Image

പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും - മുഖ്യമന്ത്രി

Published on 24 June, 2019
പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും - മുഖ്യമന്ത്രി

തിരുവനന്തപുരം:പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര
പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്‌ മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്ബാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്.

ഈ സംഭവം വ്യക്തമാക്കുന്ന ഒരു കാര്യം കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സാങ്കേതികവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍ പോലുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. കാര്യകാരണ സഹിതം സാങ്കേതികവൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നതാണ്.

ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം (ചര്‍ച്ചയുടെ മിനിട്‌സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തേണ്ടതാണ്.) ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക