Image

ശ്യാമ... സുന്ദര. കേര കേദാരഭൂമി ജന ജീവിത ഫലധാന്യ സമ്പന്നഭൂമി (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 June, 2019
ശ്യാമ... സുന്ദര. കേര കേദാരഭൂമി ജന ജീവിത ഫലധാന്യ സമ്പന്നഭൂമി (രാജു മൈലപ്രാ)
ദൈവത്തിന്റെ സ്വന്തം നാട്'- ഇന്നു ദൈവങ്ങളുടെ സ്വന്തം നാടാണ്. ആള്‍ ദൈവങ്ങളുടെയും, രാഷ്ട്രീയ ദൈവങ്ങളുടെയും, സമ്പന്ന ദൈവങ്ങളുടെയും നാട്-ശ്യാമളമാരും, ശ്യാമളന്‍മാരും ഏത് ഹീന പ്രവൃത്തിക്കു കൂട്ടു നില്‍ക്കുന്ന നാട്.
'പ്രവാസി നിക്ഷേപ സൗഹൃദ നാട്' എന്ന പൊള്ളത്തരം പുറംനാടുകളില്‍ പോയി പ്രചരിപ്പിച്ച് പ്രവാസി നിക്ഷേപകരെ കേരളത്തിലേക്ക് ബിസിനസ് കേരളത്തിലേക്ക് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ പ്രലോഭിപ്പിച്ച് അവര്‍ നാട്ടിലേക്കു വരുവാനുള്ള, ആത്മാര്‍ത്ഥത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാഗ്ദാനങ്ങള്‍.

ഈ മോഹനവാഗ്ദാനങ്ങളുടെ മായാവലയത്തില്‍ വീണ് ചോര നീരാക്കിയ സമ്പാദ്യവുമായി ഇവിടെ വന്നാലോ?
'കടക്കൂ പുറത്ത് '
'അങ്ങോട്ടൊന്നു മാറി നില്‍ക്ക്'
 'ഇതു കേരളമാണെന്നോര്‍മ്മ വേണം-' അങ്ങനെ എന്തെല്ലാം ഭീഷണികള്‍- 'നോക്കുകൂലി' യില്‍ തുടങ്ങി, ചുവപ്പുനാടയില്‍ കുരുങ്ങി പാതിവഴി പദ്ധതി ഉപേക്ഷിച്ചു പോയ എത്രയെത്ര പ്രവാസികള്‍!

അവസാനത്തെ ഉദാഹരണം, കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉടമാവകാശ രേഖ ലഭിക്കാത്തത്തില്‍ മനംനൊന്ത് പ്രവാസി വ്യവസായി, പാറയില്‍ സാജന്‍ ജീവനൊടുക്കിയ സംഭവമാണ്-നഗര ധാര്‍ഷ്ട്യവും, കടുംപിടുത്തവും, ഈശേഗോ പ്രോബഌവുമാണ് ഈ ദാരുണ സംഭവത്തിനു പിന്നില്‍- കണ്ണൂരിലെ പാര്‍ട്ടിയുടെ ഉള്‍പ്പോരും വിഭാഗീയതയും ഈ പ്രശ്‌നം വഷളാക്കിയതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

നഗരസഭ നിര്‍ദ്ദേശിച്ച ഓരോ പിഴവുകളും കെട്ടിട നിര്‍മ്മാണ വേളയില്‍ സാജന്‍ പരിഹരിച്ചിട്ടുണ്ട്.

'ഞാനീ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം ആ കെട്ടിനു പ്രവര്‍ത്തനാനുമതി ലഭിക്കില്ല-' അഹങ്കാരം സ്ഫുരിക്കുന്ന മുഖത്തോടെ അവര്‍ പറഞ്ഞു.
പി.ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടതു മുതല്‍ ശ്യാമള വര്‍ദ്ധിത പകയോടെ പെരുമാറി.
പ്രായമായ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. 'മേലാല്‍ ഇവിടെ കയറിപ്പോകരുതെന്നു' പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു വിട്ടു. അനുമതി നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള വഴിയടയുമെന്നു ശ്യാമളയോടു പറഞ്ഞിരുന്നു. 'അതവിടെ ഒരു സ്തൂപമായി നില്‍ക്കട്ടെ' എന്നാണ് അതിനവര്‍ മറുപടി പറഞ്ഞത്.
പി.കെ.ശ്യാമളയുടെ ഈ ചെയ്തികളെല്ലാം കണ്ട് പാര്‍ട്ടി വെറുതേ ഇരിക്കുമെന്നു കരുതുന്നെങ്കില്‍ തെറ്റിപ്പോള്‍-കുറ്റങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ സമര്‍ത്ഥമായി വെച്ചുകെട്ടി. ശ്യാമളയുടെ ഭാഗത്തുനിന്നും ജാഗ്രത കുറവുണ്ടായി എന്നു പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. അതിന് അവര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ അങ്ങിനെയങ്ങു വെറുതേ വിടില്ല. ശ്യാമളക്കുട്ടിയെ രഹസ്യമായോ പരസ്യമായോ  ശാസിക്കും.

'മോളേ! ശ്യാമളേ- കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു- പോട്ടെ സാരമില്ല! ഇനി തെറ്റു പറ്റാതെ സൂക്ഷിക്കണം-' ഇതാണു പാര്‍ട്ടിയുടെ രഹസ്യശാസനയുടേയും, പരസ്യശാസനയുടേയും ഒരു ലൈന്‍.

ശാസന കിട്ടിയവരെല്ലാം വര്‍ദ്ധിത വീര്യത്തോടു കൂടി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതാണ് കാണുന്നത്. പി.കെ.ശശി തന്നെ നല്ല ഉദാഹരണം. പരാതി കൊടുത്ത പെണ്‍കൊച്ചിന്റെ കാര്യം കട്ടപ്പൊക!

സാജന്റെ ആത്മഹത്യ ആദ്യത്തെ സംഭവമൊന്നുമല്ല. ചോര നീരാക്കിയ സമ്പാദ്യം കൊണ്ടു നാട്ടിലെത്തി ചെറിയൊരു വര്‍ക് ഷോപ്പു തുടങ്ങുവാന്‍ ശ്രമിച്ച് പാര്‍്ട്ടിക്കാരുടെ സ്‌നേഹവായ്പു' കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന പുനലൂര്‍  ഇളമ്പലില്‍ സുഗതന്‍- പാട്ടത്തിനെടുത്ത ഭൂമി വയല്‍ നികത്തിയതാണെന്നാരോപിച്ച് സി.പി.ഐ.യുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ കൊടികുത്തിയതോടു കൂടിയാണു വര്‍ക് ഷോപ്പ് പ്രവര്‍ത്തിപ്പിക്കാനാവാതെ കടക്കെണിയിലായ സുഗതന്‍ ഒരു മുഴം കയറില്‍ ജീവിതമവസാനിപ്പിച്ചത്.

കായല്‍ നികത്തി റിസോര്‍ട്ടു നടത്തുന്നവര്‍ അധികാരത്തിന്റെ കൊടിയും വെച്ച് തേരാപാരാ നടക്കുന്ന നാടാണിത്.
ലോകോളേജ് കെട്ടിടം ചട്ടങ്ങള്‍ ലംഘിച്ചാണു നിര്‍മ്മിച്ചതെന്നു പറഞ്ഞ് വലിയ കോളിളക്കമുണ്ടാക്കിയവര്‍ തന്നെ, ഇപ്പോള്‍ ആ പാചകക്കാരി ചേച്ചിയുടെ ഇതേ കെട്ടിടം വാടകയ്ക്ക് എടുക്കുന്നു.

അന്‍വര്‍ സാഹിബിന്റെ തീംപാര്‍ക്ക് കൊടിപറപ്പിച്ച് ഇന്നും അവിടെത്തന്നെ നില്‍ക്കുന്നു.
പക്ഷേ പ്രവാസികള്‍ തീരെ നിരാശപ്പെടേണ്ടതില്ല- നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ 'ലോക കേരള സഭ' എന്നൊരു നല്ല സംഘടനയുണ്ട്. അവരുടെ ഇതുവരെയുള്ള മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാല്‍ വീണ്ടും നല്ല നല്ല കാര്യങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാം. ഭാഗ്യത്തിന് അമേരിക്കയില്‍ നിന്നുമുണ്ട് 'ലോക കേരള സഭയി' ലേക്കുള്ള പ്രതിനിധികള്‍- ഈ ഒരു പദവി മുട്ടനാടിന്റെ കഴുത്തില്‍ മുല കിളിച്ചതുപോലെ യാതൊരു പ്രയോജനവുമില്ലാത്ത ഒരു അലങ്കാരമാണെന്ന്  അവര്‍ അറിയുന്നുണ്ടോ? പാവങ്ങള്‍- നമ്മള്‍ക്കു സഹതപിക്കാം.

കേരളത്തില്‍, വലിയ മുടക്കു മുതലില്ലാതെ നടത്തുവാന്‍ പറ്റുന്ന ഒന്നു രണ്ടു ബിസിനസുണ്ട്. ഒന്ന് ഇടിച്ചു കുത്തി നാരങ്ങാവെള്ളം. ഏതെങ്കിലും റോഡ് സൈഡിലെ പുറമ്പോക്കില്‍, നാലുകാലില്‍ ഒരു ടാര്‍ഷാളില്‍ വലിച്ചു കെട്ടും-സോഡാ, നാരങ്ങാ, ഇഞ്ചി, പച്ചമുളക്, കൂടാതെ ഒന്നു രണ്ടു സീക്രട്ട് ചേരുവകളും. ഒരു ബേസില്‍ വെള്ളമുണ്ടെങ്കില്‍, ഒരു ദിവസം ഉപയോഗിക്കുന്ന ഗ്ലാസുകളെല്ലാം അതില്‍ വൃത്തിയാക്കാം. അത്യാവശ്യകാര്‍ക്കു വേണമെങ്കില്‍ ഈ ഷെഡിന്റെ പിറകില്‍ മൂത്രവിസര്‍ജ്ജനവും നടത്താം.

ഒരു കത്രികാ, കത്തി, ചീപ്പ്, കണ്ണാടി ഇവ മൂലധനമായിട്ടുണ്ടെങ്കില്‍ ഒരു ബാര്‍ബര്‍ ഷാപ്പു തുടങ്ങാം. മുറി വാടകയ്‌ക്കെടുത്ത്, വലിയ കണ്ണാടിയും കറങ്ങുന്ന കസേരയും വെച്ചാല്‍ അതു ബ്യൂട്ടി പാര്‍ലറായി. നമ്മുടെ ഫൊക്കാനാ, ഫോമാ നേതാക്കള്‍, അവരുടെ ദേശീയ കണ്‍വന്‍ഷനുകളില്‍ നാട്ടില്‍ നിന്നുമുള്ള മന്ത്രിമാരെ ഇറക്കുമതി ചെയ്തു 'കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നുള്ള കാര്യം ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതാണ്.

ഏതായാലും ആത്മഹത്യക്ക് അമേരിക്കയേക്കാള്‍ നല്ലത് കേരളമാണ് തൂങ്ങിച്ചാവാം, കയത്തിലോ, കുളത്തിലോ, ആറ്റിലോ ചാടാം. ട്രെയിനിനു തലവെയ്ക്കാം-അങ്ങിനെ എന്തെല്ലാം ആധുനീക രീതികള്‍, ജീവനൊടുക്കുവാന്‍-
പ്രവാസി നിക്ഷേപകരേ- ഇതിലേ! ഇതിലേ!

ശ്യാമ... സുന്ദര. കേര കേദാരഭൂമി ജന ജീവിത ഫലധാന്യ സമ്പന്നഭൂമി (രാജു മൈലപ്രാ)
Join WhatsApp News
Independenr Observer 2019-06-26 10:11:08
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ ഈ പറയുന്ന കൺവെൻഷൻ സെന്ററിന് പ്രവർത്തിക്കുവാൻ അനുമതി കൊടുത്തിട്ടു, എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിലും നഗര സഭ അധ്യക്ഷയുടെ മേൽ കുതിര കയറിയേനെ. എത്രയോ പ്രവാസികൾ കേരളത്തിൽ നല്ല വ്യവസായങ്ങൾ ഒരു പ്രശനവും കൂടാതെ നടത്തുന്നു. ഒറ്റപ്പെട്ട ഈ സംഭവം കൊണ്ട്ട് കേരളം പ്രവാസി നിക്ഷേപ സൗഹൃദ സംസഥാനമല്ലന്നു സ്ഥാപിക്കുവാനുള്ള ഈ പ്രവണത നല്ലതല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക