Image

ആലപ്പുഴയില്‍ മധുര നൊമ്പരക്കാറ്റ്, കുഞ്ഞമ്മക്ക് മനം നിറഞ്ഞു (കുര്യന്‍ പാമ്പാടി)

Published on 20 June, 2019
ആലപ്പുഴയില്‍ മധുര നൊമ്പരക്കാറ്റ്, കുഞ്ഞമ്മക്ക് മനം നിറഞ്ഞു (കുര്യന്‍ പാമ്പാടി)
വെള്ളിയാഴ്ച നൂറ്റൊന്നാം പിറന്നാളായ ആലപ്പുഴക്കാരുടെ കുഞ്ഞമ്മക്ക് മധുരം തിന്നു മതിയായി. ഒപ്പം സ്‌നേഹവചനങ്ങളുടെ ചെകടിപ്പും. ഗൗരിഅമ്മയയുടെ പ്രണയജീവിതത്തെക്കുറിച്ച് ബുധനാഴ്ച രാവിലെ ഇറങ്ങിയ ഒരുപ്രമുഖ പത്രത്തിലെ ലേഖനം വായിച്ച് അവര്‍ കലി പൂണ്ടു. ഇനി ഒറ്റ പത്രക്കാരനെ ഇവിടെ കയറ്റരുത്ത്, ആംഡ് പൊലീസിലെ ജോണിനോട് അവര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു.

ഒരുവര്‍ഷമായി കുഞ്ഞമ്മക്ക് കൂട്ടിരിക്കുന്ന ജോണിന് അവരുടെ മൂഡും മൂഡ് ഔട്ടും നന്നായി അറിയാം. ബുധനാഴ്ച പത്തുമണിയോടെ എത്തിയ വി.എം സുധീരന്റെ പിറകെ ഓടിക്കൂടിയ പാപ്പരാസികളോട് ജോണ്‍ പറഞ്ഞു. കൂടെ കയറിക്കൊള്ളൂ. പക്ഷെ തിരക്ക് കൂട്ടി അവരെ ശല്യം ചെയ്യരുത്.

മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായിരുന്ന സുധീരന്‍ ലഡുവോ ജിലേബിയോ ചോക്കലേറ്റോ ഒന്നും കൊണ്ടുവന്നിരുന്നില്ല. പകരം ഗൗരിഅമ്മക്കു കൈകൊടുത്ത്, പൊന്നാട അണിനയിച്ചു. . ആതിഥേയ അവര്‍ക്കു ബിസ്‌കറ്റും ജീരക വെള്ളവും നല്‍കി സല്‍ക്കരിച്ചു. പുറത്തിറങ്ങിയ ശേഷമാണ് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് ഉള്ളു തുറന്നതു.

മുന്‍ മന്ത്രി എംഎ ബേബിയും ഭാര്യ ബെറ്റിയും മകന്‍ അശോകും ഭാര്യ സനിതയും അവരുടെ മകന്‍ തനയനും ഒരാഴ്ച മുമ്പേ എത്തി ആശംസകള്‍ അര്‍പ്പിച്ചു. വ്യാഴാഴ്ച താന്‍ നാട്ടില്‍ ഉണ്ടാവില്ല. കര്‍ണാടകത്തില്‍ ആയിരിക്കും.

ഡല്‍ഹിയില്‍ എംപി ക്വര്‍ട്ടേഴ്സില്‍ ആയിരിക്കുമ്പോള്‍ കുഞ്ഞമ്മ എത്തി കുഞ്ഞായിരുന്ന അശോകിനെ എടുത്ത് ആശ്ലേഷിച്ച കാര്യം ബെറ്റി ഓര്‍ത്തെടുത്തു. അശോകിന്റെ മകനാണ് തനയന്‍. അവന്‍ കൂടെ കൊണ്ടുവന്നിരുന്ന ചോക്ലേറ്റു പെട്ടി ഗൗരി അമ്മക്ക് സമ്മാനിച്ചു.അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് അവനു സ്മാനിച്ചുകൊണ്ടു കുഞ്ഞമ്മ പറഞ്ഞു: ''പ്രായം ഒത്തിരി ആയില്ലേ പഴയതു പോലെ പറ്റില്ല,'

നൂറ്റാറു വയസുള്ള പാപ്പുകുട്ടി ഭാഗവതര്‍ ഇന്നും നല്ല സ്ഫുടതയോടെ പാട്ടുകള്‍ പാടുന്നുണ്ടല്ലോ എന്നാണ് ബേബി മറുപടി നല്‍കിയത്. മലയാളത്തിലെ വിപ്ലവ നായിക എന്നും തങ്ങള്‍ക്കു പ്രചോദനവും ആവേശവും ആയിരുന്നെന്നു അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
.
ഈഴവസമൂഹത്തിലെ ആദ്യത്തെ കോളജ്കുമാരി എന്ന നിലയില്‍ മഹാരാജാസില്‍ സാരിയുടുത്ത് പഠിക്കുമ്പോള്‍ ചങ്ങമ്പുഴയും പഠിത്തം കഴിഞ്ഞു പട്ടണക്കാട്ടിലെ കളത്തിപ്പറമ്പില്‍ രാഷ്ട്രട്രീയവുമായി നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഏകെജിയും തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ഗൗരി അമ്മ അഭിമുഖക്കാരന്നോടു പറഞ്ഞു. ലോ കോളജില്‍ പഠിക്കുമ്പോല്‍ ഒരു സഹപാഠിപേരു വയ്ക്കാതെ പ്രേമലേഖനവും അയച്ചു.

അതെല്ലാം പഴയകഥ. എകെജി ചേര്‍ത്തലയിലെ പ്രമുഖ ഈഴവകുടുംബത്തില്‍ പെട്ട കരുണാകര
തണ്ടാരുടെ മകള്‍ സുശീലയെ വിവാഹം ചെയ്തപ്പോള്‍ താന്‍ മറ്റൊരു രാഷ്ട്രീയക്കാരനെ വരിച്ചു--ടിവി തോമസ്. സുശീലയും ഗൗരിയും കേരളത്തില്‍ മന്ത്രിമാരായി തിളങ്ങി. ഇരുവരും മുഖ്യമത്രി ആകേണ്ട തായിരുന്നു. സവര്‍ണനായ ഇഎംഎസ് സമ്മതിച്ചില്ല. ഉറങ്ങിക്കിടന്ന നായനാരെയാണ് ഗൗരിക്കു പകരം ആ കസേരയില്‍ ഇരുത്തിയത്.

ടിവി തോമസുമൊത്തുള്ള ദാമ്പത്യം മധുരവും ഉദാരവുമായിരുന്നു. ടിവി ആദ്യമായി എനിക്കൊരു കാശ്മീര്‍ പട്ടുസാരി വാങ്ങി തന്നു. മുല്ലക്കല്‍ സീറോ ജംക്ഷനില്‍ കാറു പാര്‍ക് ചെയ്ത ശേഷം തുണിക്കടയില്‍ കയറും. എത്ര സാരി എടുത്താലും അദ്ദേഹം മറുത്തു പറയില്ലായിരുന്നു. ചായകുടിച്ചു കൈകോര്‍ത്തു പിടിച്ച് കാര്‍ കിടന്നിടത്തേക്കു മടങ്ങും.

ആലപ്പുഴ നഗരത്തിനു നടുവിലുള്ള ചാത്തനാട്ടെ ഈ വീടും ഇരുപതു സെന്റ് സ്ഥലവും തന്റെ പേരില്‍ എഴുത്തി തരണമെന്ന് ഒരിക്കല്‍ ടി വി പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. എന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയതാണ്. ഞാന്‍ ആര്‍ക്കും കൊടുക്കില്ല എന്ന് പറഞ്ഞു. ടിവി പിന്നെ നിര്‍ബന്ധിച്ചില്ല.

പട്ടണകാട്ടു തറവാട് വീടും എട്ടേക്കര്‍ തെങ്ങിന്‍ പുരയിടവും ഗൗരി അമ്മക്കുണ്ട്. പക്ഷെ തേങ്ങാ ഇടുന്നവന് ഇന്നും ഏഴു രൂപ വച്ചേ കൊടുക്കൂ. തെങ്ങൊന്നിന് അമ്പത് രൂപയാണ് നാട്ടുനടപ്പ്. ആലപ്പുഴ വീട്ടില്‍ വന്നു പോകുന്ന ഒരു വേലക്കാരിക്ക് നൂറു രൂപയാണ് ശമ്പളം. അതെല്ലാം നികത്തികൊടുക്കുന്നതു അനുജത്തിയുടെ മകളായ ബീന കുമാരിയാണ്. കെ.ആര്‍ ഗോമതിയുടെ മകള്‍. കൊല്ലം എസ്സെന്‍ കോളേജില്‍ പ്രൊഫസര്‍ ആയിരുന്നു. പിഎസസി മെമ്പറും.

കുഞ്ഞമ്മക്ക് പണത്തിനു പഞ്ഞമില്ല. എംഎല്‍എ പെന്‍ഷനുനുണ്ട്. വിധവാ പെന്‍ഷനും. വരുന്നവരൊക്കെ കാണിക്കയും അര്‍പ്പിക്കും. എന്നാലും പിശുക്കിയെ കഴിയൂ. ഓരോ പൈസക്കും കണക്കുണ്ട്. പാസ് ബുക്ക് വാങ്ങി എല്ലാം സൂക്ഷിച്ചു വായിക്കുമെന്ന് സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന അനില്‍ കുമാര്‍. പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ രൂപീകരിച്ച ജെഎസ്എസിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് അനുജത്തിയുടെ മകള്‍ ബീനകുമാരി. പ്രസിഡന്റ്‌റ് ആകട്ടെ ബീനയുടെ അച്ഛന്‍ പി എന്‍ ചന്ദ്രസേനന്റെ ജ്യേഷ്ട്ന്‍ നാരായണന്റെ മകനും അഭിഭാഷകനുമായ രാജന്‍ ബാബു. പത്തുവര്‍ഷം ആറന്മുള എംഎല്‍എ ആയിരുന്നു ചന്ദ്രസേനന്‍

നൂറാം പിറന്നാളിന് എന്റെ വകയായി എല്ലാവര്ക്കും സദ്യ തന്നതല്ലേ? ഇനി വല്ലവരും സദ്യനടത്തുന്നെങ്കില്‍ അത് അവരുടെ കാര്യം--ഗൌരി അമ്മ ദേഷ്യത്തോടെ പറയുന്നു. വ്യാഴാഴ്ച്ച മുഖ്യമന്ത്രി വരുന്ന ചടങ്ങാണ്. അതിനു കുഞ്ഞമ്മ വരുമോ എന്ന് ആശങ്ക പടര്‍ന്നിട്ടുണ്ട്. പക്ഷേ വരതിരിക്കില്ലെന്നു രാജന്‍ ബാബുവും കൂട്ടരും പ്രത്യാശിക്കുന്നു. വരും.

(ചിത്രം 2. ജോണ്‍ കെ.എല്‍)
ആലപ്പുഴയില്‍ മധുര നൊമ്പരക്കാറ്റ്, കുഞ്ഞമ്മക്ക് മനം നിറഞ്ഞു (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ മധുര നൊമ്പരക്കാറ്റ്, കുഞ്ഞമ്മക്ക് മനം നിറഞ്ഞു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക