Image

ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ മരണം വിധിക്കുന്ന രാജ്യം

കലാകൃഷ്ണന്‍ Published on 24 June, 2019
ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ മരണം വിധിക്കുന്ന രാജ്യം

സ്വതന്ത്ര്യ ഭാരതം നിരവധി വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും നേരിട്ടിട്ടുണ്ട്. മതസംഘടനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ പറയുവാനുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും തുടര്‍ന്ന് നടന്ന കലാപങ്ങളും മുംബൈ സ്ഫോടനങ്ങളും ഗ്രോദയും ഗുജറാത്തുമെല്ലാം ഇന്നും രാജ്യത്തിന്‍റെ മനസാക്ഷിയെ നൊമ്പരപ്പെടുത്തിക്കേണ്ടേയിരിക്കുന്നു. ഒപ്പം വികസന രാജ്യമെന്ന സങ്കല്പത്തിലേക്ക് സഞ്ചരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുതിയ കാലഘട്ടത്തിലും രാജ്യത്തിനുള്ളില്‍ വയലന്‍സ് പൂര്‍വാധികം ശക്തിയോടെ തുടരുന്നു എന്നതാണ് വര്‍ത്തമാന കാല യഥാര്‍ഥ്യം. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്ന അഖ്ലാഖും, കത്വയില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയും തുടങ്ങി കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതില്‍ എത്തിയിരിക്കുന്നു വയലന്‍സിന്‍റെ വര്‍ത്തമാനകാല ക്രൈം ലിസ്റ്റ്. 
തബ്രീസ് അന്‍സാരി എന്ന യുവാവിനെ മോഷണംകുറ്റം ആരോപിച്ച് എഴ് മണിക്കൂറോളമാണ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കരഞ്ഞുകൊണ്ട് ജീവനായി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം പ്രതികള്‍ തന്നെ പ്രചരിപ്പിച്ചു. എന്നിട്ട് പോലീസ് സ്റ്റേഷനിലാക്കി. പോലീസ് സ്റ്റേഷനില്‍ അവന് വൈദ്യസഹായം ലഭിച്ചില്ല. പകരം പോലീസും അയാളെ ക്രൂരമായി മര്‍ദ്ദിച്ചു. അവനെ തിരക്കിയെത്തിയ വീട്ടുകാരെ ഭീഷിണിപ്പെടുത്തി ഓടിച്ചു. അവസാനം അവന്‍ മരണത്തിന് കീഴടങ്ങി. 
ഇത് സംഭവിച്ചത് മതേതര ഇന്ത്യയിലാണ്, ഗാന്ധിജിയുടെ ഇന്ത്യയിലാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണഘടനയുള്ള ഇന്ത്യയിലാണ്. 
ഗുജറാത്ത് കലാപകാലത്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട അവസ്ഥയില്‍ നിന്നും വയലന്‍സിന്‍റെ വോള്‍ട്ടേജ് ആയിരം ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ് അന്‍സാരിയുടെ കൊലപാതകത്തില്‍ എത്തുമ്പോള്‍ മനസിലാക്കേണ്ടത്. കൊല്ലപ്പെട്ടത് ഒരാള്‍ മാത്രമാണ് എന്നുള്ളതല്ല വയലന്‍സിന്‍റെ വ്യാപ്തിയാണ് മനസിലാക്കേണ്ടത്. വയലന്‍സില്‍ അടങ്ങിയിട്ടുള്ള മതഭ്രാന്തും, സാഡിസവും ആയിരം ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. രാജ്യം ഒരുമയോടെ  ക്രിക്കറ്റില്‍ മാത്രമല്ല ജയ് ശ്രീറാം വിളിച്ചുകൊണ്ടുള്ള മതഭ്രാന്തിനായും ഒരുമിക്കുന്നു എന്നതാണ് വയലന്‍സിന്‍റെ തോതിനെ പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നത്. ഈ മതഭ്രാന്തിനെതിരെയുള്ള ശബ്ദങ്ങള്‍ തീരെയില്ല എന്നതാണ് വയലന്‍സിനെ വര്‍ദ്ധിപ്പിക്കുന്നത്. വയലന്‍സ് കാണിക്കുന്നവര്‍ വീണ്ടും വീണ്ടും അധികാരത്തിലേക്ക് എത്തുന്നതാണ് വയന്‍ലിനെ വര്‍ദ്ധിപ്പിക്കുന്നത്. 
ഗാന്ധിയുടെ രാമനില്‍ നിന്ന് ഗോഡ്സെയുടെ രാമനിലേക്ക് പൊതുബോധം എത്തിയിരിക്കുന്നു എന്നതിന്‍റെ അവസാനത്തെ തെളിവ് കൂടിയാണ് അന്‍സാരി. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം എന്നൊന്നുണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നതിന് ഇനിയും മടിക്കേണ്ടതുണ്ടോ എന്നത് മാത്രമാണ് ബാക്കിയാകുന്ന ചോദ്യം. 
ഇതേ സമയം രാജ്യത്തെ തിരഞ്ഞെടുപ്പ് ഏകീകരിച്ച് നടപ്പാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയും അതുകൊണ്ട് ഭീമമായ സാമ്പത്തിക ചിലവുകള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന താല്‍പര്യമാണ് പ്രധാനമന്ത്രിക്കുള്ളത് എന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ തവണ തന്നെ ഇത്തരമൊരു സംവിധാനത്തിന്‍റെ ആവശ്യകത പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. 
ഏകീകൃതമായ തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യന്‍ യൂണിയന്, ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന് എത്രത്തോളം ആപല്‍ക്കരമാണ് എന്നത് വിശാലമായ അര്‍ഥത്തില്‍ ആരും ചര്‍ച്ച ചെയ്യുന്നതേയില്ല എന്നാണ് മനസിലാക്കേണ്ടത്. 2019 ലോക്സഭ ഇലക്ഷനെ തന്നെ എടുക്കുക. ബലാക്കോട്ട് ആക്രമണം വലിയ തോതില്‍ ദേശിയ വികാരം ഉയര്‍ത്താന്‍ ബിജെപിയെയും മോദിയെയും സഹായിച്ചു. രാജ്യസുരക്ഷയുടെ വിഷയങ്ങളും, സൈന്യവും ഇലക്ഷന്‍ വിഷയങ്ങളാകാന്‍ പാടില്ല എന്ന പൊതുതത്വം ഉപേക്ഷിച്ച് വലിയ തോതില്‍ ബിജെപി സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു ആയുധമാക്കി. അതുവെച്ച് തിരഞ്ഞെടുപ്പില്‍ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. 
ഇതേ സമയം ലോക്സഭയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഫലം എന്താകുമായിരുന്നു എന്ന് നോക്കുക. ലോക്സഭയിലെ റിസള്‍ട്ട് തന്നെ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചേനെ. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വ്യക്തമായും പ്രതിഫലിക്കേണ്ട പ്രാദേശിക വിഷയങ്ങള്‍ അമര്‍ത്തപ്പെടുകയും ഭരിക്കുന്ന പാര്‍ട്ടി മുമ്പോട്ടു വെക്കുന്ന ഒരേയൊരു തന്ത്രത്തിലേക്ക് സകല സംസ്ഥാനങ്ങളും എത്തിപ്പെടുകയും ചെയ്യും. ഫലമോ ലോക്സഭയ്ക്കൊപ്പം മിക്ക സംസ്ഥാനങ്ങളും ഒരേയൊരു പാര്‍ട്ടിയുടെ കൈകളിലേക്ക് കടന്നു വരും. ഒരു വലിയ കൊടുങ്കാറ്റില്‍ എല്ലാം പിടിച്ചടക്കുക എന്നത് പോലെയൊരു മാജിക്കായിരിക്കും ഇത്. 
ലോക്സഭയിലും രാജ്യസഭയിലും ഒരേയൊരു പാര്‍ട്ടിക്ക് മാത്രം ഭൂരിപക്ഷം ഉണ്ടാകും എന്നതാണ് ഇതിന്‍റെ അനന്തരഫലം. സംസ്ഥാനങ്ങളില്‍ പോലും പ്രതിപക്ഷം എന്നൊന്നുണ്ടാവില്ല എന്നതാണ് ഇതിന്‍റെ അനന്തരഫലം. ഭരണഘടനയെ തിരുത്തുയെഴുതാല്‍ ലോക്സഭയും രാജ്യസഭയും ഭൂരിപക്ഷം നിയമസഭകളും വരുതിയില്‍ ആക്കി കഴിഞ്ഞാല്‍ പിന്നെ വളരെ എളുപ്പമാണ് എന്നതാണ് യഥാര്‍ഥ്യം. ഭരണഘടനയെ ഏത് വിധത്തിലേക്കും മാറ്റി നിര്‍മ്മിക്കാം. ചോദ്യങ്ങളും തടസങ്ങളും എവിടെ നിന്നും ഉണ്ടാവില്ല. ഇത്തരമൊരു ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യത്തെ കൊണ്ടു ചെന്ന് എത്തിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ രാജ്യം ഇന്ത്യന്‍ ജനാധിപത്യം എത്രത്തോളം സുരക്ഷിതമാണ് എന്നതാണ് ചോദ്യം. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ആള്‍ക്കൂട്ടം അക്രമിക്കും എന്നതില്‍ നിന്ന് ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യും എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ഭരണഘടനയുടെ കടക്കല്‍ കത്തിവെക്കപ്പെട്ടാല്‍ പിന്നെ അതിലേക്കുള്ള ദുരം വളരെ കുറവാണ്. 
ജനാധിപത്യത്തെ പിടിച്ചു നിര്‍ത്താന്‍ ജയ് ശ്രീറാം മുഴക്കാന്‍ ആക്രോശിക്കുന്ന പൊതുബോധത്തെ പിടിച്ചുകെട്ടേണ്ടതുണ്ട്. അതിന് സോഷ്യലിസ്റ്റ് ആശയങ്ങളെ നിരത്തിവെച്ചുകൊണ്ട് രാജ്യത്ത് ജനങ്ങളെ സംഘടിപ്പിക്കേണ്ടതു്ണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ റോള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ തുടങ്ങി ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തമായ ബോധ്യമോ ആര്‍ജ്ജവമോ ഇല്ല എന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. ആള്‍ക്കൂട്ടത്തിന്‍റെ ജയ്ശ്രീറാം വിളികള്‍ക്ക് എതിരെ ഇനിയേത് മുദ്രാവാക്യമാണ് ഉയരാന്‍ പോകുക. ജനാധിപത്യ ഇന്ത്യ അതിനായിട്ടാണ് ഇനി കാത്തിരിക്കുന്നത്. 

Join WhatsApp News
svathanthran 2019-06-24 20:22:38
കേരളത്തില്‍ സദാചാര കൊല അഥവ ലൈംഗിക അസൂയ കൊല നടത്തുന്നതും ഇതു പോലെ തന്നെ ഹീനമാണ്. അതു ചെയ്യുന്നത് മുസ്ലിംകളാണ്. കൈ വെട്ടുന്നതും അങ്ങനെ തന്നെ. അതു മറന്നു മുസ്ലിംകള്‍ക്ക് എതിരായ ആക്രമണം മാത്രം പറഞ്ഞാല്‍ മതിയോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക