Image

ഇന്ത്യയിലെ ഒരുശതമാനം ധനികരുടെ പക്കലുള്ളത്‌ രാജ്യത്തിന്റെ 58 ശതമാനം സമ്പത്തെന്ന്‌ റിപ്പോര്‍ട്ട്‌

Published on 25 June, 2019
ഇന്ത്യയിലെ  ഒരുശതമാനം ധനികരുടെ പക്കലുള്ളത്‌ രാജ്യത്തിന്റെ 58 ശതമാനം സമ്പത്തെന്ന്‌ റിപ്പോര്‍ട്ട്‌


ന്യൂദല്‍ഹി: രാജ്യത്ത്‌ കടുത്ത സാമ്പത്തിക അസമത്വമാണു നിലനില്‍ക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരുശതമാനം ആളുകളുടെ പക്കലുള്ളത്‌ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 58.4 ശതമാനമാണെന്ന റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല പ്രസ്സ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്‌ തിങ്കളാഴ്‌ച പ്രകാശനം ചെയ്‌തത്‌.

2000-2017 കാലയളവിനുള്ളില്‍ ഈ സാമ്പത്തിക അസമത്വത്തിന്റെ വളര്‍ച്ച ആറു മടങ്ങാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്‌.

 `ഇന്ത്യ സോഷ്യല്‍ റിപ്പോര്‍ട്ട്‌: റൈസിങ്‌ ഇനീക്വാലിറ്റീസ്‌' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ ദല്‍ഹിയും ഹൈദരാബാദും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ്‌ സോഷ്യല്‍ ഡെവലപ്‌മെന്റ്‌ (സി.എസ്‌.ഡി) എന്ന ഗവേഷക സംഘടനയാണ്‌.

രാജ്യത്തെ ഏറ്റവും ധനികരായ 10 ശതമാനം ആളുകളുടെ കൈയിലാണു രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 80.7 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കൈയില്‍ എണ്‍പതുകളില്‍ ഉണ്ടായിരുന്നത്‌ കേവലം ആറു ശതമാനം സ്വത്താണെങ്കില്‍, 2015 ആയപ്പോഴേക്കും രാജ്യത്തെ സമ്പത്തിന്റെ 22 ശതമാനമായി അതു വര്‍ധിച്ചു.

സാമ്പത്തിക വളര്‍ച്ചയില്‍ നിന്നു വ്യത്യസ്‌തമായി കാണേണ്ടതല്ല, സാമ്പത്തിക അസമത്വമെന്ന്‌ മന്‍മോഹന്‍ സിങ്‌ പറഞ്ഞു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെയേ ദാരിദ്ര്യം കുറയ്‌ക്കാനുള്ള പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികവിദഗ്‌ധരും സാമൂഹിക ശാസ്‌ത്രജ്ഞരും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 22 അധ്യായങ്ങളാണുള്ളത്‌. ഹൈദരാബാദ്‌ കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡി. നരസിംഹ റെഡ്‌ഢി, സി.എസ്‌.ഡി പ്രൊഫസര്‍ ടി. ഹഖ്‌ എന്നിവരാണ്‌ റിപ്പോര്‍ട്ട്‌ എഡിറ്റ്‌ ചെയ്‌തിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക