Image

അനുയാത്ര (മീട്ടു റഹ്മത്ത് കലാം)

Published on 24 June, 2019
അനുയാത്ര (മീട്ടു റഹ്മത്ത് കലാം)
ഒരു ദശകംകൊണ്ട് മലയാള സിനിമയില്‍ നടിയെന്ന നിലയില്‍ കയ്യൊപ്പ് പതിച്ച അനുമോളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍...

സ്വന്തമായൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ എഞ്ചിനീയറിംഗ് ബിരുദവും ഐ.ടി രംഗത്തെ പ്രവൃത്തിപരിചയവും സഹായകമായോ?

ഐ.ടി മേഖലയോട് ഗുഡ്ബൈ പറഞ്ഞാണ് ആങ്കറിങ് രംഗത്തേക്കും തുടര്‍ന്ന് സിനിമയിലേക്കും എത്തുന്നത്. പത്ത് വര്‍ഷമായി കല മാത്രമാണ് ജീവിതം. യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന് എട്ടുകൊല്ലമായി കരുതുന്നു. മടികാരണം, അതങ്ങ് നീണ്ടുപോയി. 'ഞാന്‍' എന്ന സിനിമയില്‍ അഭിനയിച്ച ശേഷമുള്ള സൗഹൃദത്തിന്റെ പുറത്താണ് ദുല്‍ഖറിനോട് 'അനുയാത്ര' എന്ന ടൈറ്റില്‍ ലോഞ്ച് ചെയ്തു തരാമോ എന്ന് ചോദിച്ചത്. ഒന്നുചിന്തിക്കാനുള്ള ഗ്യാപ്പ് പോലും എടുക്കാതെ ദുല്‍ഖര്‍ പറഞ്ഞ 'യെസ്' കേട്ട് എനിക്കും ധൈര്യമായി. അത്ര തുറന്ന മനസ്സോടെ ഒരാള്‍ ലോഞ്ച് ചെയ്തതിന്റെ ഐശ്വര്യംകൊണ്ടാകാം, ചാനല്‍ നന്നായി പോകുന്നത്. എഡിറ്റിംഗ്, ക്യാമറ തുടങ്ങി എല്ലാകാര്യങ്ങളും സുഹൃത്തുക്കളാണ് ചെയ്യുന്നത്. ഒരുകാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ അതില്‍ മുഴുകുന്നതാണ് എന്റെ ശീലം.

അനുയാത്ര എന്ന പേര്?

അനുമോളുടെ യാത്രകള്‍ തന്നെയാണ് അനുയാത്ര. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ക്കപ്പുറം എന്റെ മനസിന്റെ സഞ്ചാരമാണ് ഉദ്ദേശിക്കുന്നത്. ഡയറിയില്‍ കുത്തിക്കുറിക്കുന്നതുപോലെ മനസ്സുതുറക്കാന്‍ ഒരിടം. എന്നെ സ്നേഹിക്കുന്നവരോട് സംവദിക്കാനുള്ള വേദി.

യാത്രകള്‍ പകര്‍ത്തുന്ന ശീലം പണ്ടേ ഉണ്ടോ?
യാത്രകള്‍ ഏറെയിഷ്ടമാണ്. കണ്ടകാഴ്ചകള്‍ വീട്ടില്‍ വന്ന് അമ്മയോടും അനിയത്തിയോടും കൂട്ടുകാരോടും വിവരിക്കുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്ന കാര്യമാണ്. കോളജില്‍ പഠിക്കുന്ന സമയത്ത് മൊബൈല്‍ ഫോണില്‍, പോയ സ്ഥലങ്ങളുടെ വീഡിയോ പകര്‍ത്തുമായിരുന്നു. സിനിമാസെറ്റുകളിലും ഇത് തുടര്‍ന്ന് ഒരു ശീലമായി മാറിയെന്ന് പറയാം. ഇപ്പോഴും അതെല്ലാം നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്തിട്ടുള്ള സ്ത്രീ എന്ന നിലയില്‍ അരക്ഷിതാവസ്ഥ തോന്നിയ സന്ദര്‍ഭങ്ങളുണ്ടോ?

കുഞ്ഞുനാളില്‍ അച്ഛന്‍ മരിച്ചതുകൊണ്ട് മൂത്തമകള്‍ എന്ന നിലയില്‍ അല്പം പാകത എന്റെ സ്വഭാവത്തില്‍ ഉണ്ട്. ഏഴാം €ാസ് മുതല്‍ ഒറ്റയ്ക്ക് യാത്ര ചെയ്തുതുടങ്ങിയതാണ്. അന്നത്തെ ലോങ്ങ് ട്രിപ്പ് ഗുരുവായൂര്‍ അമ്പലത്തിലേക്കായിരുന്നു. ബസും ട്രെയിനും ആശ്രയിച്ചുള്ള യാത്രകളില്‍ കണ്ടിഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഇറങ്ങി നടന്ന് ആസ്വദിക്കാന്‍ ആവില്ലെന്ന പരിമിതിയുണ്ട്. അതൊഴിവാക്കാനാണ് തനിയെ ഡ്രൈവ് ചെയ്തുപോകുന്നത്. ദൈവാനുഗ്രഹംകൊണ്ട് ദുരനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സ്വന്തം നാടിനോടുള്ള ഇമ്മിണി വല്യ ഇഷ്ടത്തിന് പിന്നില്‍?

പാലക്കാട് പട്ടാമ്പിക്കടുത്ത് നടുവട്ടം എന്ന ഗ്രാമത്തില്‍ ജനിച്ചതുകൊണ്ടാണ് അനുമോള്‍ എന്ന വ്യക്തി ഇന്നെന്താണോ അതായി മാറിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കേരളത്തില്‍ തന്നെ ഇത്രമാത്രം കഥകളും ഐതീഹ്യങ്ങളുമുള്ള മണ്ണ് വേറെ കാണില്ല. ഐതീഹ്യമാലയും ധാത്രിക്കുട്ടിയുടെ കഥയും വായിക്കുമ്പോള്‍ എന്റെ നാടിന്റെ പേര് കാണാം. കല്ലുരുട്ടുന്ന നാറാണത്ത് ഭ്രാന്തന്റെ രൂപം ഞങ്ങളുടെ വീട്ടിലിരുന്നാല്‍ കാണാം. ഭ്രാന്തന്റെമേല്‍ എത്രമാത്രം മഞ്ഞുമൂടിയെന്നു നോക്കിയാണ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കാലാവസ്ഥ പ്രവചിച്ചിരുന്നത്.
നേടിയെടുക്കുന്നതിലെ പ്രയാസം ഓര്‍ക്കാതെ തിടുക്കപ്പെട്ട് ഓരോന്ന് വലിച്ചെറിയുന്നവര്‍ക്കുള്ള താക്കീതായാണ് ഭ്രാന്തന്റെ കല്ലുരുട്ടലിനെ ഞാനും നാട്ടുകാരും മനസിലാക്കുന്നത്. നാറാണത്ത് ഭ്രാന്തന്‍ ഞങ്ങള്‍ക്കൊരു ഫിലോസഫറാണ്.
എന്റെ വീടിനും വായനശാലയ്ക്കും കൂടി ഒരു മതിലാണ്. ആ മതിലുചാടി കടന്നുള്ള വായന സിനിമ തിരഞ്ഞെടുക്കുന്നതിനെപ്പോലും സ്വാധീനിച്ചിട്ടുണ്ട്.

ബയോപ്പിക്കുകളുടെ ഭാഗമായതിന്റെ അനുഭവങ്ങള്‍?

കലര്‍പ്പില്ലാത്ത ജീവിതങ്ങള്‍, പാഷണേറ്റായ ആളുകളുടെ കൂടെ ജോലിചെയ്യാനുള്ള അവസരം ഇതൊക്കെയാണ് ഒരു സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നമുക്ക് പ്രസക്തിയുള്ള, എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം. പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന വേഷങ്ങള്‍ ലഭിച്ചാല്‍ സന്തോഷം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥ (കവിയുടെ കാല്‍പ്പാടുകള്‍) ആസ്പദമാക്കി ഒരുക്കിയ 'ഇവന്‍ മേഘരൂപനില്‍' അത്തരമൊരു വേഷമായിരുന്നു. 'പദ്മിനി' എന്ന സിനിമ എന്നെ തേടിവരുമ്പോള്‍ ആ പേരിലൊരു ചിത്രകാരി ജീവിച്ചിരുന്നതായി കേട്ടിട്ടു പോലും ഇല്ലായിരുന്നു. ചിത്രകല എന്താണിത്ര പഠിക്കാന്‍ എന്നുചോദിച്ചിരുന്ന അറുപതുകളില്‍, ആ സ്ത്രീ തമിഴ്‌നാട്ടില്‍ പോയി ചിത്രകലാ പഠിക്കാനുള്ള ധൈര്യം കാണിച്ചു എന്നതും പുതിയ അറിവായിരുന്നു. ചുറ്റുവട്ടത്ത് കണ്ടകാഴ്ചകള്‍ ഒക്കെയും ക്യാന്‍വാസില്‍ പകര്‍ത്തിയ പത്മിനി ഇരുപത്തിയൊന്‍പത് വയസ്സുവരെ മാത്രമാണ് ജീവിച്ചിരുന്നത്. ഹ്രസ്വമായ ആ ജീവിതത്തില്‍ വരച്ച മുന്നൂറോളം ചിത്രങ്ങളില്‍ ഇന്നും ജീവന്‍ തുടിക്കുന്നു. അങ്ങനൊരാള്‍ ജീവിച്ചിരുന്നതായി ലോകം അറിയണം എന്ന ചിന്ത ഈ സിനിമയ്ക്കുപിന്നിലുണ്ട്. ചിത്രകാരിയായി മാറാന്‍ ബ്രഷ് പിടിക്കുന്ന രീതിയൊക്കെ എറണാകുളത്ത് കലാധരന്‍ മാഷിന്റെ അടുത്ത് പോയി പഠിച്ചതൊഴിച്ചാല്‍ കാര്യമായ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നില്ല.

ബംഗാളി സിനിമയില്‍ നായികയാകുമ്പോള്‍?

മികച്ച ഡോക്യൂമെന്ററികള്‍ക്കുള്ള നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ജോഷി ജോസഫ് സര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമിലേക്ക് ക്ഷണം ലഭിച്ചത് തന്നെ വലിയ കാര്യം. ബംഗാളിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന മലയാളി കഥാപാത്രമാണ് എന്റേത്. അതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഡയലോഗുകള്‍ തീരെ കുറവായിരുന്നു. കാണാപ്പാഠം പഠിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. കല്‍ക്കട്ടയിലെ ജീവിതം അടുത്തുകാണാനുള്ള അവസരവും ഉണ്ടായി. കൊടുംചൂടിലും പട്ടിണിയിലുമെല്ലാം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാന്‍ ആര്‍ജവം കാണിക്കുന്നവരാണ് ബംഗാളികള്‍. കെട്ടിടങ്ങള്‍ പെയിന്റ് അടിക്കാതെ കണ്ടിട്ട് പഴമ നിലനിര്‍ത്താനുള്ള ശ്രമമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ദാരിദ്ര്യം കൊണ്ടാണെന്ന് അവിടുള്ളവര്‍ പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു.
അനുയാത്ര (മീട്ടു റഹ്മത്ത് കലാം)അനുയാത്ര (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക