Image

ശ്രീ പി.ടി. പൗലോസ് എന്ന മകന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 24 June, 2019
ശ്രീ പി.ടി. പൗലോസ് എന്ന മകന്‍ (സുധീര്‍ പണിക്കവീട്ടില്‍)
ഈ വര്‍ഷത്തെ പിതൃദിനം കടന്നുപോയി. പിതൃദിനത്തെ വാഴ്ത്തികൊണ്ടും കൊണ്ടാടിക്കൊണ്ടും മക്കള്‍ എഴുതിയ ലേഖനങ്ങള്‍ വായിച്ചു. പല രചനകളും എഴുതാന്‍ വേണ്ടി കൃത്രിമമായി തട്ടിക്കൂട്ടിയതാണെന്നു പാവം വായനക്കാര്‍ സംശയിച്ച്/മനസ്സിലാക്കി  അതെല്ലാം മറന്നു കളഞ്ഞു. എന്നാല്‍ കണ്ണുനീരിന്റെ നനവ് വറ്റിക്കാതെ ഒരു ലേഖനം മാത്രം ഓര്‍മ്മയില്‍ നനഞ്ഞു നില്‍ക്കുന്നു.  പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ശ്രീ പി.ടി. പൗലോസ് എഴുതിയ "എനിക്കും ഓര്‍ക്കാന്‍ സുഖമുള്ള ഒരച്ഛനുണ്ടായിരുന്നങ്കില്‍" എന്ന ലേഖനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പായിരുന്നു അത്. വായനക്കാരുടെ ഓര്‍മ്മ പുതുക്കാന്‍ അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.   ഒരച്ഛനുണ്ടായിരുന്നെങ്കില്‍ എന്നല്ല ശ്രീ പൗലോസ് എഴുതിയിരിക്കുന്നത് .അച്ഛനുണ്ട്, പക്ഷെ ഓര്‍ക്കാന്‍ സുഖമുള്ള ഒന്നും അദ്ദേഹത്തെക്കുറിച്ചില്ലെന്നാണ്.  കാണപ്പെട്ട ദൈവവും രക്ഷകനും ആകേണ്ടിയിരുന്ന പിതാവ് താന്‍ കേവലം ബാലനായിരുന്നപ്പോള്‍ അദ്ദേഹത്തോടും അമ്മയോടും കാണിച്ച ക്രൂരത അദ്ദേഹം ഓര്‍ക്കെടുക്കുന്നു. 

നിസ്സഹായനും നിഷ്ക്കളങ്കനുമായ ഒരു എട്ടു വയസ്സുകാരന്റെ മാനസികവികാരങ്ങള്‍ അതേപോലെ അദ്ദേഹം വിവരിക്കുന്നു. കാലം മുറിവുകള്‍ ഉണക്കുമെന്ന വിശ്വാസം തെറ്റാണെന്നു വികാരങ്ങള്‍ ഘനം തൂങ്ങി നില്‍ക്കുന്ന ഓരോ വരികളും വിളിച്ചുപറയുന്നു. മാത്രമല്ല എല്ലാം സത്യസന്ധമായി പ്രതിപാദിക്കുന്നു. ഇവിടെ മാര്‍ക്ക് ട്വൈന്‍ പറഞ്ഞ വരികള്‍ ഓര്‍ക്കുക.  If you tell thet ruth you don't have to remember anything. അതെ സത്യം പറയാന്‍ എന്തിനാണ് ഓര്‍ക്കുന്നത്. ശ്രീ പൗലോസ് എന്ന ബാലന്റെ മനസ്സില്‍ ആഴത്തില്‍ ഏറ്റ മുറിവുകളുടെ നൊമ്പരം അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട്.  അത് നമ്മളോട് പറയുമ്പോള്‍ ഒന്നും അദ്ദേഹത്തിന് ഓര്‍ത്തു ഉണ്ടാക്കേണ്ടതില്ല.

കുഞ്ഞു മനസ്സ് അച്ഛനെക്കുറിച്ച് താലോലിച്ച സങ്കല്‍പ്പങ്ങളില്‍ നിന്നും അദ്ദേഹത്തിന് അച്ഛനെ ഇഷ്ടമായിരുന്നു എന്ന് മനസ്സിലാക്കാം. വഴിയില്‍ കാണുമ്പോഴെല്ലാം ആ കൊച്ചു ഹൃദയം തുടിച്ചു. തന്റെ സ്വന്തം അച്ഛന്‍ മറ്റു കുട്ടികള്‍ക്ക് മിഠായി കൊടുക്കുമ്പോള്‍ അച്ഛന് കാണാന്‍ വിധം മാറി നിന്ന് നോക്കിയിട്ടും അദ്ദേഹം അവഗണിച്ചുപോയപ്പോള്‍ കുഞ്ഞിക്കണ്ണുകള്‍ ഈറനണിഞ്ഞു. ചുണ്ടുകള്‍ വിതുമ്പിപ്പോയി. ഈ വരികള്‍ ഓരോ പിതൃഹൃദയത്തെയും വേദനിപ്പിക്കാതിരിക്കില്ല. അച്ഛന്‍ ഏതോ സ്ത്രീയുടെ മാസ്മരവലയത്തിലാണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ബാല്യത്തിന്റെ കാപട്യമില്ലായ്മ. ചില അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ക്ക് അവരുടെ സമനില തെറ്റുന്നു.  ഒരു കാലത്ത് കേരളത്തില്‍ രഹസ്യമായും പരസ്യമായും ഇത്തരം ബന്ധങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴും അതുണ്ടെങ്കിലും പണ്ടത്തെപോലെ നിഷ്ടുരമല്ല. സ്ത്രീകള്‍ അന്നത്തെക്കാള്‍ കുറച്ചുകൂടി സ്വയംപര്യാപ്തത നേടി.

ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെ ചിത്രം നമുക്ക് പകരുന്നു. അന്ന് വിവാഹേതര ബന്ധങ്ങള്‍ ഇന്നത്തെക്കാള്‍ കുടുംബങ്ങളെ ശിഥിലമാക്കിയിരുന്നു.   പുരുഷന്മാര്‍ അവരുടെ ഇഷ്ടത്തിന് ജീവിച്ചു. പരസ്ത്രീഗമന പരവശനാകുമ്പോള്‍ പുരുഷന്‍ ഒരു ഉന്മാദാവസ്ഥയിലാണ്. നേരും നെറികേടും അറിയാതെ അയാള്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ ശ്രീ പൗലോസിന്റെ 'അമ്മ വെറും പത്തൊമ്പത് വയസ്സായ ഒരു ടീനേജ്കാരിയായിരുന്നു. വളരെ അടുത്ത കാലം വരെ പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ വിവാഹം ചെയ്തയാക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു.  ആവശ്യത്തിന് വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത പെണ്‍കുട്ടികള്‍ ഭര്‍ത്താവില്‍ മാത്രം അഭയം തേടി വീട്ടമ്മമാരായി കഴിയുമ്പോള്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ പുരുഷന്മാര്‍ക്ക് കഴിയുന്നു. അമ്മയെവിട്ട് അച്ഛന്‍ ഒരു വിധവയുമായി ബന്ധം സ്ഥാപിച്ചതിനെ "വിഷസര്‍പ്പങ്ങള്‍ ഇണചേര്‍ന്നു" എന്ന് ശ്രീ പൗലോസ് പരിഹസിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പ്രായമായ മകന്റെ പ്രതികരണം. കുട്ടിയായിരുന്നപ്പോള്‍ അച്ഛനോട് വിരോധമോ, വെറുപ്പോ അല്ല അച്ഛനില്‍ നിന്നും സ്‌നേഹം കൊതിക്കയാണ് ചെയ്തിരുന്നത്. അച്ഛന്റെ കയ്യുകള്‍ തരാന്‍ മടിച്ച മിഠായികള്‍ ആരോ വാങ്ങി കൊടുത്തത് ആസ്വദിച്ച് നടക്കുമ്പോഴും അച്ഛന്‍ താമസിക്കുന്ന വീട്ടിലേക്ക് കണ്ണുകള്‍ എത്തി നോക്കി.  അങ്ങോട്ട് നോക്കുമ്പോള്‍ ആ ബാലഹൃദയം പിടക്കുകയാണ്. അച്ഛന്‍ ഒരു പക്ഷെ ഇറങ്ങി വരുമോ എന്ന ബാലിശമായ ചിന്ത. പക്ഷെ അമ്മയെ ഉപദ്രവിച്ച അച്ഛനോട് ആ മനസ്സില്‍ വിരോധമുണ്ടായിരുന്നു. പകരം വീട്ടണമെന്ന ചിന്തയുമുണ്ടായിരിക്കും. അതുകൊണ്ടല്ലേ വളര്‍ന്നപ്പോള്‍ അച്ഛനെ ദത്തെടുത്ത തറവാടിന്റെ നാശം മനസ്സിന് സമാധാനം നല്‍കുന്നത്.

പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഭാര്യയേയും കൈകുഞ്ഞിനെയും നിരാലംബരാക്കി ഇരുട്ടിലേക്ക് ഇറക്കി വിട്ട് രതിരസം നുണയാന്‍ മറ്റു സ്ത്രീയെ പ്രാപിക്കാന്‍ പോകുന്ന അച്ഛനെ യാതൊരു മറയും കൂടാതെ ശ്രീ പൗലോസ് അവതരിപ്പിച്ചു. അതുകൊണ്ട് അമ്മയോടും കുട്ടിയോടും വായനക്കാര്‍ കരുണാര്‍ദ്രരാകുന്നു. ഞെട്ട റ്റാല്‍ കട എന്ന പ്രമാണം പോലെ അമ്മയെയും മകനെയും അമ്മയുടെ വീട്ടുകാര്‍ അവരുടെ പരിധിയില്‍ നിന്ന് സംരക്ഷിക്കാന്‍ തയ്യാറായത് നിഷ്ക്കളങ്കനായ ഇരകളുടെ പ്രാര്‍ത്ഥനയുടെ പുണ്യം. പിതാമഹന്റെ സ്‌നേഹപരിലാളനയേറ്റ് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രീ പൗലോസിന് സാധിച്ചത് സാ ധ്വിയായ അമ്മയുടെ ഉദാത്തമായ മാതൃസ്‌നേഹത്തിന്റെ ശക്തി തന്നെ. ഈ ഓര്‍മ്മക്കുറിപ്പിലൂടെ നമുക് കിട്ടുന്ന സന്ദേശം അമ്മയുടെ നിര്‍മലമായ അചഞ്ചലമായ സ്‌നേഹമാണ്. പിതൃസ്‌നേഹം കിട്ടിയാല്‍ കിട്ടിയെന്ന ഒരു വിശ്വാസത്തില്‍ കുടുങ്ങി കിടക്കുന്നു. വിഷ്ണുപുരാണത്തില്‍ അച്ഛന്റെ മടിയില്‍ ഇരിക്കാന്‍ കഴിയാതെ കരഞ്ഞു വിഷമിച്ച ധ്രുവന്‍ തപസ്സ് ചെയ്ത അത് നേടുക മാത്രമല്ല മരണാനന്തരം സപ്തര്‍ഷികള്‍ അദ്ദേഹത്തെ  നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്ന്ന സ്ഥാനം നല്‍കി അനുഗ്രഹിക്കകൂടി ചെയ്തുവത്രേ.

ശ്രീ പൗലോസ് അമ്മയുടെ കുഴിമാടത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ ആ സെമിത്തേരിയില്‍ എവിടെയോ "അടങ്ങി കിടക്കുന്ന" അച്ഛനെയും ഓര്‍ക്കുന്നു. നമ്മളെ വേദനിപ്പിച്ചവരെയും നമ്മള്‍ ഓര്‍ത്തുപോകുന്നു. ഒരു പക്ഷെ രക്തബന്ധത്തിന്റെ സവിശേഷതയാകാം. അതിനെ ഒരു പക്ഷെ ഡി.എന്‍.എ. യുടെ അദൃശ്യമായ ഉള്‍വിളിയെന്നു ശ്രീ പൗലോസ് ചിന്തിക്കുന്നു. ജീവിതം ഒരു നാടകവേദി തന്നെ. നമുക്ക് കിട്ടുന്ന വേഷം നമുക്ക് ആടിയെ മതിയാകു. അച്ഛന്‍ ഉപേക്ഷിച്ചിട്ടും ജീവിത വിജയം നേടാന്‍ കഴിഞ്ഞ ശ്രീ പലോസിന് ദൈവാനുഗ്രഹവും അമ്മയുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. അത് ഒരിക്കലും അദ്ദേഹത്തെ കൈവിടുകയുമില്ല. അദ്ദേഹത്തിന് എല്ലാവിധ നന്മകളും നേരുന്നു.

https://www.emalayalee.com/varthaFull.php?newsId=189303

ശുഭം


Join WhatsApp News
Babu Parackel 2019-06-24 16:54:55
കഥ വളരെ ഹൃദയസ്പര്ശിയാണ്. പലർക്കും അവിശ്വസനീയമെന്നു തോന്നുന്ന പച്ചയായ യാഥാർഥ്യങ്ങൾ അനുഭവത്തിൽ കൂടി ജീവിതത്തിൽ ഏൽപിച്ച മുറിവുകൾ ഇപ്പോഴും ഉണങ്ങാതെ ഇരിക്കുന്നു. പലർക്കും ഇത് ആഘോഷത്തിന്റെ സന്തോഷം ഓർമകളിൽ ബാക്കി വയ്ക്കാനാകുമ്പോൾ ഇങ്ങനെ ചിലർക്ക് നീറുന്ന  നെടുവീർപ്പുകൾ മാത്രം നൽകുന്നു. എന്നാൽ ഈ പങ്കുവയ്ക്കൽ ഒരു വ്യക്തിത്വത്തെ കൂടുതൽ അറിയാനും ബഹുമാനം വര്ധിപ്പിക്കാനുമാണ് സഹായിക്കുന്നത്. പലർക്കും ഈ പരുപരുത്ത യാഥാർഥ്യങ്ങൾ ഉൾകൊള്ളാൻ സാധിക്കില്ലെങ്കിലും ഇതൊക്കെ സമൂഹം അറിയണം. കാരണം സമൂഹത്തിന് ഇങ്ങനെയും ചില വശങ്ങളുണ്ടെന്നു മനസ്സിലാക്കട്ടെ. ആഴത്തിലുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കപ്പെടുന്നത് തീവ്രമായ ജീവിതാനുഭവങ്ങളിൽ നിന്നാണ്. ഇന്നും ഒട്ടും ഒളി മങ്ങാതെ കിടക്കുന്ന ആ ഓർമ്മച്ചെപ്പു തുറന്ന പി ടി ക്കും ആ ഉൾവിളിയുടേ തീഷ്ണത മനസ്സിലാക്കി അതിനെ വിശകലനം ചെയ്തെഴുതിയ സുധീർ സാറിനും അഭിനന്ദനങ്ങൾ!
ജോർജ്ജ് പുത്തൻകുരിശ് 2019-06-28 15:45:00
ജീവിതത്തിൽ ആരും, പ്രത്യകിച്ച് മലയാളികൾ അവരുടെ പൂർവ്വകാല ചരിത്രം  ഇത്പോലെ വേദനാജനകവും തിളക്കം ഇല്ലാത്തതെങ്കിൽ, പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല .  മിക്കവരും  അവരുടെ പരിചയപ്പെടുത്തൽ തുടങ്ങുന്നത് , 'എന്റെ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടായിരുന്നു' എന്ന് പറഞ്ഞാണ് എന്നാൽ നിങ്ങൾ ഈ എഴുത്തിലൂടെ കാണിച്ച മനോബലത്തിന്റെയും  നിർഭയത്വത്തിന്റെയും മുന്നിൽ വണങ്ങുന്നു.  ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം വരിച്ച റോസ് പരോ, ബിൽ ക്ലിന്റൺ, സ്റ്റീവ് ജോബ്, ഒബാമ തുടങ്ങി പലരും അവരുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും. പരാജയങ്ങളും മറ്റുള്ളവരോട് പങ്ക് വയ്ക്കുന്നതിൽ മടി കാട്ടിയിട്ടില്ല .  ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, പരാജയങ്ങൾ ഉണ്ടായാലും, തെറ്റുകൾ ഉണ്ടായാലും, അതിനെ എല്ലാം അതിജീവിച്ച് രണ്ടാമതും ജീവിതം ആരംഭിക്കാം എന്ന ഒരു പാഠം മറ്റുള്ളവർക്ക് നൽകുന്നു. ഇതിലുപരി സ്നേഹം കൊണ്ട് ഏത് കടുത്ത അപരാധത്തിനും മാപ്പ് നൽകാൻ കഴിയുമെന്നും ശ്രീ പൗലോസ്അദ്ദേഹത്തിൻറെ ലേഖനത്തിലൂടെ വായനക്കാരെ ഉദ്‌ബുദ്ധരാക്കുന്നു .  അദ്ദേഹത്തിന്റ സത്യസന്ധമായ സമീപനം എഴുത്തിനെ ഓജസ്സുള്ളതും മനുഷ്യഗാന്ധിയുമാക്കുന്നു . എല്ലാ വിധ ആശംസകളും .

ഈ ലേഖനം വായിക്കാൻ ഇടയായത് സുധീറിന്റെ ലേഖനം ഒന്നുകൊണ്ടു മാത്രമാണ് . വീണ്ടും ഇത്തരം നല്ലൊരു ലേഖനത്തെ, വായനക്കാർക്ക് നഷ്ടമാകാതെ രണ്ടാമതും അദ്ദേഹത്തിൻറെ വിശകലനത്തോടെ അവതരിപ്പിച്ചതിന് പ്രത്യകം നന്ദി .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക