Image

സുരക്ഷിതമല്ലാത്ത സുരക്ഷ (മുരളി തുമ്മാരുകുടി)

Published on 22 June, 2019
സുരക്ഷിതമല്ലാത്ത സുരക്ഷ (മുരളി തുമ്മാരുകുടി)
ബോംബയില്‍ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് റിസേര്‍ച്ചില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു ചെറിയ കാന്പസിനകത്തായിരുന്നു ജോലിയും താമസവും. അവിടെ പൊലീസുകാരെ പോലെ കാക്കി യൂണിഫോമും തൊപ്പിയുമുള്ള പതിനഞ്ചു സെക്യൂരിറ്റിക്കാരുണ്ട്. കൂടാതെ ഉയര്‍ന്ന യൂണിഫോമില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും. പുറത്തു നിന്നും വരുന്നവരുടെ പേരും വാഹനത്തിന്റെ നന്പറും എഴുതിവെക്കുക എന്നതാണ് അവരുടെ പ്രധാന ജോലി. രാത്രിയായാല്‍ പിന്നെ അധികം പണിയൊന്നുമില്ല. ഹോട്ടലുകളിലെ പോലുള്ള വേക്ക് അപ്പ് കാള്‍ അവര്‍ തന്നിരുന്ന ഒരു സര്‍വീസ് ആയിരുന്നു. അവിടെ ഒരു വര്‍ഗ്ഗീസ് സാബ് ഇന്‍സ്പെക്ടറായി ഉണ്ടായിരുന്നു. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ പോകാന്‍ എന്നെ വിളിച്ചെഴുന്നേല്പിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആള്‍ വിളിച്ചില്ല, ഭാഗ്യത്തിന് ഞാന്‍ തന്നെ ഉണര്‍ന്നു. താഴെ ചെന്നപ്പോള്‍ വര്‍ഗീസ് സാബ് ഇരുന്നുറങ്ങുകയാണ്.

'ഓ, ഞാന്‍ അങ്ങ് ഉറങ്ങിപ്പോയി'
'കണ്ടപ്പോള്‍ തോന്നി' എന്ന് ഞാനും.

വര്‍ഗ്ഗീസ് സാബ് മാത്രമല്ല അവിടെ പതിനഞ്ചു പേരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അന്നവിടെ സെക്യൂരിറ്റി ജോലി കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ്. നിസ്സാര ശന്പളമേ ഉള്ളൂ. എന്തിനാണ് ഇത്രമാത്രം മലയാളികള്‍ അവിടെ വന്നു സെക്യൂരിറ്റി ജോലി ചെയ്യുന്നതെന്ന് ഞാന്‍ അന്പരന്നു. ഉറങ്ങാതിരുന്ന ഒരു രാത്രിയില്‍ വര്‍ഗീസ് സാബ് അതിന് ഉത്തരവും തന്നു.
'സാറേ, ഞങ്ങളാരും സെക്യൂരിറ്റി ബാക്ക് ഗ്രൗണ്ട് ഉള്ളവര്‍ അല്ല. ഇവിടെ സെക്യൂരിറ്റി ജോലി കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. അയാള്‍ക്ക് ദുബായിലേക്ക് ആളുകളെ കടത്തി വിടുകയാണ് ജോലി. നാട്ടില്‍ നിന്നും പണം മേടിച്ച് ആളുകളെ ബോംബെയില്‍ എത്തിക്കും, അവിടെ കുറച്ചു നാള്‍ താമസിക്കുന്‌പോള്‍ എന്തെങ്കിലും ജോലി ശരിയാകും. ഇതിനിടയില്‍ ഹോസ്റ്റലില്‍ അവരെ വെറുതെ ഇരുത്തിയാല്‍ ഓരോ ദിവസവും അവര്‍ വന്നു ശല്യം ചെയ്യും. പകരം അവര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കണമല്ലോ. സെക്യൂരിറ്റി പണി ആകുന്‌പോള്‍ ഒന്നും അറിയാനില്ല (ഇരുന്ന് ഉറങ്ങാന്‍ നന്നായി അറിയണം എന്ന് എന്റെ ആത്മഗതം).

''ഞാന്‍ നാട്ടില്‍ ബാങ്കിലെ ഓഫീസറായതുകൊണ്ടാണ് എന്നെ ഇവിടെ ഇന്‍സ്പെക്ടര്‍ ആക്കിയിരിക്കുന്നത്.'' (അല്ലെങ്കിലും ബി കോം ഫസ്റ്റ് ക്ലാസില്‍ പാസ്സാകാത്തവരെ കോണ്‍സ്റ്റബിള്‍ ആക്കുന്നതാണല്ലോ ആചാരം).

പതുക്കെപ്പതുക്കെ ഞാന്‍ മലയാളി സെക്യൂരിറ്റി ചേട്ടന്മാരെ ഒന്നൊന്നായി പരിചയപ്പെട്ടു. ബാങ്ക് ഓഫിസര്‍ മാത്രമല്ല, വില്ലേജ് ഓഫീസര്‍, പ്ലംബര്‍, ഫര്‍മസിസ്റ്റ് എന്നിങ്ങനെ പലരുമുണ്ട്. സ്വിമ്മിങ്ങ് പൂളില്‍ ഗാര്‍ഡ് ആയിരിക്കുന്നത് കലാമണ്ഡലത്തില്‍ നിന്നും കഥകളി പാസ്സായ ഒരു മലയാളിയാണെന്ന് പറഞ്ഞു തന്നത് സെക്യൂരിറ്റിക്കാരന്‍ ചേട്ടനാണ്. അതും നമ്മുടെ മാന്‍ പവര്‍ എക്‌സ്‌പോര്‍ട്ട് കന്പനി സംഘടിപ്പിച്ചു കൊടുത്ത ഒരു പരിപാടിയാണ്. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ മിക്കവാറും കോണ്‍സ്റ്റബിള്‍മാരും ഇന്‍സ്‌പെക്ടര്‍മാരും നാട് കടന്നു, പുതിയ ആളുകള്‍ വന്നു, ഇരുന്നു, ഉറങ്ങി.

ബോംബേയില്‍ മാത്രമല്ല കേരളത്തിലും യാതൊരു തൊഴില്‍ പരിചയവുമില്ലാതെ ആര്‍ക്കും എപ്പോഴും ചെയ്യാവുന്ന തൊഴിലാണ് സെക്യൂരിറ്റിയുടേത്. ഇവരെ ജോലിക്ക് വെക്കുന്നതിന് മുന്‍പ് ഒരുവിധ ബാക്ക്ഗ്രൗണ്ട് ചെക്കും ഇല്ല.

ലൂര്‍ദ് ആശുപത്രിയില്‍ സെക്യൂരിറ്റി ആയി വന്ന ആള്‍ ആദ്യദിവസം തന്നെ നേഴ്സുമാരുടെ ലോക്കര്‍ കുത്തിപ്പൊളിച്ച് മാലയുമായി ഓട്ടോയില്‍ കയറിപ്പോയി എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ വര്‍ഗീസ് സാബിനെയാണ് ഓര്‍ത്തത്. ഉറക്കമല്ലാതെ ഒരു ദുഃശീലവും സാബിനില്ലായിരുന്നു. എന്നാല്‍ ഏതൊക്കെ തരക്കാരാണ് നമ്മുടെ ചുറ്റും സെക്യൂരിറ്റി ഗാര്‍ഡുകളായി ഉള്ളതെന്ന് നമുക്കെങ്ങനെ അറിയാം? നമ്മുടെ ഫ്‌ലാറ്റുകളില്‍ വരുന്നവരുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? മുറ്റത്ത് കളിക്കുന്ന കുട്ടികളെയും സ്വിമ്മിങ്ങ് പൂളിലെ കുട്ടികളെയും 'ഒന്ന് നോക്കിയേക്കണേ ചേട്ടാ' എന്ന് പറഞ്ഞ് നമ്മള്‍ അവരെ ഏല്‍പ്പിക്കുന്നു. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വരുന്നത് പലപ്പോഴും അച്ഛനും അമ്മയും ഇല്ലാത്തപ്പോളാണെന്ന് സെക്യൂരിറ്റിക്കാര്‍ക്ക് അറിയാം. ഏതൊക്കെ ഫ്‌ലാറ്റില്‍ സ്ത്രീകളും പ്രായമുള്ളവരും ഉണ്ടെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം. ഈ ജോലിക്കാണ് ഏത് കുറ്റവാളിക്കും എത്താന്‍ പറ്റുന്നത്. കുട്ടികളെ പീഡിപ്പിച്ചതിന് ജയിലില്‍ ആയവര്‍ക്ക് പോലും സ്‌കൂളിലെ സെക്യൂരിറ്റി ആകാം. സ്ത്രീകളെ പീഡിപ്പിച്ചതിന് ജാമ്യത്തില്‍ ഇറങ്ങിയവര്‍ക്ക് വേണമെങ്കില്‍ ലേഡീസ് ഹോസ്റ്റലിലെ സെക്യൂരിറ്റി ആകാം.
ഭാഗ്യത്തിന് ഈ കുട്ടിക്ക് വളയാണ് നഷ്ടപ്പെട്ടത്. ഇത്തരം ആളുകള്‍ എന്തക്രമവും ചെയ്യുമല്ലോ.

കേരളത്തിലെ സെക്യൂരിറ്റി ജോലി ചെയ്യുന്നവരോട് വലിയ ബഹുമാനമുള്ള ആളാണ് ഞാന്‍. അവരെ ആരും വേണ്ട തരത്തില്‍ പരിശീലിപ്പിക്കുന്നില്ല, ഔദ്യോഗിക സംവിധാനവുമായി ബന്ധിപ്പിക്കുന്നില്ല, സുരക്ഷാ മുന്നറിയിപ്പ് ശൃംഖലയായി ഉപയോഗിക്കുന്നില്ല, ആരെയാണോ അവര്‍ സംരക്ഷിക്കുന്നത് അവര്‍ ഇവരെ ബഹുമാനിക്കുന്നില്ല എന്നൊക്കെ ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അവരുടെ സുരക്ഷക്ക് ഇപ്പോള്‍ ഒരു സംവിധാനമോ നിയമപരമായി അവര്‍ക്ക് പരിരക്ഷയോ ഇല്ല. ജോലിക്കിടയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ഹെല്‍ത്ത് ഇന്‍ഷുറസന്‍സോ ലൈഫ് ഇന്‍ഷുറന്‍സോ ഇല്ല. ഇവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്ന് ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ല. പക്ഷെ സുരക്ഷാ ജോലിക്ക് എത്തുന്നവരുടെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കണം. അങ്ങനെ അല്ലാത്തവരെ താല്‍ക്കാലികമായി പോലും നിയമിക്കുന്ന കന്പനിയെ ഉടന്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. കൂടുതല്‍ വലിയ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ നോക്കിയിരിക്കേണ്ട കാര്യമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക