Image

വെളുത്തു സുന്ദരിയായ കറുത്തമ്മ (വിജയ് സി.എച്ച്)

Published on 24 June, 2019
വെളുത്തു സുന്ദരിയായ കറുത്തമ്മ (വിജയ് സി.എച്ച്)
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന്‍റെ പ്രഥമ ജേതാവ്. മികച്ച പടത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രഥമ തെന്നിന്ത്യന്‍ സിനിമയിലെ മുഴുനീള നായിക. ഒരു നായകനുമൊത്ത് എറ്റവും കൂടുതല്‍ പടങ്ങളില്‍ അഭിനയിച്ചതിനുള്ള ലോക റെക്കോര്‍ഡ്... ഷീലയുടെ ഒന്നാം സ്ഥാനങ്ങള്‍ ഒന്നൊന്നായി എടുത്തെഴുതുക എളുപ്പമല്ല!

ഇപ്പോഴിതാ അവരുടെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി  മലയാള ചലചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ചു സംസ്ഥാനം നല്‍കുന്ന ജെ.സി. ഡാനിയേല്‍ പുരസ്കാരം!
ഷീലാമ്മ അനുഭവങ്ങള്‍ പങ്കിടുന്നു.

? ജെ.സി. ഡാനിയേല്‍ അവാര്‍ഡ് മലയാള സിനിമയിലെ ഏറ്റവും ഉല്‍കൃഷ്ടമായത്! ഈ ബഹുമതി നേടിയ ആനന്ദം ഒന്നു പങ്കുവെക്കാമോ, മേഡം?
= വളരെ സന്തോഷം! തീരെ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ എത്തിയ ഒരു അംഗീകാരമാണിത്! സംസ്ഥാന സര്‍ക്കാരിനും, പ്രത്യേകിച്ചു സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എ. കെ. ബാലനും, നന്ദി അറിയിക്കുന്നു. ചലചിത്ര അക്കാദമിയോടും, പുരസ്കാര സമിതി അംഗങ്ങളോടും കൃതജ്ഞതയുണ്ട്. അര നൂറ്റാണ്ടിലേറെയായി എന്‍റെ സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്ന സഹൃദയരായ എല്ലാ പ്രേക്ഷകരുമായും ഞാന്‍ ഈ ആനന്ദം പങ്കുവെക്കുന്നു.

? മുന്നെ ദേശീയതലത്തിലും, സംസ്ഥാനതലത്തിലും നിരവധി അവാര്‍ഡുകള്‍ മേഡം നേടിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്തൊരു സംതൃപ്തി ഇപ്പോള്‍ തോന്നുന്നുണ്ടോ?
= തീര്‍ച്ചയായും തോന്നുന്നുണ്ട്! പക്ഷെ, ഒരു അവാര്‍ഡിനേയും ചെറുതാക്കിക്കാണാന്‍ എനിക്കു താല്‍പര്യമില്ല. സമ്മാനങ്ങള്‍ക്കു വലിപ്പച്ചെറുപ്പമില്ല, എല്ലാം അമൂല്യമാണ്!

? വെളുത്തു സുന്ദരിയായ കറുത്തമ്മ... മറക്കാനാവുമോ ആ ദിനങ്ങള്‍?
= ഒരിക്കലും മറക്കുകയില്ല  കറുത്തമ്മ മാത്രമല്ല, ഒരു മലയാളിയും മറക്കാന്‍ പാടില്ലാത്തതാണ് 'ചെമ്മീന്‍'! ഓര്‍മ്മിപ്പിച്ചതിനു നന്ദി. പുതിയ റിപ്പോര്‍ട്ടേര്‍സ് മറന്നു പോകുന്നൊരു ചോദ്യമാണിത്. വിജയ് എന്നെ ഓര്‍മ്മിപ്പിച്ചു, സന്തോഷം!

* ഈസ്റ്റ്മാന്‍ കളറില്‍ ഇറങ്ങിയ ആദ്യ മലയാള പടം!
അതുവരെ ബ്ലേക്ക് & വൈറ്റ് ഷൂട്ടില്‍ നല്ല കോണ്‍ട്രാസ്റ്റ് കിട്ടാനായി വസ്ത്രങ്ങളുടെ കളര്‍ തിരഞ്ഞെടുത്തുമാത്രം പരിചയം ഉണ്ടായിരുന്ന ഞങ്ങള്‍ക്ക്, കളര്‍ ഷൂട്ടു വന്നതോടുകൂടി വര്‍ണ്ണപ്പൊലിപ്പുള്ള ഡ്രസ്സുകള്‍ ഏതാണെന്ന് അറിയണമെന്നായി. കറുത്തമ്മയുടെ കോസ്റ്റ്യൂം പതിവായി മുണ്ടും ബ്ലൗസ്സും മാത്രമായിരുന്നുവെങ്കിലും, ബ്ലൗസ്സിന്‍റെ കളര്‍ സെലക്ഷന് ഒരു ബഹളമായിരുന്നു! ബ്ലൗസ്സിന്‍റെ നിറത്തിനു യോജിക്കുന്ന കരയുള്ള മുണ്ടുകളും വേണമല്ലൊ!

* മലയാള സിനിമക്കു സാങ്കേതിക മേന്മ അത്രയൊന്നും അവകാശപ്പെടാനില്ലാത്ത സമയത്താണ്, രാമു കാര്യാട്ട് സാര്‍ (സംവിധായകന്‍) മലയാളികളല്ലാത്ത മാര്‍കസ് ബാര്‍ട്ട്‌ലി (ഛായാഗ്രാഹകന്‍), ഋഷികേശ് മുഖര്‍ജി (എഡിറ്റര്‍), സലില്‍! ചൗധരി (സംഗീത സംവിധായകന്‍) മുതലായ പ്രഗല്‍ഭന്മാരെ കേരളത്തിന്‍റെ കടാപ്പുറത്തു കൊണ്ടുവന്നു അണിനിരത്തിയത്! ഇവരെയൊക്കെ കാണാനും ഒരു വാക്കു മിണ്ടാനും ഞങ്ങള്‍ കൗതുക പൂര്‍വ്വം കാത്തുനില്‍ക്കുമായിരുന്നു!

* തകഴി ചേട്ടന്‍റെ കഥ മോശമാകാന്‍ പാടില്ലെന്ന് രാമു സാറിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. എനിക്ക് മധുവിന്‍റെ കൂടെ അഭിനയിക്കാന്‍ പ്രശ്‌നമില്ലായിരുന്നു, പക്ഷെ, സത്യന്‍ സാറിനെ ഇത്തിരി പേടി... രണ്ടു പേരുടേയും നായിക ഞാനായിരുന്നല്ലൊ! മനസ്സുകൊണ്ട് ഒത്തിരി ഇഷ്ടപ്പട്ടു അഭിനയിച്ച ഒരു കഥാപാത്രമാണ് കറുത്തമ്മ!

* പ്രസിഡണ്ടിന്‍റെ സുവര്‍ണ്ണ കമലം വിന്ധ്യനും കടന്ന് ഇങ്ങെത്തിയപ്പോള്‍ വല്ലാത്ത ആഹ്ലാദമായിരുന്നു! അങ്ങോട്ടും ഇങ്ങോട്ടും വിളിയോടു വിളി! കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന തിരിച്ചറിവുണ്ടായി ഞങ്ങള്‍ക്ക്. അഭിനയിക്കുന്ന സമയത്ത്, ചെമ്മീനിന് ഇത്രയും വലിയ അംഗീകാരം കിട്ടുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല!

? ചെമ്മീനിനു തൊട്ടു പുറകില്‍ വന്ന 'വെളുത്ത കത്രീന'യിലെ കത്രീനയും വെളുത്തു ചന്തമുള്ളവളായിരുന്നു. അന്തര്‍ജ്ജനമായിത്തീര്‍ന്ന വശ്യസുന്ദരി. അറുപതുകളില്‍ ഇറങ്ങിയ ഇതുപോലുള്ള പടങ്ങളിലൂടെ, മലയാളി സ്ത്രീയുടെ രൂപലാവണ്യത്തിന് മേഡം ഒരു സ്റ്റാന്‍ഡേഡ് നിശ്ചയിക്കുകയായിരുന്നു. മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തെ ഒന്നു വിലയിരുത്താമോ?
=അതു ശരിയാണ്! എന്നെ ഒരു സ്റ്റാന്‍ഡേഡ് ആയി പലരും അന്നു കരുതിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇങ്ങിനെ പൊതുവായൊരു സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം രൂപം കൊണ്ടതും. വെള്ളിത്തിരിയില്‍ എല്ലാവര്‍ക്കും കാണുവാന്‍ കഴിയുന്ന ഒരാളെ മാത്രമല്ലേ ഉദാഹരണമായി പറയുവാനും കഴിയുകയുള്ളൂ.

എന്നാല്‍, മലയാളി പെണ്ണുങ്ങള്‍ നല്ല സൗന്ദര്യ ബോധമുള്ളവരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവര്‍ എന്നെ പൂര്‍ണ്ണമായും ഒരു മാതൃകയായി ഇന്നു സ്വീകരിക്കണമെന്നില്ല.

പണ്ടൊക്കെ നിറത്തിനും സ്‌െ്രെതണത്വം നിറഞ്ഞുനില്‍ക്കുന്ന മേനിയഴകിനും ഇന്നുള്ളതിനേക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു. എങ്ങിനെയായാലും ഒരു മനുഷ്യന്‍ എങ്ങിനെയിരിക്കുന്നു എന്നുള്ളത് ദൈവത്തിന്‍റെ കൃപയാണ്. പോയ ജന്മത്തിലെ പുണ്യമോ, അച്ഛനമ്മമാര്‍ ചെയ്ത പുണ്യമോ ആയിരിക്കാം.

? ഒട്ടേറെ പ്രബലമായ നായികാ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി, തലമുറകളുടെ ആവേശമായിമാറിയിരുന്നു മേഡം. ഇന്നത്തെ ഒരു നടിയും അതുപോലുള്ള റോള്‍സ് കൈകാര്യം ചെയ്തു കാണുന്നില്ല. മലയാള സിനിമയില്‍ സ്ത്രീ ശക്തി കുറഞ്ഞു വരുന്നതെന്തുകൊണ്ടാണ്?
= സിനിമാ നിര്‍മ്മാതാക്കള്‍ നല്ല നോവലുകള്‍ വായിച്ചു ഉചിതമായ കഥകള്‍ സിനിമക്കുവേണ്ടി തിരഞ്ഞെടുക്കാത്തതാണ് ഇതിനു കാരണം. സ്ത്രീ പ്രാധാന്യമുള്ള കഥകള്‍ നോവലുളില്‍നിന്നേ ലഭിക്കൂ. മറ്റൊരു കാരണം, ഇന്നത്തെ നടിമാര്‍ മലയാളത്തില്‍ കുറച്ചു പടങ്ങള്‍ ചെയ്താലുടനെ മറ്റു ഭാഷകളിലേക്കു പോകുന്നുവെന്നുള്ളതാണ്.

? ഷീല -ശാരദ -ജയഭാരതിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നുള്ള നടിമാര്‍ ഏതു നിലയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
= ഇപ്പോള്‍ ഉള്ളവരെല്ലാം വളരെ നന്നായി അഭിനയിക്കുന്നവരാണ്. ഞങ്ങളുടെ കാലത്ത് കുറെ
പടങ്ങളില്‍ വര്‍ക്ക് ചെയ്താല്‍ മാത്രമേ ഒരു നടി പെര്‍ഫെക്റ്റ് ആയി മാറുമായിരുന്നുള്ളൂ. എന്നാല്‍, പുതിയ കുട്ടികള്‍ ആദ്യ പടത്തില്‍തന്നെ വളരെ നന്നായി അഭിനയിക്കുന്നു! അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കണമെന്നുമാത്രം.

? ഭാസ്കരന്‍ മാഷുടെ 'ഭാഗ്യജാതകം' മേഡത്തിന്‍റെ ആദ്യപടം (1962). അതിലെ രാധയേയും, 2004ല്‍ അഭിനയിച്ച സത്യന്‍ അന്തിക്കാടിന്‍റെ 'മനസ്സിനക്കരെ'യിലെ കൊച്ചുത്രേസ്യയേയും അഭിനയ മികവു മുന്‍നിര്‍ത്തി ഒന്നു താരതമ്യം ചെയ്യാമോ?
=  'ഭാഗ്യജാതക'ത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്കു പതിമൂന്നു വയസ്സാണ് പ്രായം. ഡയറക്ടര്‍ പറയുന്നത് ചുമ്മാ അനുസരിച്ചു. ആ അഭിനയം എത്രകണ്ടു നന്നാവും?

അതിനുശേഷം മലയാളത്തിലും, തമിഴിലും, തെലുഗുവിലുമായി എത്ര പടത്തില്‍ അഭിനയിച്ചു! 'കള്ളിച്ചെല്ലമ്മ', 'വാഴ് വേ മായം', 'ഒരുപെണ്ണിന്‍റെ കഥ', 'ഉമ്മാച്ചു', 'കല്‍പ്പന', 'കരിനിഴല്‍', 'അനുഭവം'... മുതലായ പടങ്ങളൊക്കെ പിന്നിട്ടില്ലേ! ആ അനുഭവമാണ് എന്‍റെ വലിയ സമ്പത്ത്.

കൊച്ചുത്രേസ്യയായുള്ള എന്‍റെ പെര്‍ഫോര്‍മന്‍സ് ഏറെ മികവുറ്റതാണെന്നു എനിക്കുതന്നെ നന്നായി ബോദ്ധ്യപ്പെട്ടിരുന്നു. ആ അഭിനയം കണ്ടിട്ട് പ്രേക്ഷകരും നിരൂപകരും ഒരുപോലെ എന്നെ പ്രശംസിക്കുകയും ചെയ്തു!

? അറുപതു വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍?
= ഒരുപാടു സന്തോഷ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അവാര്‍ഡുകള്‍ പോലും മറക്കാനാവാത്ത അനുഭവങ്ങളാണ്.

പിന്നെ, കുറെ ദുഃഖ സ്മരണകള്‍. ഏറെ അടുപ്പമുണ്ടായിരുന്നവരുടെ മരണങ്ങള്‍. സത്യന്‍ സാര്‍, നസീര്‍, ജയന്‍ മുതലായവരുടെ വേര്‍പാട് വളരെ വേദനിപ്പിച്ചു. അടൂര്‍ ഭാസി, ബഹദൂര്‍... കുറെ പടങ്ങളില്‍ ഒരുമിച്ചു അഭിനയിച്ചതല്ലേ... അവരുള്ള സിനിമകള്‍ കാണുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും.

? അഭിനയത്തിനും, തിരക്കഥാരചനക്കും, സംവിധാനത്തിനുമെല്ലാം അപ്പുറത്ത്, മേഡം നല്ലൊരു ചിത്രകാരികൂടിയാണെന്നു കേട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പറയാമോ?
= ചിത്രരചന ചെറുപ്പം മുതലേ ഇഷ്ടമാണ്. വരക്കല്‍ ആറു വയസ്സില്‍ തുടങ്ങി. അഭിനയമൊന്നും കുട്ടിക്കാലത്ത് ഇഷ്ടമല്ലായിരുന്നു. വരച്ചു, വരച്ച്, എന്‍റെ വര്‍ക്കുകളുടെ ഒരു എക്‌സിബിഷനും നടത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ വരച്ച 94 ചിത്രങ്ങള്‍ അതില്‍ പ്രദര്‍ശിപ്പിച്ചു. 'ലി മെറിഡിയ 9 കൊച്ചി'യില്‍ വച്ച്. നല്ല റെസ്‌പോണ്‍സായിരുന്നു.

? ഇടക്കുവെച്ച് സിനിമ വിട്ടുപോകാന്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നോ? 1980ല്‍ നിര്‍ത്തിയിട്ട്, പിന്നെ സത്യേട്ടന്‍റെ 'മനസ്സിനക്കരെ'യിലാണ് (2003) തിരിച്ചു വരവ് നടത്തിയത്...
= എന്‍റെ മകനെ വളര്‍ത്താന്‍. അവനെ വളര്‍ത്താനും പഠിപ്പിക്കാനുമായാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്. ഒരു മകനെ പ്രസവിച്ചാല്‍ മാത്രം പോര, അവനെ വളര്‍ത്തണം.

ഒരു കൊച്ചിനെ പ്രസവിക്കുന്ന അമ്മയേക്കാള്‍ മാഹാത്മ്യം ഉള്ളവളാണ് ഒരു കൊച്ചിനെ ദത്തെടുത്തു വളര്‍ത്തുന്നവള്‍. അവളാണ് യഥാര്‍ത്ഥ അമ്മ! ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുന്ന സംതൃപ്തി എനിക്കു കിട്ടണമായിരുന്നു. ഞാന്‍ 20 വര്‍ഷം മാറി നിന്നത് അതിനു വേണ്ടിയാണ്.

മകന്‍റെ പേര്, ജോര്‍ജ്ജ്; സിനിമയില്‍, വിഷ്ണു.

? മേഡം വീണ്ടും സംവിധായിക ആകുന്നുവെന്നു കേട്ടു...
= ശരിയാണ്, വളരെ വിഭിന്നമായ ഒരു തിരക്കഥ ഞാന്‍ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതു വരെ ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലാത്തൊരു തീം  ആരും എഴുതാത്തൊരു കഥ! സംഭാഷണം മറ്റൊരാളാണ്.

പ്രൊഡിയൂസര്‍ ഗോകുലം ഗോപാലനാണ്. ബിഗ് ബജറ്റ് പടം! അദ്ദേഹത്തിന് വലിയൊരു നടനെ വച്ചുതന്നെ ഈ പടം ചെയ്യണമെന്നു നിര്‍!ബ്ബന്ധമുണ്ട്. ആ നടന്‍റെ കാള്‍ഷീറ്റിനായി വെയ്റ്റു ചെയ്യുന്നു. അടുത്ത കൊല്ലം, സെപ്റ്റംബറില്‍ വര്‍ക്ക് തുടങ്ങും.

? മിടൂ പരിപാടിയില്‍ പ്രതികരിക്കുന്നതിനിടയില്‍, ഇക്കാലത്ത് ആണ്‍കുട്ടികളുടെ പ്രണയ ചിന്തകള്‍ അല്‍പ്പം നേരത്തേ എത്തുന്നുവെന്ന് മേഡം പറഞ്ഞിരുന്നു. ഈ പ്രതിഭാസത്തിന് ഭക്ഷണമല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലേ?
= ഞാന്‍ അവരോടു പറഞ്ഞത് ഇതിന്‍റെ കാരണങ്ങളിലൊന്ന് ഭക്ഷണം എന്നാണ്. ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു. I told them that hormone-injected food is one of the reasons for this phenomenon. അവന്‍മാര്‍ അത് തെറ്റായി റിപ്പോര്‍ട്ടുചെയ്ത്, only reason എന്നെഴുതി, പ്രശ്‌നങ്ങളുണ്ടാക്കി.

ഹോര്‍മോണ്‍സ് കുത്തിവെച്ച കോഴി ആയാലും, ഇറച്ചി ആയാലും, മലക്കറി ആയാലും, അത് മനുഷ്യരുടെ അക്രമാസക്തമായ എല്ലാ വികാരങ്ങളേയും തീവ്രമാക്കുന്നു, മുന്‍കൂറായി പ്രവര്‍ത്തിപ്പിക്കുന്നു. ഒരാളെ കൊല്ലാന്‍ വരെയുള്ള ഉത്തേജനം ലഭിക്കുന്നു. അതുപോലെയുള്ള മറ്റൊരു വികാരമല്ലേ ലവ് എന്നു പറയുന്നത്? അതും ഹിംസാത്മകമായി മാറുന്നു.

അടുത്ത കാരണം ഫാസ്റ്റ് ലൈഫ്‌സ്‌റ്റൈല്‍ ആണ്. ആര്‍ക്കും ആരേയും ലവ് ചെയ്യാം എന്ന അവസ്ഥ. പണ്ടൊക്കെ, കുറെ കാലം പുറകെ നടന്ന്, കത്തുകൊടുത്ത് കാത്തിരിക്കണം. ഇക്കാലത്ത് കണ്ട മാത്രയില്‍തന്നെ ലവ് ആയി, 'can we go for a cup of tea?' എന്നു ചോദിക്കും! അങ്ങിനെ, സംഭവിക്കാനുള്ളതെല്ലാം പെട്ടെന്നു സംഭവിക്കുന്നു. തെറ്റിപ്പിരിയലും അതുപോലെത്തന്നെ.

? ഒരു കാലത്ത് യുവഹൃദയങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആരാധനാ വിഗ്രഹമായിരുന്നു മേഡം. വ്യക്തിപരമായി എന്തെങ്കിലും ചീത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
= എനിക്ക് ഒരു ചീത്ത അനുഭവവും ഉണ്ടായിട്ടില്ല, ഞാനതിന് അവസരവും കൊടുത്തിട്ടില്ല. പടത്തിന്‍റെ പ്രൊഡിയൂസറായാലും മറ്റാരായാലും ശരി, എന്നോട് വേണ്ടാത്ത ഒരുവാക്കു പറഞ്ഞിട്ടില്ല. മകള്‍, സഹോദരി, അമ്മ എന്ന നിലയില്‍ മാത്രമേ ഒരോ സഹപ്രവര്‍ത്തകനും എന്നോടു പെരുമാറിയിട്ടുള്ളൂ.

പറയാനുള്ളത് ഞാന്‍ വെട്ടിത്തുറന്നു പറയുമായിരുന്നു. ഞാന്‍ പ്രധാനപ്പെട്ട റോള്‍ ചെയ്യുന്നതിനാല്‍ എന്നെ നല്ല ഹോട്ടലില്‍ മാത്രമേ താമസിപ്പിച്ചിട്ടുള്ളൂ. പ്രൊഡിയൂസര്‍ക്ക് എന്‍റെ പിന്‍തുണ വേണമെന്ന അവസ്ഥയായിരുന്നു.

ഇപ്പോള്‍ ആണും പെണ്ണും ഒരുമിച്ചാണ് സ്കൂളിലും, കോളേജിലും, ജോലിസ്ഥലത്തുമൊക്കെ. പക്ഷെ, ഒരുത്തന്‍ 'ലൈന്‍' അടിക്കുകയാണോയെന്ന് തിരിച്ചറിയാനുള്ള കഴിവ് പെണ്ണിനു വേണം.

ഒരുത്തനൊരു ദുരുദ്ദേശമുണ്ടെങ്കില്‍, അതു മുന്‍കൂട്ടി അവന്‍റെ രീതികളിനിന്നു മനസ്സിലാക്കാനുള്ള ഒരു പ്രത്യേക കഴിവ് ദൈവം പെണ്ണിനു കൊടുത്തിട്ടുണ്ട്. അവിടെവച്ച് ഫുള്‍സ്‌റ്റോപ്പ് ഇടണം. അവള്‍ക്കത് ഇഷ്ടമാണെങ്കില്‍, അത് വേറെ കാര്യം!

? മേഡം, ഒരു ചോദ്യം കൂടി. 1992 മുതല്‍ ഇതുവരെ 26 ഡാനിയേല്‍ പുരസ്കാരങ്ങള്‍, കേരള സംസ്ഥാന ചലചിത്ര അക്കാദമി പ്രതിഭകളെ കണ്ടെത്തി സമ്മാനിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ആകെ രണ്ടു വനിതകള്‍ മാത്രമേയുള്ളൂ. മേഡത്തിനുമുന്നെ, 2005ല്‍ ആറന്‍മുള പൊന്നമ്മ. ഈ ബഹുമതിക്ക് അര്‍ഹതയുള്ള വനിതാ പ്രതിഭകള്‍ കേരളത്തില്‍ ഇത്ര കുറവോ? ഒന്നു പ്രതികരിക്കാമോ?
= കുറവല്ല, കഴിവുള്ള ഒരുപാടു വനിതകള്‍ ഉണ്ടിവിടെ. എന്നെക്കാള്‍ അര്‍ഹതയുള്ളവരുമുണ്ട്! എന്തുകൊണ്ട് അവര്‍ക്കൊന്നും കൊടുത്തില്ലായെന്നത് എനിക്കറിയില്ല, അക്കാഡമിയോടു ചോദിക്കണം.

എന്നാല്‍, ഭാവിയില്‍ കൂടുതല്‍ സ്ത്രീകളെ ഈ പുരസ്കാരത്തിന് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം!

ഡാനിയേല്‍ അവാര്‍ഡ് വൈകി കിട്ടിയതില്‍ എനിക്കു കൂടുതല്‍ സന്തോഷമേയുള്ളൂ. പത്തു വര്‍ഷം മുന്നെ ആയിരുന്നുവെങ്കില്‍ എനിക്കിത്രയും സന്തോഷം തോന്നുമായിരുന്നില്ല. താമസിച്ചെത്തിയതിനാല്‍ ഈ അവാര്‍ഡിന്‍റെ അരുമ എനിക്ക് ശരിക്കും അറിയുന്നു

വെളുത്തു സുന്ദരിയായ കറുത്തമ്മ (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക