Image

ലൈംഗീകപീഡന പരാതി: ബിനോയി കോടിയേരിയെ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കില്ല

Published on 25 June, 2019
ലൈംഗീകപീഡന പരാതി: ബിനോയി കോടിയേരിയെ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കില്ല


കണ്ണൂര്‍: ലൈംഗീകപീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയി കോടിയേരിയെ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കില്ലെന്ന്‌ സൂചന. ബിനോയിയെ അറസ്റ്റ്‌ ചെയ്യാനായി കണ്ണൂരില്‍ തങ്ങിയിരുന്ന മുംബൈ ഓഷിവാര പോലീസ്‌ ചൊവ്വാഴ്‌ച ഉച്ചയോടെ മുംബൈയിലേക്ക്‌ മടങ്ങി.

അതേസമയം കേസെടുത്ത്‌ 19 ദിവസമായിട്ടും ബിനോയിയെ കണ്ടെത്താനായിട്ടില്ല. ബിനോയിയെ തേടി കഴിഞ്ഞ ബുധനാഴ്‌ച കേരളത്തിലെത്തിയ പോലീസ്‌ സംഘം കണ്ണൂര്‍ തലശേരി തിരുവങ്ങാട്ടുള്ള വീട്ടിലും കോടിയേരിയിലുള്ള തറവാട്ടുവീട്ടിലും അന്വേഷിച്ചെങ്കിലും ബിനോയി സ്ഥലത്തുണ്ടായിരുന്നില്ല.

 ഇതേതുടര്‍ന്ന്‌ മൂന്നുദിവസത്തിനകം മുംബൈ ഓഷിവാര പോലിസ്‌ സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ പോലിസ്‌ നോട്ടിസ്‌ നല്‍കിയിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കുമെന്നും അറസ്റ്റു വാറണ്ടുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ്‌ നല്‍കി ഒരാഴ്‌ച കഴിഞ്ഞിട്ടും ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കാനും പോലീസ്‌ തയ്യാറായിട്ടില്ല.

കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം തേടി ബിനോയിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത്‌ മുംബൈയിലെ കോടതി വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റിയിരുന്നു. 

ജാമ്യപേക്ഷയില്‍ ഉത്തരവ്‌ വരും വരെ അറസ്റ്റ്‌ ചെയ്യുന്നത്‌ കോടതി തടഞ്ഞിട്ടില്ലെങ്കിലും വ്യാഴാഴ്‌ച വരെ കാത്തിരിക്കാനാണ്‌ പോലീസ്‌ തീരുമാനമെന്നാണ്‌ വിവരം. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ്‌ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്‌.

വിവാഹ വാഗ്‌ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ്‌ ബിഹാര്‍ സ്വദേശിനിയും ഡാന്‍സ്‌ ബാര്‍ ജീവനക്കാരിയുമായ യുവതിയുടെ പരാതിയില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക