Image

രാജ്യസഭാ സീറ്റ്‌: ഫൊക്കാനയും ഫോമയും സംയുക്തമായി വര്‍ക്കി ഏബ്രഹാമിന്‌ പിന്നില്‍

Published on 27 April, 2012
രാജ്യസഭാ സീറ്റ്‌: ഫൊക്കാനയും ഫോമയും സംയുക്തമായി വര്‍ക്കി ഏബ്രഹാമിന്‌ പിന്നില്‍
ന്യൂയോര്‍ക്ക്‌: രാജ്യസഭാ സീറ്റിലേക്ക്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സ്ഥാനാര്‍ത്ഥിയായി ന്യൂയോര്‍ക്കിലെ വ്യവസായി വര്‍ക്കി ഏബ്രഹാമിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള എന്നിവര്‍ സ്വാഗതം ചെയ്‌തു. ഇതേവരെ ഒരു അമേരിക്കന്‍ മലയാളിക്കും ഇത്തരമൊരു അവസരം കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം നല്‍കിയിട്ടില്ലെന്നും അതിനാല്‍ വര്‍ക്കി ഏബ്രഹാമിനു പിന്നില്‍ പ്രവാസി സമൂഹം അടിയുറച്ച്‌ നില്‍ക്കുകയാണെന്നും സംയുക്ത പ്രസ്‌താവനയില്‍ അവര്‍ വ്യക്തമാക്കി.

സംഘടനാതലത്തില്‍ വൈരികളെങ്കിലും ഇക്കാര്യത്തില്‍ രണ്ടു സംഘടനകളുടേയും അഭിപ്രായം ഒന്നുതന്നെയാണെന്ന്‌ വ്യക്തമാക്കിയത്‌ പ്രവാസികളുടെ പൊതുവെയുള്ള നിലപാടിനനുസൃതമാണ്‌. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്ന വ്യക്തികള്‍ ഇന്ത്യയില്‍ അധികാരകേന്ദ്രത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക്‌ പെട്ടെന്ന്‌ പരിഹാരം കാണാന്‍ കഴിയുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

വ്യവസായ രംഗത്തു മാത്രമല്ല, സാമൂഹിക-സാംസ്‌കാരിക രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ വര്‍ക്കി ഏബ്രഹാം. മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മലയാളം ടെലിവിഷന്‍ യു.എസ്‌.എയുടെ ചെയര്‍മാനാണ്‌.

കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന വര്‍ക്കി ഏബ്രഹാമിന്‌ മന്ത്രി കെ.എം. മാണി, കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെയൊക്കെ പിന്തുണയുണ്ടെന്നാണ്‌ കരുതുന്നത്‌.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന മെയ്‌ നാലിന്‌ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ പ്രവാസികളെന്ന്‌ ബേബി ഊരാളിലും ജി.കെ. പിള്ളയും പറഞ്ഞു. സംഘടനകള്‍ തമ്മില്‍ ഭിന്നതകളുണ്ടെങ്കിലും പൊതുവായ കാര്യത്തില്‍ ഒരുമിച്ച്‌ നില്‍ക്കുകയെന്നതാണ്‌ തങ്ങളുടെ നയമെന്നും അതിനനുസൃതമായി തന്നെയാണ്‌ ഈ നിലപാടെന്നും അവര്‍ വ്യക്തമാക്കി.

മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള വര്‍ക്കി ഏബ്രഹാം തിരുവല്ല സ്വദേശിയാണ്‌. ലോംഗ്‌ഐലന്റിലെ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ഡയറക്‌ടറാണ്‌.

ഷൂ നിര്‍മ്മാണ വിതരണ കമ്പനിയായ എറിക്‌ ഷൂസിന്റെ സാരഥിയാണ്‌. ഇതിന്റെ പ്രധാന ഉത്‌പാദന കേന്ദ്രം ചെന്നൈയിലാണ്‌. എന്‍.ആര്‍.ഐ ആണെങ്കിലും മാസത്തില്‍ ഏതാനും ദിവസം ഇന്ത്യയില്‍ തങ്ങുന്ന പതിവ്‌ രണ്ടു പതിറ്റാണ്ടിലേറെയായി ഉണ്ട്‌. അതിനാല്‍ നാടുമായുള്ള ഉറ്റ ബന്ധം നിലനില്‍ക്കുന്നു.
രാജ്യസഭാ സീറ്റ്‌: ഫൊക്കാനയും ഫോമയും സംയുക്തമായി വര്‍ക്കി ഏബ്രഹാമിന്‌ പിന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക