Image

അന്ത്യകര്‍മ്മങ്ങള്‍ മുസല്‍മാനെ ഏല്‍പിച്ചു: ടി.പദ്മനാഭന്‍

Published on 18 June, 2019
അന്ത്യകര്‍മ്മങ്ങള്‍ മുസല്‍മാനെ ഏല്‍പിച്ചു: ടി.പദ്മനാഭന്‍
ഹരിപ്പാട്: മക്കളില്ലാത്ത തനിക്ക് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍ പറഞ്ഞു. ഹരിപ്പാട്ട് സി.ബി.സി.വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയില്‍ ഒഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരനെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു. വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസ്സില്‍ യൗവനമുണ്ട്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തിലിറങ്ങി കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല. മരണംവരെ ഖദര്‍വസ്ത്രം ധരിക്കണമെന്നും മരണശേഷം ത്രിവര്‍ണപതാക പുതപ്പിക്കണമെന്നുമാണ് ആഗ്രഹം.

നമ്മുടെ നാട് ഇന്നൊരു തിരിച്ചുപോക്കിലാണ്. ജാതീയമായ ചിന്തകള്‍ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. അടുത്തയിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യചെയ്ത സംഭവം ഓര്‍ക്കണം.

രാജ്യം ഭരിക്കുന്നവര്‍തന്നെ ജാതിവിദ്വേഷം അടിച്ചേല്‍പ്പിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി അത്ര വ്യാപകമല്ലായിരുന്നു.

ഇപ്പോള്‍ കുട്ടികളുടെപോലും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നു പദ്മനാഭന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക