Image

ബജറ്റിന് മുമ്പ് ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി!

Published on 22 June, 2019
ബജറ്റിന് മുമ്പ് ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി!


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ധനകാര്യ മന്ത്രാലയത്തില്‍ ഈ ചടങ്ങ് നടക്കാറുള്ളത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ഏകദേശം നൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് ശനിയാഴ്ച ഹല്‍വ പാചകം ചെയ്ത് വിതരണം ചെയ്തത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഉദ്യോഗസ്ഥര്‍ക്ക് ഹല്‍വ വിതരണം ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.  കേന്ദ്രബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യ മന്ത്രാലയത്തില്‍ എല്ലാ ബജറ്റിന് മുമ്പും ഹല്‍വ സെറിമണി സംഘടിപ്പിക്കുന്നത്. ഹല്‍വ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവന്‍സമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഏതാനും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒഴികെ ആര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടില്‍പോകാനോ ബന്ധുക്കളുമായി ഫോണില്‍പോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണം വരെ മന്ത്രാലയത്തില്‍ ഈ നിയന്ത്രണം തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക