Image

മീനുണ്ടോ സഖാവേ, ഒരു മത്തിയെടുക്കാന്‍ ? (പകല്‍ക്കിനാവ് 154: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 27 June, 2019
മീനുണ്ടോ സഖാവേ, ഒരു മത്തിയെടുക്കാന്‍ ? (പകല്‍ക്കിനാവ് 154:  ജോര്‍ജ് തുമ്പയില്‍ )
ഇത്തവണ പകല്‍ക്കിനാവ് അലാസ്‌കയില്‍ നിന്നാണ്. മഞ്ഞുമലകളെപ്പറ്റിയും പിന്നെ സാല്‍മണ്‍ മത്സ്യത്തെപ്പറ്റിയുമാണ് എഴുതേണ്ടതെന്ന് അറിയാഞ്ഞല്ല. ഇവിടെ കണ്ടതും കഴിച്ചതുമായ മത്തിയെപ്പറ്റി ആകാമെന്നു കരുതി. അതെന്താണ് മത്തിയെക്കുറിച്ച് പറയുന്നതെന്നു മാന്യശ്രീ വായനക്കാര്‍ ചിന്തിക്കരുത്. കാരണം, നാട്ടിലെ പത്രങ്ങള്‍ വായിച്ചപ്പോഴും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ കണ്ടപ്പോഴും കേരളത്തിലെ ഇപ്പോഴത്തെ വലിയൊരു ചര്‍ച്ചാവിഷയമാണ് മത്തി എന്നു മനസ്സിലായി. മുന്‍പൊക്കെ സ്വര്‍ണവിലയും പെട്രോള്‍ വിലയും സ്ഥലവിലയും ഉയരുന്നതായിരുന്നു ചര്‍ച്ചെയങ്കില്‍ ഇപ്പോള്‍  ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ മത്തിയൊരു താരമായി മാറിയിരിക്കുകയാണ്. 50 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ഇന്നു 500 രൂപ വില! അന്തം വിട്ടു കുന്തം വിഴുങ്ങിയതു പോലെയിരിക്കാതെ എന്തു ചെയ്യും? പണ്ടൊക്കെ പാവങ്ങളുടെ മീനായിരുന്നു മത്തി. നിസാരവിലയ്ക്ക് കിട്ടിയിരുന്നതു കൊണ്ട് നിത്യേന മത്തി വാങ്ങി വറക്കുകയും പൊരിക്കുകയും കറി വെയ്ക്കുകയും പീര വയ്ക്കുകയും ചെയ്‌തൊരു കാലമുണ്ടായിരുന്നു മലയാളിക്ക്. പെട്ടെന്നൊരു ദിവസമാണ് മത്തിയെ മലയാളി മറന്നു തുടങ്ങിയത്. നാലു പുത്തുന്‍ കൈവന്നപ്പോള്‍ മുതല്‍ മലയാളികള്‍ക്കു മത്തി ഉളുമ്പുള്ള, മീനിന്റെ വൃത്തികെട്ട മണമുള്ള മീനായി മാറി. അതിനു ശേഷം മത്തിയുടെ ചാകര കാലം കേരളത്തില്‍ നിന്നും മാറി നിന്നുവെന്നു പറയുന്നതാവും ശരി. ആ ഗ്യാപിലേക്ക് വലിയ മീനുകളുടെ തള്ളിക്കയറ്റമായിരുന്നു. മോതയും ചൂരയും വറ്റയുടെയും നന്മീനിന്റെയും കാളാഞ്ചിയുടെയുമൊക്കെ വരവ്. അത്തരം മീനുകള്‍ക്ക് വലിയ വിലയുമുണ്ട്. അതൊന്നും മലയാളികള്‍ക്കു പ്രശ്‌നമല്ലാതായതോടെയാണ് മത്തിയുടെ കേരളത്തിലേക്കുള്ള വരവിനു ചെറിയ മങ്ങലേറ്റതെന്നു കരുതാന്‍. 
എന്നാല്‍ വളരെ പെട്ടെന്നാണ് കേരളത്തില്‍ മത്തി വന്‍ ഡിമാന്റുള്ള മീനായി മാറി. ഷുഗര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍ രോഗികള്‍ക്ക് മത്തി നല്ല ഒന്നാന്താരം സീഫുഡ് ആണത്രേ. എല്ലുകള്‍ക്ക് ബലമില്ലാത്ത പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കഴിക്കാന്‍ പറ്റുന്നതു മത്തിയാണെന്നതും ഇതിന്റെ വില കൂട്ടിയെന്നു വേണം പറയാന്‍. മീനുകളില്‍ മത്തി മാത്രമാണ് ആല്‍ഗയെ കാര്യമായി അകത്താക്കുന്നത്. ജലത്തില്‍ വളരുന്ന ഒരുതരം പായലുകളാണ് ആല്‍ഗകള്‍. ഇത് കഴിക്കുന്ന മീന്‍ കഴിച്ചാല്‍ ആവശ്യമുള്ള കാല്‍സ്യം അകത്തു ചെല്ലുമെന്നും അങ്ങനെ ആരോഗ്യമുള്ളവരായി ദീര്‍ഘകാലം ഇരിക്കാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ്, മത്തി സൂപ്പര്‍സ്റ്റാറായി മാറിയത്. കഴിഞ്ഞ ഒരു വര്‍ഷമായി നൂറിനും ഇരുനൂറിനും ഇടയിലാണ് മത്തിയുടെ വിലയെങ്കില്‍ കഴിഞ്ഞ ദിവസം അവധി ആഘോഷിക്കാന്‍ സിയാറ്റില്‍ പോയ കാര്യം പറയാന്‍ നാട്ടില്‍ പെങ്ങളെ വിളിച്ചപ്പോള്‍ വലിയ വിശേഷമായി പറഞ്ഞത് മത്തിയുടെ വിലയായിരുന്നു. ഒരു കിലോ മത്തിക്ക് 300 രൂപ! 300 കൊടുത്താലും സംഗതി കിട്ടാനില്ലത്രേ. അങ്ങനെ വരുമ്പോള്‍, ആവശ്യക്കാര്‍ 400 മുതല്‍ 500 വരെ കൊടുക്കാന്‍ റെഡി. മത്തി, ഇല്ലാതെ മലയാളിക്ക് കഴിയാന്‍ വയ്യാത്തൊരു സ്ഥിതി. 500 രൂപയ്ക്ക് കരിമീന്‍ കഴിച്ചിരുന്നപ്പോള്‍ മത്തിക്ക് 50 രൂപയില്‍ താഴെ മാത്രമായിരുന്നു വിലയെന്ന് ഓര്‍ക്കണം. ആ മത്തിയാണ് ഇപ്പോള്‍ കരിമീനിന്റെ റേഞ്ചിലേക്ക് ഉയരുന്നത്. കരിമീന്‍ തിന്നാനായി കരിമ്പിന്‍കാല റെസ്റ്റോറന്റിലേക്ക് പോയിരുന്ന കാലമുണ്ടായിരുന്നു. ഇനി അവധിക്ക് ചെല്ലുമ്പോള്‍ കരിമീനിനു പകരം മത്തി വേണോ എന്നവര്‍ ചോദിക്കുന്നത് മനസ്സിലൊന്നു കണ്ടു നോക്കി. 

എന്താണ് മത്തിക്ക് ഇത്രയും വില കയറാന്‍ കാരണം? ആലോചിച്ചു നോക്കിയാല്‍ ആര്‍ക്കും മനസിലാവും. മീന്‍ കിട്ടാനില്ല. കേരളത്തിലിപ്പോള്‍ ട്രോളിങ് കാലമാണ്. ട്രോളിങ്ങിനു മുന്‍പും മത്തിക്ക് 200 അടുത്ത് വിലയുണ്ടായിരുന്നു, അപ്പോഴോ എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. കടലിലെങ്ങും മത്തിയില്ല. ഈ മത്തിയൊക്കെ ഇതെവിടെ പോയി. അതാണ് മത്തിപ്രിയരെ ഇരുത്തി ചിന്തിപ്പിക്കുന്നത്. പച്ചക്കപ്പയും മത്തിക്കറിയുമൊക്കെ മലയാളിയുടെ നൊസ്റ്റാള്‍ജിയയായി മാറാന്‍ പോവുകയാണോ?
ലോകത്ത് പലേടത്തും- അലാസ്‌കയില്‍ ഉള്‍പ്പെടെ-മത്തി കിട്ടുമെങ്കിലും കേരളത്തിലെ മത്തിയുടെത്രയും രുചി മറ്റൊരിടത്തെ മത്തിക്കുമില്ല. ഈ മത്തി ദൗര്‍ലഭ്യത്തിനു കാരണം എല്‍നിനോ പ്രതിഭാസമാണത്രേ. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ കിടപ്പുണ്ട്. അതെടുത്തൊന്നു വായിച്ചു നോക്കി- അവരുടെ റിപ്പോര്‍ട്ട് പ്രകാരം മത്തി കേരളതീരം വിട്ടത് ഇന്നും ഇന്നലെയുമൊന്നുമല്ല. അത്, 2013-ലാണ്. 2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നുവെന്നു റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചുവെന്നാണ് അവരുടെയും കണ്ടെത്തല്‍. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായതോടെ മത്തി കിട്ടാക്കനിയായി.

എന്താണ് എല്‍നിനോ? കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയതായാണ് കണ്ടെത്തല്‍. കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ട് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ ബാധിച്ചു. എല്‍നിനോയുടെ തീവ്രത മത്തിയുടെ പ്രജനനം കുറയുന്നതിനും കാരണമായി. അങ്ങനെ ഒമാന്‍ മത്തിയും തമിഴ്‌നാട് മത്തിയും കേരളത്തിലെ മത്തിപ്രിയരുടെ ഊണുമേശയിലേക്ക് മുന്നൂറിനും നാനൂറിനും എത്താന്‍ തുടങ്ങി. ഇങ്ങനെ പോയാല്‍ എന്തു ചെയ്യും? വൈകിട്ടത്തെ സന്ധ്യാനമസ്‌ക്കാരത്തില്‍ മത്തിയുടെ വില കൂടി കുറയണമേയെന്നു മുട്ടിപ്രാര്‍ത്ഥിക്കേണ്ടി വരുമോ?

മീനുണ്ടോ സഖാവേ, ഒരു മത്തിയെടുക്കാന്‍ ? (പകല്‍ക്കിനാവ് 154:  ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക