Image

ലൈംഗിക പീഡന പരാതി ശരിവയ്ക്കാന്‍ രണ്ടു സാക്ഷികളുടെ മൊഴികളാണ് വേണ്ടത്, എന്റെ കേസില്‍ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ല എന്ന് പൊലീസ് ആവര്‍ത്തിക്കുന്നു; തനുശ്രീ ദത്ത

Published on 23 June, 2019
ലൈംഗിക പീഡന പരാതി ശരിവയ്ക്കാന്‍ രണ്ടു സാക്ഷികളുടെ മൊഴികളാണ് വേണ്ടത്, എന്റെ കേസില്‍ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ല എന്ന് പൊലീസ് ആവര്‍ത്തിക്കുന്നു; തനുശ്രീ ദത്ത

നാനാ പടേക്കറിനെതിരെ ബോളിവുഡ് നടി തനുശ്രീ ദത്ത നടത്തിയ പീഡനശ്രമ പരാമര്‍ശം വളരെ വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് 2009ല്‍ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡന ശ്രമം നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് പൊലീസിലും തനുശ്രീ പരാതി നല്‍കിയിരുന്നു

എന്നാല്‍ നാന പടേക്കര്‍ക്ക് എതിരെയുള്ള തനുശ്രീയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകളില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം നടന്ന അന്വേഷണത്തില്‍ ആവശ്യത്തിന് തെളിവുകളില്ല എന്നു പറഞ്ഞു കൊണ്ട് കേസ് എഴുതി തള്ളാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടെ തനുശ്രീ വീണ്ടും കൂടുതല്‍ തെളിവുകളും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.

'' സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് ഞാന്‍ പരാതി കൊടുത്തത് 2008ലാണ്. പരാതിക്ക് ആസ്പദമായ സംഭവം നടന്നപ്പോള്‍. പക്ഷേ, അങ്ങനെയൊരു പരാതിയേ ഇല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എഫ്‌ഐആറില്‍ ആ പരാതിയും താന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഞാന്‍ പരാതി കൊടുത്ത 2008ല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നെ വിളിപ്പിച്ചിരുന്നു. പീഡനപരാതിയില്‍ എന്നെ സഹായിക്കുന്നതിനുപകരം അവര്‍ അന്ന് എന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. അവരെത്തന്നെ എന്റെ പരാതിയില്‍ സാക്ഷികളാക്കുമ്പോള്‍ ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത് ? അന്നു ഞാന്‍ കൊടുത്ത പരാതി പൊലീസിന്റെ കയ്യിലുമുണ്ട്.

പത്ത് വര്‍ഷമായിട്ടും ആ പരാതിയില്‍ അവര്‍ എഫ്‌ഐആര്‍ പോലും എടുത്തിട്ടില്ല. അന്നുമുതല്‍ ഇന്നുവരെയും പൊലീസ് അഴിമതിയുടെ കൂട്ടിലാണ്. അതുകൊണ്ടാണ് അവര്‍ ഫലപ്രദമായി മുന്നോട്ടുനീങ്ങാത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മൊഴിയെടുത്തവരുടെ ലിസ്റ്റ് ഞാന്‍ പരിശോധിച്ചു. പലരെയും ഞാന്‍ ഓര്‍ക്കുന്നുപോലുമില്ല. ജാനിസ് എന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു. അവര്‍ എന്റെ പരാതി ശരി വയ്ക്കുകയും ചെയ്തു. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈനി ഷെട്ടിയുടെ മൊഴിയെടുത്തു. അതും എനിക്ക് അനുകൂലമാണ്. 

പക്ഷേ അവരുടെ മൊഴി പൂര്‍ണമായി എടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. അവരുടെ മൊഴി പൂര്‍ണമായി എടുക്കാന്‍ ആവശ്യം ഉയര്‍ന്നു. പക്ഷേ പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. ലൈംഗിക പീഡന പരാതി ശരിവയ്ക്കാന്‍ രണ്ടു സാക്ഷികളുടെ മൊഴികളാണ് വേണ്ടത്. എന്റെ കേസില്‍ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ല എന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. ഇത് എന്ത് വ്യവസ്ഥിതിയാണ്. നാന പടേക്കറുടെ നാം ഫൗണ്ടേഷന്‍ കോടികളുടെ അഴിമതി ഇടപാടുകളാണ് നടത്തുന്നത്. അതും പാവപ്പെട്ട കര്‍ഷരുടെ പേരില്‍. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമെല്ലാം അവര്‍ക്ക് സംഭാവനകളും കിട്ടുന്നുണ്ട്. ഒരു കേസ് തേച്ചു മായ്ച്ചുകളയാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല''  തനുശ്രീ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക