Image

ലോകം അടക്കി ഭരിക്കാനുളള അവകാശം (ജോയ് ഇട്ടന്‍)

Published on 21 June, 2019
ലോകം  അടക്കി ഭരിക്കാനുളള  അവകാശം (ജോയ് ഇട്ടന്‍)
ലോകത്ത്  ആദ്യമായി മനുഷ്യന്‍  ഉണ്ടാകുന്നത് ജര്‍മനിയിലാണ്  അതിനാല്‍ ലോകം  അടക്കി ഭരിക്കാനുളള  അവകാശം ജര്‍മന്‍ക്കാര്‍ക്കാണ് എന്നായിരുന്നു ഹിറ്റ്‌ലര്‍ പറഞ്ഞിരുന്നത് ചിലരെങ്കിലും അത് ശരിയാണെന്ന് വിശ്വസിച്ചു. ആ വിശ്വാസമുണ്ടാക്കിയ വിപരീതബോധം ചരിത്രത്തിലെ രക്തപങ്കിലമായ അദ്ധ്യായമാണ് സൃഷ്ടിച്ചതെന്നു നമുക്കെല്ലാം അറിയാം . നമ്മുടെ ഭാരതത്തില്‍ അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണു ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ മൂലം തോന്നുന്നത് .ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍  ഇപ്പോഴത്തെ കോണ്‍ഗ്രസ്സിന്റെ കിതപ്പില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍ ഇതു മനസ്സിലാക്കി പ്രവൃത്തിക്കുമെന്നു ഞാന്‍ വിശ്വസിക്കുകയാണ് .ഒരു രാഹുല്‍ഗാന്ധിയെ അഖിലേഷോ മായാവതിയോ മമതാ ബാനര്‍ജിയോ ഇന്ത്യയെ രക്ഷിച്ചുകൊളളണമെന്നില്ല. പൗര സഞ്ചയം, ഇന്നലെകളിലെ സ്വാതന്ത്ര്യപോരാട്ട വീര്യം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ഇന്ത്യക്കാരെ പലതട്ടാക്കി തിരിക്കുന്നതില്‍ നിന്ന് മോചനമാകൂ. ദേശീയ അവബോധത്തിലൂടെ സങ്കുചിത ചിന്താഗതികളെ അതിജീവിക്കണം . അതിനായി ഒന്നിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു .

കോണ്‍ഗ്രസ്എപ്പോഴാണ് യോഗം  സംഘടിപ്പിക്കുന്നത്  എന്ന് നമുക്കറിയാം. ഇനി യോഗം ചേര്‍ന്നാലോ കുറ്റംപറയാനും മേനിപറയാനും മാത്രം പഴയ പെരുമയൊന്നും ഏല്കില്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ  മനസ്സിലാകുകയും ചെയ്തു .കേരളത്തിലെ ചിലരുടെ നിലപാട് ഖദറും വേണം കാവിയും വേണം എന്നാണ്. ഈ നിലപാട് സമൂഹത്തിലേക്ക് വന്‍തോതില്‍ സംക്രമിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാനിമോള്‍ ആലപ്പുഴയില്‍ തോറ്റത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരിഫ് ആയിരുന്നു. രണ്ടു പേരും മുസ്‌ലിംകള്‍ ആയതിനാല്‍ വോട്ട് ഹിന്ദുവിന് ഇരിക്കട്ടെ എന്നു കരുതിയവര്‍ ഒന്നോ രണ്ടോ അല്ല ഒരു ലക്ഷത്തി എണ്‍പതിനായിരം പേരാണ്. എന്‍.ഡി.എയ്ക്ക് കിട്ടിയ വോട്ടാണ് അത്രയും. അത്തരമൊരു മുന്നണിയോ ആളോ ആലപ്പുഴയിലില്ല. കഴിഞ്ഞ ലോക്‌സഭയില്‍ മുന്‍ എം.എല്‍.എ കൂടിയായ എ.വി താമരാക്ഷന് നാല്പത്തി അയ്യായിരം വോട്ടുമാത്രം ലഭിച്ചിടത്താണ് ഇക്കുറി വന്‍തോതില്‍ വോട്ടു നേടിയത്. സ്ഥാനാര്‍ത്ഥിയായി വന്നതോ, കോണ്‍ഗ്രസിന്റെ താങ്ങിലും തണലിലും പി.എസ്.സി ചെയര്‍മാന്‍ വരെയായ കെ.എസ് രാധാകൃഷ്ണനും ഇന്നലെവരെ കോണ്‍ഗ്രസിന്റെ ശക്തിയും സ്വാധീനവും തെരുവുകളില്‍ വിളമ്പിയിരുന്ന രാധാകൃഷ്ണനാണ് ഇന്ന് ഹിന്ദുരാഷ്ട്ര വക്താവായി കളമൊരുക്കാനിറങ്ങിയത്. എന്നിട്ടും അയാള്‍ ബ്രൂട്ടസിനെ പോലെ ചതിയനായി. ജനവിശ്വാസത്തിന് ഇടിവുതട്ടുന്ന കാര്യങ്ങളില്‍ കോണ്‍ഗ്രസ് പോരാ എന്നു പറഞ്ഞു വരികയാണ്. ഇപ്പോള്‍ കേരളത്തില്‍ വോട്ടുനില എല്ലാം ഭദ്രമാണെന്ന് വിചാരിക്കാന്‍ ഇടവരരുത്. കേരളത്തിലെ ഇടതുപക്ഷ മുന്നണിയോടുളള കടുത്ത വിദ്വേഷവും കേന്ദ്ര സര്‍ക്കാരിനോടുളള വിരോധവും ഇവ്വിധത്തില്‍ വോട്ടുനില വര്‍ദ്ധിപ്പിച്ചു എന്നു മാത്രം ധരിച്ചാല്‍ മതി. അടുത്ത വര്‍ഷം വരുന്ന തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ഈ സമവാക്യങ്ങള്‍ ശരിയായി കൊളളണമെന്നില്ല.

രാജ്യത്തിന്റെ  ചരിത്രത്തില്‍  ഇത്രയേറെ  പ്രാധാന്യം  നിറഞ്ഞ ഒരു വോട്ടെടുപ്പ്  മുമ്പുണ്ടായിട്ടില്ല. സ്വതന്ത്ര ഭാരതം കണ്ടിട്ടില്ലാത്തത്ര  അധമ പരിഷ്ക്കാരങ്ങളാണ് മോദിഅമിത്ഷ കൂട്ടുകെട്ട് കാഴ്ചവെച്ചത്. നോട്ടു നിരോധനം, ജി.എസ്.ടി, കര്‍ഷക ആത്മഹത്യ, ന്യൂനപക്ഷദലിത് പീഢനം, പശുകൊലപാതകങ്ങള്‍, പൗരത്വ വേര്‍തിരിവ്, പെട്രോള്‍ വിലവര്‍ദ്ധന തുടങ്ങിയവ കൊണ്ട് ഇരുളിലാഴ്ന്ന ഇന്ത്യ 2019 മെയ് 23 ഓടെ മോചിതയാകുമെന്ന് പ്രത്യാശിച്ചു. പ്രതീക്ഷ തകര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാനെങ്കിലും തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ നിന്നവര്‍ തയ്യാറാകണം. രാഷ്ട്രീയ പാഠങ്ങളെ തമസ്ക്കരിച്ച് മതേതരസമാധാനക്ഷേമ ഇന്ത്യയെ പടുത്തുയര്‍ത്തുക എളുപ്പമല്ല. ദേശീയ ജനാധിപത്യ മുന്നണി (എന്‍.ഡി.എ)യെ നേരിടാനുളള ഒരു  സംവിധാനവും യു.പി.എക്കോ, ഇതര സഖ്യത്തിനോ നാളിതുവരെ ആയില്ല എന്ന സത്യത്തെ ഇനിയും മൂടിവെക്കാനാവില്ല. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് അധികാര മോഹത്താല്‍ 'എന്നാല്‍ അങ്ങനെയുമാകാം' എന്നു പറഞ്ഞ് തട്ടിക്കൂട്ടിയ പ്രതിപക്ഷ സഖ്യമാണ് തകര്‍ന്നത്. മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ  കഥയാണ് ഓര്‍മയിലെത്തുന്നത്. കാറ്റും മഴയും ഒന്നിച്ചു വരുമെന്ന് അവര്‍ ഓര്‍ത്തതേയില്ല. സംഘ്പരിവാര്‍ ഒരുക്കിയ പേമാരിയിലും കൊടുങ്കാറ്റിലും തകര്‍ന്ന സംവിധാനങ്ങള്‍ പുനരാലോചന നടത്തുന്നത് നല്ലതായിരിക്കും.  നേതാക്കള്‍ക്കും അവരുടെ പ്രതിച്ഛായക്കും കുറവുണ്ടായില്ല. ദുരിതം അനുഭവിക്കുന്ന കര്‍ഷകരും തൊഴിലാളികളും അടക്കമുളള ജനലക്ഷങ്ങള്‍ ഒപ്പമുണ്ടായിരുന്നു. പണവും സ്വാധീനവും ഉണ്ടായിരുന്നു.  ന്യൂനപക്ഷങ്ങളും ദലിതുകളും കൈമെയ് മറന്നു പിന്തുണച്ചു. ഭരണപക്ഷത്തിനെതിരെ വിരല്‍ചൂണ്ടാന്‍ ആയിരം കാരണങ്ങളുണ്ടായിരുന്നു. എന്നിട്ടുമെന്തെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നത്. യു.പി.എ  നേതാക്കളെയും ബി.ജെ.പി വിരുദ്ധരെയും തങ്ങളുടെ നേതാക്കളായി മനസ്സില്‍ പ്രതിഷ്ഠിക്കത്തക്ക പ്രാധാന്യമൊന്നും ചില സംസ്ഥാനത്തെയെങ്കിലും ജനങ്ങള്‍ കണ്ടില്ല.  ഉടയാട ഉടയാതെ കാറില്‍ നിന്ന്  കാര്‍പ്പെറ്റിലേക്ക് മാത്രം സഞ്ചരിച്ച്, ചാനലുകളൊരുക്കിയ ശീതീകരണ മുറിയിലിരുന്ന് ചാരുകസേര രാഷ്ട്രീയം കയ്യാളിയാല്‍ ജനങ്ങള്‍ സ്വീകരിക്കില്ല എന്നതിന്  തെളിവുകൂടിയായി ഈ തെരഞ്ഞെടുപ്പ്. അധികാരത്തിലെത്തിയ  മഹാവിജയത്തെകുറിച്ച് ചിലരെങ്കിലും സംശയിക്കുന്നു. പ്രധാന മന്ത്രിയാകാന്‍ കച്ചകെട്ടിയിരുന്ന മമതാ ദീദി പറയുന്നത് വിജയത്തില്‍ വിദേശ  ഇടപെടല്‍ ഉണ്ടെന്നാണ്. തെളിച്ചുപറഞ്ഞാല്‍ ഇസ്രായേല്‍  ചാരസംഘടനയായ മൊസാദിന്റെ കറുത്ത കരങ്ങള്‍  സമ്മാനിച്ച  വിജയമാണ് ഇതെന്ന്. ന്യായവും നീതിയും ലംഘിച്ച് പാശ്ചാത്യ സാമ്രാജ്യത്വം അറബി നടുവില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത്  എങ്ങനെയെന്ന് നമുക്കറിയാം. അവരുടെ ഇസ്ലാം വിരോധവും പ്രഖ്യാപിതമാണ്. അവരുടെ സേവനങ്ങളെ  മോദി രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതിനു  പിന്നില്‍ മുസ്‌ലിം വിരോധമാണെന്ന് മനസിലാക്കാന്‍ അധികദൂരമൊന്നും പോകേണ്ട. അവര്‍ക്കാകുന്ന  ഈ കുല്‍സിത പരിപാടി എതിര്‍പക്ഷത്തിനാവില്ല എന്നതാണ് സത്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക