ്‌ എന്നതാണ്‌ അവര്‍ പറയുന്ന കാരണം. 

ഞാനിപ്പോള്‍ ഇതു പറയുന്നത്‌ ആത്മപരിശോധനയ്‌ക്കായാണ്‌. കരയറിലുടനീളം ഞാന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ പിന്തുണച്ചിട്ടില്ലേയെന്ന സ്വയം ആത്മ പരിശോധന നടത്താന്‍ എന്റെ സിനിമാ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഇത്തരമൊരു ആരോപണം ഉയര്‍ന്നു വന്നതായി കേട്ടിട്ടില്ല. മാത്രവുമല്ല, സാഹചര്യം കണക്കിലെടുത്ത്‌ നിരവധി പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്‌തിട്ടുമുണ്ട്‌.

ഉദാഹരണത്തിന്‌ `ഭാസ്‌ക്കര്‍ ദറാസക്കല്‍' എന്ന ചിത്രം സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മാതാവിന്‌ എനിക്കു തരാമെന്നേറ്റ പണം തരാന്‍ സാധിച്ചില്ല. എന്നാല്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടു പോകാനോ മറ്റേതെങ്കിലും വഴിയില്‍ അതു നേടിയെടുക്കാനോ ഞാന്‍ ശ്രമിച്ചില്ല. കാരണം ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല എന്ന്‌ എനിക്കും അറിയാമായിരുന്നു. അദ്ദേഹത്തിനു വേണ്ടി പണം അങ്ങോട്ടു കൊടുത്തു. ഒരിക്കലും കേസു കൊടുത്ത്‌ പണം നേടാന്‍ ശ്രമിച്ചിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം കൂടി പറയാം. ചിത്രീകരണത്തിനിടെ എനിക്കു താമസം ഒരുക്കിയത്‌ ഒരു കൊച്ചു ഗ്രാമത്തിലാണ്‌. നഗരത്തിലെ ഏതെങ്കിലും ഹോട്ടലില്‍ തന്നെ എനിക്ക്‌ താമസം വേണം എന്നു ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ അത്‌ ആ ചിത്രത്തിന്റെ ബജറ്റിനെ തന്നെ ബാധിക്കുമായിരുന്നു. ഒരുപാട്‌ ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാവും പകലും ഞങ്ങള്‍ ഷൂട്ട്‌ ചെയ്‌തു. കാലിനു പരിക്ക്‌ പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ്ങ്‌ തുടര്‍ന്നു. 

പറഞ്ഞുറപ്പിച്ചതിനേക്കാള്‍ അഞ്ചു മണിക്കൂര്‍ കൂടുതല്‍ ഞാന്‍ ജോലി ചെയ്‌തു. കാരണം ഷൂട്ടിങ്ങ്‌ നീണ്ടു പോയാല്‍ നിര്‍മ്മാതാവിന്‌ കനത്ത നഷ്‌ടം സംഭവിക്കും എന്നറിയാവുന്നതു കൊണ്ട്‌. കൂടാതെ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിങ്ങ്‌ തെലവ്‌ മുവുവന്‍ ഞാനാണ്‌ വഹിച്ചത്‌. ഈ സിനിമയുടെ മികവ്‌ നഷ്‌ടപ്പെടാതിരിക്കാന്‍.

ആടൈ എന്ന ചിത്രത്തിനു വേണ്ടിയും ഞാന്‍ ചെറിയ പ്രതിഫലമാണ്‌ വാങ്ങിയത്‌. സിനിമ റിലീസ്‌ ചെയ്‌തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ്‌ കരാര്‍. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ്‌ ശ്രദ്ധിക്കുന്നത്‌. എനിക്കു പണക്കൊതിയില്ല.

 സിനിമ നന്നായി വരിക എന്നതാണ്‌ പ്രധാനം. സാമ്പത്തികമായി ഇപ്പോള്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്‌. എന്നാലും ഒന്നോ രണ്ടോ സിനിമകള്‍ക്കു വേണ്ടി മാത്രമാണ്‌ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. സിനിമയുടെ മികവ്‌ നോക്കി അഭിനയിക്കുക എന്നതാണ്‌ എന്റെ ലക്ഷ്യം. 

ഇപ്പോള്‍ തന്നെ വിഎസ്‌പി 33നു വേണ്ടി വസ്‌ത്രങ്ങള്‍ വാങ്ങാന്‍ മുംബൈയ്‌ക്കു വന്നതാണ്‌ ഞാന്‍. നിര്‍മ്മാതാവിന്‌ നഷ്‌ടം വരാതിരിക്കാന്‍ വേണ്ടിയാണ്‌ ഞാനിത്രയും ചെയ്‌തത്‌. കാരണം ബജറ്റിനു വേണ്ടി എപ്പൊഴും മുറവിളി കൂട്ടുന്നവരാണ്‌ ചന്ദാര പ്രൊഡക്ഷന്‍സ്‌. യാത്രയ്‌ക്കും താമസത്തിനും സ്വന്തം കൈയ്യിലെ പണമാണ്‌ ചെലവാക്കിയത്‌. 

അതിനിടെയാണ്‌ നിര്‍മ്മാതാവ്‌ രത്‌നവേലു കുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച്‌ മെസേജ്‌ അയച്ചത്‌. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിനു ചേരുന്നില്ലത്രേ. ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്നു പറഞ്ഞിരുന്നു എന്നും അതില്‍ പറയുന്നു. എന്നാല്‍ സത്യാവസ്ഥ മനസിലാക്കും മുമ്പു തന്നെ അവര്‍ എന്നെ പുറത്താക്കുകയായിരുന്നു.

ആടൈ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷമാണ്‌ ചന്ദാര പ്രൊഡക്ഷന്‍സ്‌ ഈ തീരുമാനം എടുത്തിരിക്കുന്നത്‌. ഇതു പുരുഷമേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്താഗതിയുടെയും അഹങ്കാരത്തിന്റെയും അനന്തരഫലമാണ്‌. 

ആടൈ ടീസര്‍ പുറത്തിറങ്ങിയശേഷം തീരെ നിലവാരമില്ലാത്തും തരംതാണതുമായ ആരോപണങ്ങളാണ്‌ ഇന്‍ഡസ്‌ട്രിയില്‍ പറഞ്ഞു പരത്തുന്നത്‌. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ്‌ അവരുടെ ചിന്ത.
എന്റെ കഥാപാത്രങ്ങളോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തുന്ന വിധമാണ്‌ ഞാനിന്നു വരെ അഭിനയിച്ചിട്ടുള്ളത്‌. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. 

എന്നാല്‍ ഇപ്പോള്‍ സംഭവിച്ച കാര്യം തികച്ചും നിരാശാജനകമാണ്‌. ഇടുങ്ങിയ ചിന്താഗതികള്‍ ഉപേകഷിച്ചുകൊണ്ട്‌ പ്രൊഡക്ഷന്‍ ഹൗസുകള്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമേ തമിഴില്‍ നല്ല സിനിമകള്‍ ഉണ്ടാവൂ. 

വിജയ്‌ സേതുപതിയുടെ ഭാഗത്ത്‌ തെറ്റില്ല. അദ്ദേഹത്തോടൊപ്പം മറ്റൊരവസരത്തില്‍ പ്രവര്‍ത്തിക്കാനാകും എന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്‌. ഊഹാപോഹങ്ങള്‍ക്കുളള മറുപടി മാത്രമല്ല, എന്റെ വേദനകളുടെ പ്രതികരണം കൂടിയാണ്‌. അമലാ പോളിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക