Image

പ്രളയം: എറണാകുളം ജില്ലയില്‍ 1200 വീടുകള്‍ പുനര്‍നിര്‍മിച്ചു

Published on 19 June, 2019
പ്രളയം: എറണാകുളം ജില്ലയില്‍ 1200 വീടുകള്‍ പുനര്‍നിര്‍മിച്ചു
കൊച്ചി : സംസ്ഥാനം കണ്ട വലിയ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിച്ച്‌ എറണാകുളം ജില്ല മുന്നേറുന്നു.

റീ ബില്‍ഡ്‌ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ താലൂക്കുകളിലായി 1,200 വീടുകളാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. സര്‍ക്കാര്‍ ധനസഹായംവഴിയും സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിപ്രകാരവും സന്നദ്ധസംഘടനകള്‍ വഴിയുമാണ്‌ വീടുകള്‍ നിര്‍മിച്ചത്‌.

ജില്ലയില്‍ 2,450 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നതായാണ്‌ കണ്ടെത്തല്‍. 2,130 വീടുകളുടെ നിര്‍മാണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇതില്‍ 1,200 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 859 വീടുകളും കെയര്‍ഹോം പദ്ധതിയില്‍ 237 ഉം സന്നദ്ധസംഘടനകള്‍ 59 വീടുകളും പൂര്‍ത്തിയാക്കി. ബാക്കി വീടുകളും ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാനുള്ള നടപടികളുമായി ജില്ലാ ഭരണകേന്ദ്രം മുന്നേറുകയാണ്‌.

പ്രളയം ഏറെ ബാധിച്ച പറവൂര്‍ താലൂക്കിലാണ്‌ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചത്‌. ഇവിടെ ഇതുവരെയായി 857 വീടുകള്‍ പൂര്‍ത്തിയാക്കി. കൊച്ചിയില്‍ 21 ഉം കണയന്നൂരില്‍ 14 ഉം ആലുവയില്‍ 107 വീടും നിര്‍മിച്ചു.

കുന്നത്തുനാട്ടില്‍ 35ഉം കോതമംഗലത്ത്‌ 30 ഉം മൂവാറ്റുപുഴയില്‍ 21 വീടും നിര്‍മിച്ചിട്ടുണ്ട്‌. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക