Image

കെ.എസ്‌.ഇ.ബി മരച്ചില്ലകള്‍ മുറിച്ചു; മുടിമുറിച്ച്‌ പ്രതിഷേധിച്ച്‌ ശാന്തിവനം ഉടമ

Published on 19 June, 2019
കെ.എസ്‌.ഇ.ബി  മരച്ചില്ലകള്‍ മുറിച്ചു; മുടിമുറിച്ച്‌ പ്രതിഷേധിച്ച്‌ ശാന്തിവനം ഉടമ

കൊച്ചി: എറണാകുളം പറവൂര്‍ ശാന്തിവനത്തില്‍ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലമുടമയായ മീനയുടെ പ്രതിഷേധം. മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കുമെതിരെ തന്റെ മുടി മുറിച്ചായിരുന്നു മീനയുടെ പ്രതിഷേധം.

 ശാന്തിവനം സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നു പോലീസ്‌ സംരക്ഷണത്തിലാണ്‌ കെഎസ്‌ഇബി ശിഖരങ്ങള്‍ മുറിച്ചുനീക്കിയത്‌.

പരിസ്ഥിതി സംരക്ഷണത്തില്‍ നാടകം കളിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുറിച്ചെടുത്ത മുടി മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രിക്കും സമര്‍പ്പിക്കുകയാണെന്നും മീന പറഞ്ഞു.

കെ.എസ്‌.ഇ.ബി.യുടെ വൈദ്യുതി ടവറുകള്‍ സ്ഥാപിച്ച ശാന്തിവനത്തിലെ എട്ട്‌ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുമെന്ന്‌ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ കുറേ മരങ്ങള്‍ നേരത്തെ മുറിച്ചു മാറ്റിയതാണെന്നും ഇനിയും മരംമുറിക്കുന്നത്‌ അനുവദിക്കാനാകില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. 

തുടര്‍ന്ന്‌ ശാന്തിവനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും പോലീസ്‌ കാവലില്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനിടെയാണ്‌ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്ന അതേസമയത്ത്‌ മീന തന്റെ മുടിമുറിച്ച്‌ പ്രതിഷേധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക