Image

വ്യോമസേന വിമാനം തകര്‍ന്ന്‌ വീണ്‌ മരിച്ച മലയാളി സൈനികര്‍ക്ക്‌ നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published on 21 June, 2019
വ്യോമസേന വിമാനം തകര്‍ന്ന്‌ വീണ്‌ മരിച്ച മലയാളി സൈനികര്‍ക്ക്‌ നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്ന്‌ വീണ്‌ മരിച്ച മലയാളി സൈനികര്‍ക്ക്‌ നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി . ജനപ്രതിനിധികളും, സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖരുമടക്കം വന്‍ ജനപ്രവാഹമാണ്‌ സൈനികര്‍ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി എത്തിയത്‌.

സ്‌ക്വാഡ്രണ്‍ ലീഡര്‍ എച്ച്‌ വിനോദ്‌, സര്‍ജന്റ്‌ അനൂപ്‌കുമാര്‍, കോര്‍പ്പറല്‍ എന്‍ കെ ഷരിന്‍ എന്നീ സൈനികരുടെ മൃതദേഹങ്ങളാണ്‌ ഇന്ന്‌ രാവിലെ ബന്ധുക്കള്‍ക്ക്‌ കൈമാറിയത്‌. ജൂണ്‍ മൂന്നിന്‌ അസമിലെ ജോര്‍ഹട്ടില്‍ നിന്ന്‌ അരുണാചല്‍ പ്രദേശിലെ മേചുകയിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനം തകര്‍ന്ന്‌ അപകടത്തില്‍പ്പെടുകയായിരുന്നു .

പതിമൂന്ന്‌ ദിവസം നീണ്ട തിരച്ചിലിനു ശേഷമാണു വിമാനത്തിലുണ്ടായിരുന്ന പതിമൂന്ന്‌ സൈനികരുടേയും മരണം അധികൃതര്‍ സ്ഥിരീകരിച്ചത്‌.
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍ കെ ഷരിന്‍റെ മൃതദേഹം രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കളക്ടര്‍ മിര്‍ മുഹമ്മദ്‌ അലി എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. 

ഷരിന്‍ പഠിച്ച കുഴിമ്‌ബലോട്ടെ വിദ്യാവിനോദിനി സ്‌കൂളിന്‌ സമീപത്തെ മൈതാനത്ത്‌ അരമണിക്കൂര്‍ പൊതുദര്‍ശനം വെച്ചു. സംസ്ഥാന പൊലീസും വ്യോമസേനയും അന്തിമോപചാരം അര്‍പ്പിച്ചു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തി .

അഞ്ചല്‍ സ്വദേശി സര്‍ജന്റ്‌ അനൂപ്‌ കുമാറിന്‍റെ മൃതദേഹം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിലാണ്‌ ഏറ്റുവാങ്ങിയത്‌ . അനൂപ്‌ പഠിച്ച ഏരൂര്‍ ഹൈസ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ചതിനുശേഷം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശ്ശൂര്‍ സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദിന്റെ മൃതദേഹം കോയമ്‌ബത്തൂരിലെ സുളൂര്‍ എയര്‍ഫോഴ്‌സ്‌ ആസ്ഥാനത്ത്‌ എത്തിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക